മലയാളി സിനിമാപ്രേമികൾ കാത്തിരിക്കുന്ന സിനിമയാണ് അർജുൻ അശോകൻ ചിത്രമായ ചത്താ പച്ച- റിങ് ഓഫ് റൗഡിസ്. മലയാളത്തിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമ 115 ലധികം രാജ്യങ്ങളിൽ റിലീസ് ചെയ്യാൻ ആണ് പ്ലാൻ. ഇപ്പോഴിതാ സിനിമയിൽ റോഷൻ മാത്യുവും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വെട്രി എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ട് അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ചിത്രത്തിൽ മമ്മൂട്ടി എത്തുന്നതായാണ് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. സിനിമയിൽ റസ്ലിങ്ങ് കോച്ച് ആയിട്ടാണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോട്ടുകൾ. സിനിമയിൽ നിർണ്ണായകമായ ഒരു ഘട്ടത്തിലാണ് ഈ കഥാപാത്രത്തിൻ്റെ കടന്നുവരവ് എന്നാണു സൂചന. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഈ റിപ്പോർട്ട് ഔദ്യോഗികമായി സ്ഥിരീകരിച്ചില്ല. അതിഥി വേഷമാണെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അഞ്ചു ദിവസത്തോളം അഭിനയിക്കേണ്ട സുപ്രധാനമായ കഥാപാത്രമാണ് മമ്മൂട്ടിയുടേത് എന്നും സൂചനയുണ്ട്. നിലവിൽ മഹേഷ് നാരായൺ സിനിമയുടെ സെറ്റിലാണ് മമ്മൂട്ടി. ഇതിന് ശേഷമായിരിക്കും മമ്മൂട്ടി ചത്താ പച്ച സിനിമയുടെ സെറ്റിൽ എത്തുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി എന്റർടെയ്നർ ആയി ഒരുക്കുന്ന ഈ ചിത്രം, ട്രാൻസ് വേൾഡ് ഗ്രൂപ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവർ കൂടി ചേർന്ന് രൂപം നൽകിയ റീൽ വേൾഡ് എന്റർടെയ്ൻമെന്റ് ആണ് നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്റെ ഷിഹാൻ ഷൌക്കത്ത് എന്നിവർക്കൊപ്പം ഈ ചിത്രത്തിന്റെ നിർമ്മാണ പ്രക്രിയയിൽ, മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ് ജോർജ്, സുനിൽ സിങ് എന്നിവരും പങ്കാളികളാകുന്നുണ്ട്.
ആഗോള തലത്തിൽ കോടികണക്കിന് ആരാധകരുള്ള റിങ് റെസ്ലിംഗ് കഥാപാത്രങ്ങളിൽ നിന്നും അതിന്റെ ആരാധകരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്ന അദ്വൈത് നായർ ആണ്. സൂപ്പർ താരം മോഹൻലാലിന്റെ അനന്തരവനായ അദ്വൈതിന്റെ കന്നി സംവിധാന സംരംഭം കൂടിയാണ് 'ചത്താ പച്ച- റിങ് ഓഫ് റൗഡിസ്'. ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് WWE സ്റ്റൈൽ റെസ്ലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ചിത്രത്തിന് വേണ്ടി താരങ്ങളായ അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്, വിശാഖ് നായർ എന്നിവർ റെസ്ലിങ് ട്രെയിനിങ് നേടിയിരുന്നു.
Content Highlights: Roshan Mathew's character poster from the movie Chatha Pacha released