'എന്റെ തിരഞ്ഞെടുപ്പുകളിൽ വിശ്വസിച്ചതിന് നന്ദി', കളങ്കാവലിന് ലഭിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങളിൽ മമ്മൂട്ടി

കളങ്കാവലിന് ലഭിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങളിൽ മമ്മൂട്ടി

മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കളങ്കാവല്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ചിത്രം ആദ്യ ഷോയ്ക്ക് ശേഷം തന്നെ മികച്ച പ്രതികരണമാണ് നേടിയത്. മമ്മൂട്ടിയുടേയും വിനായകന്റെയും പ്രകടനങ്ങൾക്ക് വലിയ കയ്യടിയാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ വില്ലൻ വേഷത്തെ ആഘോഷിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ സിനിമ റിലീസ് ചെയ്ത ശേഷം ലഭിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങൾക്ക് ആരാധകർക്ക് നന്ദി പറയുകയാണ് ആരാധകർ. തന്റെ തിരഞ്ഞെടുപ്പുകളിൽ വിശ്വസിച്ച ആരാധകർക്ക് നന്ദിയെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

'കഴിഞ്ഞ രണ്ട് ദിവസങ്ങൾ വളരെ ആവേശകരമായിരുന്നു. റിലീസ് ചെയ്തതിനു ശേഷം കളങ്കാവലിന് ലഭിക്കുന്ന സ്നേഹത്തിൽ ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി. എന്റെ തിരഞ്ഞെടുപ്പുകളിൽ നിങ്ങൾ വിശ്വസിച്ചതിന് നന്ദി,' മമ്മൂട്ടി പറഞ്ഞു. ആദ്യ ദിനം 14 കോടിയ്ക്ക് മുകളിലാണ് ചിത്രം ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും ചിത്രം 5.85 കോടി നേടിയപ്പോള്‍ ഓവര്‍സീസില്‍ നിന്നും 7.65 കോടിയാണ് സ്വന്തമാക്കിയത്. കേരളത്തില്‍ നിന്നും ചിത്രം 4.92 കോടിയാണ് നേടിയത്. 2025ല്‍ കേരളത്തില്‍ ഏറ്റവും മികച്ച ഓപ്പണിംഗ് നേടിയ ചിത്രങ്ങളിൽ അഞ്ചാം സ്ഥാനത്താണ് കളങ്കാവല്‍.

മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം അതിക്രൂരനായ ഒരു കഥാപാത്രമായാണ് എത്തിയത്. വിനായകന്‍ അവതരിപ്പിച്ച പൊലീസ് വേഷമാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഇരുവരുടെയും പ്രകടനം വലിയ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നതോടൊപ്പം സിനിമയിലെ മറ്റ് അഭിനേതാക്കളുടെ പെര്‍ഫോമന്‍സും മികച്ച അഭിപ്രായം നേടുന്നുണ്ട്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവല്‍. എട്ട് മാസത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളില്‍ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയില്‍ വലിയ ആകാംക്ഷയോടെയും ആവേശത്തോടെയുമാണ് പ്രേക്ഷകരും മലയാള സിനിമാ ലോകവും കളങ്കാവലിനെ കാത്തിരുന്നത്. ആ പ്രതീക്ഷകള്‍ വെറുതെയായില്ല എന്ന് തെളിയിക്കുകയാണ് ചിത്രത്തിന് വരുന്ന പ്രതികരണങ്ങള്‍.

Mammootty among positive responses for kalamkaval

To advertise here,contact us