അനിമൽ പോലെ ഒരു സ്ത്രീവിരുദ്ധ സിനിമ താൻ ഒരിക്കലും ചെയ്യില്ലെന്ന് നടി രസിക ദുഗൽ; പിന്നാലെ കടുത്ത വിമർശനം

'സിനിമയുടെ രാഷ്ട്രീയം എന്റെ രാഷ്ട്രീയവുമായി ചേര്‍ന്നു നില്‍ക്കണം എന്നതില്‍ എനിക്ക് നിര്‍ബന്ധമുണ്ട്'

അനിമൽ പോലെ ഒരു സ്ത്രീവിരുദ്ധ ചിത്രം താൻ ഒരിക്കലും ചെയ്യില്ലെന്ന് നടി രസിക ദുഗൽ. അനിമൽ പോലെയുള്ള സിനിമകൾ ഒരിക്കലും ആഘോഷിക്കപ്പെടരുതെന്നും അതൊന്നും തനിക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും നടി പറഞ്ഞു. അഭിനയിക്കുന്ന സിനിമകളിലെ രാഷ്ട്രീയം തന്റെ രാഷ്ട്രീയവുമായി ചേര്‍ന്നു നില്‍ക്കണം എന്നും അവർ പറഞ്ഞു. വീ ദി വുമൺ ഏഷ്യ എന്ന പരിപാടിക്കിടെയായിരുന്നു രസിക ദുഗലിന്റെ പ്രതികരണം.

'അനിമല്‍ പോലൊയൊരു സ്ത്രീവിരുദ്ധ സിനിമ ഞാൻ ഒരിക്കലും ചെയ്യില്ല. സ്ത്രീവിരുദ്ധത നിറഞ്ഞ സിനിമ എന്നതിലുപരി അതൊരു പ്രൊപ്പഗണ്ട ചിത്രം കൂടിയാണ്. അത്തരം സിനിമകള്‍ ആഘോഷിക്കപ്പെടരുത് എന്നാണ് എന്റെ അഭിപ്രായം. മിര്‍സാപൂരില്‍ എന്റെ കഥാപാത്രം നെഗറ്റീവ് ഷെയ്ഡാണെങ്കിലും അതിലെ കഥ ഒരിക്കലും സ്ത്രീവിരുദ്ധമല്ല. സ്ത്രീ വിരുദ്ധതയും, പ്രൊപ്പഗണ്ടയും എനിക്ക് അംഗീകരിക്കാന്‍ സാധിക്കില്ല.

എന്റെ രാഷ്ട്രീയവുമായി ചേര്‍ന്ന് നില്‍ക്കാത്തൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. ഞാന്‍ ചെയ്യാറുമുണ്ട്. ജീവിതത്തില്‍ ഞാന്‍ ബീന തൃപാഠിയെപ്പോലെ ആളുകളെ കൊല്ലുകയോ പുരുഷന്മാരെ മുതലെടുക്കുകയോ ചെയ്യുന്ന ആളല്ല. ഒരു അഭിനേതാവ് എന്ന നിലയില്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്കിഷ്ടമാണ്. അതിലൂടെ ആ കഥാപാത്രങ്ങളുടെ മനസിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിക്കും. അതിനുവേണ്ടിയാണ് ഞാന്‍ അഭിനയിക്കുന്നതു തന്നെ. പക്ഷെ സിനിമയുടെ രാഷ്ട്രീയം എന്റെ രാഷ്ട്രീയവുമായി ചേര്‍ന്നു നില്‍ക്കണം എന്നതില്‍ എനിക്ക് നിര്‍ബന്ധമുണ്ട്', രസികയുടെ വാക്കുകൾ.

എന്നാൽ നടിയുടെ വാക്കുകൾക്ക് പിന്നാലെ വിമർശനവുമായി അനിമൽ ആരാധകരെത്തി. നടി അഭിനയിച്ച മിർസാപൂർ എന്ന സീരിസിലെ കഥാപാത്രത്തിനെ ചൂണ്ടിക്കാണിച്ചാണ് വിമർശനങ്ങൾ ഉയരുന്നത്. അനിമലിനേക്കാൾ സ്ത്രീവിരുദ്ധത നിറഞ്ഞ കഥയാണ് മിർസാപൂർ എന്നും ആ സീരിസിലെ കഥാപാത്രത്തെ അവതരിപ്പിക്കാമെങ്കിൽ അനിമലിലും അഭിനയിക്കാമെന്നാണ് ചിലർ എക്സിലൂടെ നടിക്ക് മറുപടി നൽകിയത്. മിർസാപൂരിൽ രസിക അവതരിപ്പിച്ച കഥാപാത്രത്തെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും എക്സിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്‌ഡി വാങ്ക ഒരുക്കിയ സിനിമയാണ് അനിമൽ. ചിത്രത്തിലെ തിരക്കഥയുടെ ഉള്ളടക്കവും സ്ത്രീവിരുദ്ധതയുടെയും പേരിൽ വലിയ വിമർശനങ്ങൾ ആണ് സിനിമ നേടിയത്. എന്നാൽ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ സ്വന്തമാക്കിയ ചിത്രം ബോക്സ് ഓഫീസിൽ നിന്നും വാരികൂട്ടിയത് 900 കോടിയാണ്. സിനിമയുടെ അവസാനം അനിമൽ പാർക്ക് എന്ന രണ്ടാം ഭാഗവും സംവിധായകൻ പ്രഖ്യാപിച്ചിരുന്നു.

Content Highlights: Actress rsika dugal about animal movie

To advertise here,contact us