തള്ളി തള്ളി ഇതെങ്ങോട്ടാ.. 'ജയ് ബാലയ്യാ' എന്ന വിളി ആദ്യം കേട്ടത് അമ്മയുടെ ഗർഭപാത്രത്തിൽ വെച്ചാണെന്ന് നടൻ

അമ്മയുടെ ഗർഭപാത്രത്തിൽ വെച്ചാണെന്ന് താൻ ആദ്യമായി ബാലയ്യാ എന്ന വിളി കേട്ടതെന്ന് നടൻ

നന്ദമുരി ബാലകൃഷ്ണ എന്ന പേര് കേട്ടാല്‍ ചിലപ്പോൾ മലയാളികൾക്ക് അത്രപെട്ടെന്ന് മനസിലാകണമെന്നില്ല. എന്നാൽ ബാലയ്യ എന്ന പേര് ഒട്ടുമിക്ക മലയാളി സിനിമാപ്രേമികളും കേട്ടിട്ടുണ്ടാകും. ഇദ്ദേഹത്തിന്റെ പ്രവൃത്തികളും സംസാരവും എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. നടന്റെ ആരാധകര്‍ സ്നേഹം പ്രകടിപ്പിക്കാനായി വിളിക്കുന്ന മുദ്രാവാക്യമാണ് 'ജയ് ബാലയ്യാ' എന്നത്. ഈ മുദ്രാവാക്യം ആദ്യമായി കേട്ടതിനെക്കുറിച്ചാണ് നടൻ ഇപ്പോൾ പറയുന്നത്. അമ്മയുടെ ഗർഭപാത്രത്തിൽ വെച്ചാണെന്ന് താൻ അത് ആദ്യം കേട്ടതെന്നാണ് നടൻ പറയുന്നത്. ബാലയ്യയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ ട്രോളുകളായി നിറയുകയാണ് ഇപ്പോൾ.

14 റീല്‍സ് പ്ലസിന്റെ യൂട്യൂബ് ചാനലില്‍ ബാലകൃഷ്ണയുമായുള്ള ഹിന്ദി അഭിമുഖത്തിനിടെയായിരുന്നു നടൻ ഇക്കാര്യം പറയുന്നത്. 'അമ്മയുടെ ഗര്‍ഭപാത്രത്തിലുള്ളപ്പോഴാണ് ഞാന്‍ ആദ്യമായി ആ മുദ്രാവാക്യം കേട്ടത്. അഭിമന്യു കേട്ടത് പോലെ. കുരുക്ഷേത്ര യുദ്ധത്തില്‍ പത്മവ്യൂഹത്തിനകത്തേക്ക് എങ്ങനെ പ്രവേശിക്കണമെന്ന് അമ്മയുടെ ഗര്‍ഭപാത്രത്തിലിരിക്കെ അഭിമന്യു കേട്ടില്ലേ. അതുപോലെ ഞാന്‍ എന്റെ അമ്മയുടെ ഗര്‍ഭപാത്രത്തിലുള്ളപ്പോഴാണ് ഇത് ആദ്യമായി കേട്ടത്,' ബാലയ്യ പറഞ്ഞു.

നടന്റെ ഈ വാക്കുകൾക്ക് സോഷ്യൽ മീഡിയയിൽ പരക്കെ ട്രോളുകളാണ് എത്തുന്നത്. എങ്ങോട്ടാണ് ഈ തള്ളി പോകുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്. നേരത്തെ അഖണ്ഡ 2വിന്റെ ട്രെയ്‌ലർ കണ്ട് മതിമറന്ന് നിൽക്കുന്ന ബാലയ്യയുടെ റിയാക്ഷൻ വീഡിയോ വൈറലായിരുന്നു. സ്വന്തം പെർഫോമൻസ് കണ്ട് കണ്ണുതള്ളിയും രോമച്ചം കൊള്ളുകയുമായിരുന്നു നടൻ. തന്റെ സിനിമയുടെ സീനുകൾ കണ്ട് ഞെട്ടാൻ വേറെ ആരുടെയും ആവശ്യമില്ല എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റ്. ഡാക്കു മഹാരാജിന് ശേഷം കേരളത്തിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് ആരാധകർ ഏറിയെങ്കിലും ഈ സിനിമയുടെ ട്രെയ്‌ലർ കണ്ടപ്പോൾ മുതൽ ട്രോൾമഴയാണ് ലഭിക്കുന്നത്.

അതേസമയം അഖണ്ഡ 2 ഡിസംബർ അഞ്ചിന് പുറത്തിറങ്ങും. 2021-ല്‍ പുറത്തിറങ്ങിയ അഖണ്ഡ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അഖണ്ഡ 2. ചിത്രം ഒരു പക്കാ മാസ് എന്റർടൈനർ ആണെന്ന് ട്രെയ്‌ലർ കാണുമ്പോൾ മനസിലാകും. അഖണ്ഡ ഒന്നാം ഭാഗം പോലെ തന്നെ പൊടിപാറുന്ന സംഘട്ടന രംഗങ്ങളാണ് ട്രെയിലറിൽ. ആദ്യ ഭാഗത്തേക്കാൾ വമ്പൻ കാൻവാസിൽ ആണ് ഈ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. പാൻ ഇന്ത്യൻ ചിത്രമായി ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടിയാണ്. ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്.

Content Highlights:  The actor talks about first hearing the name Balayya

To advertise here,contact us