തിയേറ്ററിലേത് പോലെ തന്നെ ഒടിടിയിൽ എത്തുന്ന സിനിമകൾക്കും വലിയ തോതിലുള്ള കാഴ്ചക്കാരാണുള്ളത്. തിയേറ്ററിൽ പരാജയമാകുന്ന സിനിമകൾ ഒടിടിയിൽ എത്തുമ്പോൾ വലിയ തരംഗമാകുന്നത് പതിവാണ്. ഇപ്പോഴിതാ നവംബർ 24 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ഒടിടിയിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. ഓർമാക്സ് മീഡിയ ആണ് ഈ ലിസ്റ്റ് പുറത്തുവിട്ടത്.
റിഷബ് ഷെട്ടി ചിത്രമായ കാന്താര ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. 3.2 മില്യൺ കാഴ്ചക്കാരെയാണ് ഈ വാരം റിഷബ് ഷെട്ടി ചിത്രം നേടിയത്. കഴിഞ്ഞ മൂന്ന് വാരത്തിലും കാന്താര തന്നെ ആയിരുന്നു ഒന്നാം സ്ഥാനത്ത്. 2.8 മില്യൺ കാഴ്ചക്കാരെയാണ് കഴിഞ്ഞ വാരം സിനിമ നേടിയത്. ആമസോൺ പ്രൈമിലൂടെയാണ് സിനിമ സ്ട്രീമിങ് ചെയ്യുന്നത്. ഒക്ടോബർ 2-ന് ഇന്ത്യയിലുടനീളം റിലീസ് ചെയ്ത ചിത്രം വെറും 22 ദിവസം കൊണ്ട് നേടിയത് 800 കോടിയിൽ പരം തിയേറ്റർ കളക്ഷനാണ്. ഇതോടെ ഈ വർഷം ആദ്യം പുറത്തിറങ്ങിയ വിക്കി കൗശൽ ചിത്രം 'ഛാവയുടെ' കളക്ഷൻ റെക്കോർഡ് ആയ 807 കോടി മറികടന്നിരിക്കുകയാണ് കാന്താര ചാപ്റ്റർ 1. റിഷഭ് ഷെട്ടിയെ കൂടാതെ ജയറാം, രുക്മിണി വസന്ത്, ഗുല്ഷന് ദേവയ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മാരി സെൽവരാജ് ചിത്രം ബൈസൺ ആണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത്. നെറ്റ്ഫ്ലിക്സിലൂടെ നവംബർ 21 മുതൽ ആണ് സിനിമ സ്ട്രീമിങ് ആരംഭിച്ചത്. 2.3 മില്യൺ കാഴ്ചക്കാരെയാണ് ഈ വാരം സിനിമ നേടിയത്. മികച്ച നിരൂപക പ്രശംസയും ചിത്രത്തിന് ലഭിച്ചിരുന്നു. അനുപമ പരമേശ്വരൻ, രജിഷ വിജയൻ എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തിയത്. സ്പോർട്സ് ഡ്രാമയായിട്ടാണ് ചിത്രമൊരുക്കിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം കാണാനാകും. ആഗോള ബോക്സ് ഓഫീസില് 65.69 കോടി രൂപയാണ് ബൈസണ് ഇതുവരെ നേടിയിരിക്കുന്നത്.
Top 5 most-watched films on OTT in India, for the week of Nov 24-30, 2025, estimated based on audience researchNote: Estimated number of Indian audience (in Mn) who watched at least 30 minutes. pic.twitter.com/WwiEjZ4rVI
അക്ഷയ് കുമാറിന്റെ ജോളി എൽ എൽ ബി 3 ആണ് മൂന്നാം സ്ഥാനത്തുള്ള സിനിമ. 1.7 മില്യൺ വ്യൂസ് ആണ് സിനിമ നേടിയത്. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്. സുഭാഷ് കപൂർ സംവിധാനം ചെയ്ത ഈ ചിത്രം ഒരു കോർട്ട്റൂം ഡ്രാമയായിട്ടാണ് ഒരുങ്ങിയത്. വരുൺ ധവാൻ നായകനായി എത്തിയ 'സണ്ണി സംസ്കാരി കി തുൾസി കുമാരി' ആണ് ലിസ്റ്റിൽ നാലാം സ്ഥാനത്തുള്ള സിനിമ. 1.5 മില്യൺ വ്യൂസ് ആണ് സിനിമ നേടിയത്. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. ജാൻവി കപൂർ, സാന്യ മൽഹോത്ര, രോഹിത് ഷറഫ് എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ.
ബോളിവുഡ് ചിത്രം ബംഗാൾ ഫയൽസ് ആണ് അഞ്ചാം സ്ഥാനത്തുള്ള സിനിമ. സീ 5 ലൂടെ സ്ട്രീം ചെയ്യുന്ന സിനിമ നേടിയത് 1.2 മില്യൺ കാഴ്ചക്കാരാണ്. വിവേക് അഗ്നിഹോത്രി ഒരുക്കിയ സിനിമയിൽ മിഥുൻ ചക്രവർത്തി, പല്ലവി ജോഷി, ദർശൻ കുമാർ, അനുപം ഖേർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തി.
Content Highlights: Ott release last week views list