പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ജയൻ നമ്പ്യാർ ഒരുക്കിയ 'വിലായത്ത് ബുദ്ധ'യ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്ക്കെതിരെ പ്രതികരിച്ച് നടൻ ഷമ്മി തിലകൻ. സിനിമയ്ക്കെതിരെ ഹേറ്റ് ക്യാംപെയ്ൻ പ്രചരിപ്പിക്കുന്നവർ പടം കണ്ടിട്ടല്ല അത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചു കുട്ടികൾക്കുൾപ്പെടെ സിനിമ ഇഷ്ടമായെന്നും ഷമ്മി തിലകൻ പറഞ്ഞു.
'സിനിമയ്ക്കെതിരെ ഹേറ്റ് ക്യാംപെയ്ൻ പ്രചരിപ്പിക്കുന്നവർ പടം കണ്ടിട്ടല്ല അത് പറയുന്നത്. പിന്നെ ചിലർ പൈസ വാങ്ങിയും റിവ്യൂ ചെയ്യാറുണ്ട്. അതിനെക്കുറിച്ചൊന്നും ഒന്നും പറയാനില്ല. അവർക്ക് അത് ജീവിതമാർഗമായിരിക്കും. കൊച്ചു കുട്ടികൾ സിനിമ ഇഷ്ടമായി എന്ന് പറഞ്ഞു എനിക്ക് വീഡിയോകൾ അയക്കുന്നുണ്ട്. ആ വീഡിയോ കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി', ഷമ്മി തിലകന്റെ വാക്കുകൾ.
സിനിമയെ ലക്ഷ്യമിട്ടുകൊണ്ട് മതപരവും രാഷ്ട്രീയപരവുമായ വിദ്വേഷ പ്രചാരണങ്ങൾ നടത്തിയ യൂട്യൂബ് ചാനലിനെതിരെ കഴിഞ്ഞ ദിവസം സൈബർ സെല്ലിൽ സിനിമയുടെ നിർമ്മാതാവ് സന്ദീപ് സേനൻ പരാതി നൽകിയിട്ടുമുണ്ട്. 'ഫസ്റ്റ് റിപ്പോർട്ട് ഓൺലൈൻ' എന്ന യൂട്യൂബ് ചാനലിനെതിരെയാണ് പരാതി. ശ്രദ്ധേയ എഴുത്തുകാരനായ ജി.ആർ. ഇന്ദുഗോപന്റെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കി അതേപേരിൽ തന്നെ ഒരുക്കിയിരിക്കുന്ന ചിത്രമാണ് 'വിലായത്ത് ബുദ്ധ'. സിനിമയെയും അണിയറപ്രവർത്തകരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും മത-രാഷ്ട്രീയ വിദ്വേഷം വളർത്തുന്നതുമായ രീതിയിലാണ് സിനിമയ്ക്ക് എതിരെയുള്ള പ്രചാരണം സോഷ്യൽ മീഡിയയിൽ നടക്കുന്നത്. അതേസമയം ചിത്രത്തിന് എല്ലാത്തരം പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
'തൊണ്ടിമുതലും ദൃക്സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയെറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ ഒരുക്കിയിരിക്കുന്ന ചിത്രമാണ് 'വിലായത്ത് ബുദ്ധ'. എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് 'വിലായത്ത് ബുദ്ധ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷമ്മി തിലകൻ, രാജശ്രീ, പ്രിയംവദ, അനു മോഹൻ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.
Content Highlights: Shammi Thilakan about Vilayath Budha hate campaign