‘ഹം ആപ്കെ ഹേ കോൻ’, ‘ദൂസരി ഗോഷ്ട’, ‘ഹൈവേ’, ‘ത്രിഭംഗ’ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ബോളിവുഡിൽ പ്രശസ്തയായ നടിയാണ് രേണുക ഷഹാനെ. തനിക്ക് നേരിടേണ്ടിവന്ന ഒരു ദുരനുഭവം പങ്കിടുകയാണ് നടി ഇപ്പോൾ. വിവാഹിതനായ ഒരു നിർമാതാവ് അദ്ദേഹത്തിനൊപ്പം താമസിക്കാൻ തന്നെ വിളിച്ചുവെന്നും എല്ലാ മാസവും സ്റ്റൈഫൻ്റ് നൽകാമെന്ന് പറഞ്ഞുവെന്നും നടി പറഞ്ഞു. ‘സൂം’ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘ഒരിക്കൽ എന്റെ വീട്ടിൽ ഒരു നിർമാതാവ് വന്നിരുന്നു. ഒരു സാരി കമ്പനിയുടെ ബ്രാൻഡ് അംബാസഡറാകാൻ അയാൾ എന്നോട് ആവശ്യപ്പെട്ടു. അദ്ദേഹം വിവാഹിതനാണെന്നും എന്നാൽ അയാളോടൊപ്പം ഒരുമിച്ച് താമസിച്ചാൽ എല്ലാ മാസവും സ്റ്റൈഫൻ്റ് നൽകാമെന്നും എന്നോട് പറഞ്ഞു. ഇതുകേട്ടതും അമ്മയും ഞാനും ഞെട്ടിപ്പോയി. ഞാൻ ആ ഓഫർ നിരസിച്ചപ്പോൾ അയാൾ മറ്റാരെയോ തേടിപ്പിടിച്ചു.
ഇത്തരം പെരുമാറ്റത്തെ ചെറുക്കുന്നതിന് വലിയ വില നൽകേണ്ടിവരും. ചിലപ്പോൾ നമ്മൾ അവരുടെ പ്രതികാരത്തിന് ഇരകളാകേണ്ടി വരും. നമ്മളെ സഹകരിപ്പിക്കേണ്ടെന്ന് മറ്റുള്ളവരോട് പറയും, അതാണ് അപകടം. എനിക്ക് അത് സംഭവിച്ചിട്ടില്ല, പക്ഷേ അങ്ങനെ സംഭവിച്ചവരുണ്ട്. പ്രോജക്റ്റുകളിൽ നിന്ന് പുറത്താക്കപ്പെട്ടവരും പ്രതിഫലം ലഭിക്കാതെ വരുന്നവരുമൊക്കെയുണ്ട്. ഇരകളെ കൂടുതൽ ഉപദ്രവിക്കാനുള്ള ഒരു ക്ലബ്ബായി അത് മാറും,' രേണുക ഷഹാനെ പറഞ്ഞു. 'ദുപാഹിയ' എന്ന വെബ് സീരീസിലാണ് താരം ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഈ പരമ്പരയ്ക്ക് പ്രശംസ ലഭിച്ചിരുന്നു.
Content Highlights: Renuka Shahane says married producer asked her to live with him for monthly stipend