സിനിമയിൽ താൻ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് മനസുതുറന്ന് നടൻ വിഷ്ണു വിശാൽ. നിർമാതാക്കൾ മാറിമറിയുന്നത് കാരണം തന്റെ ഓരോ സിനിമകളും ഒന്നോ രണ്ടോ വർഷമെടുത്താണ് തിയേറ്ററുകളിൽ എത്തുന്നതെന്നും അതിൽ തനിക്ക് വിഷമമുണ്ടെന്നും വിഷ്ണു വിശാൽ പറഞ്ഞു. തന്റെ ഒരു സിനിമ നല്ല രീതിയിൽ വിജയിച്ചാലും ഇൻഡിസ്ട്രിയിൽ നിന്ന് ആരും തന്നെ വിളിച്ച് അഭിനന്ദിക്കാറില്ല. രാക്ഷസന് ശേഷം തന്റെ ഒൻപത് സിനിമകളാണ് ഡ്രോപ്പ് ആയതെന്നും വിഷ്ണു വിശാൽ പറഞ്ഞു.
'എന്നെ സിനിമയിൽ വേണ്ടവിധത്തിൽ ആരും തിരിച്ചറിയുന്നില്ല എന്ന വിഷമം എനിക്കുണ്ട്. എന്റെ ഓരോ സിനിമകൾക്കും ഒരു വർഷമോ രണ്ട് വർഷമോ എടുക്കുന്നുണ്ട്. ഗാട്ട ഗുസ്തി ആറ് നിർമാതാക്കൾ മാറിയതിന് ശേഷമാണ് സിനിമയായി മാറിയത്. എഫ്ഐആറിന് മൂന്ന് നിർമാതാക്കൾ മാറി. രാക്ഷസന് ശേഷം എന്റെ ഒൻപത് സിനിമകളാണ് ഡ്രോപ്പ് ആയത്. ആ വിഷമം എന്നും എന്റെ ഉള്ളിലുണ്ട്. അതുകൊണ്ടാണ് ഞാൻ തന്നെ ഒരു നിർമാതാവായി മാറിയത്.
എഫ്ഐആറും ഗാട്ട ഗുസ്തിയും വിജയിച്ചിട്ടും മൂന്ന് വർഷത്തോളം എനിക്ക് സിനിമകൾ ഇല്ലായിരുന്നു. അതുകൊണ്ട് അടുത്ത അഞ്ച് സിനിമകൾ എന്റെ പ്രൊഡക്ഷനിൽ മാത്രമേ ചെയ്യൂ പുറത്ത് ചെയ്യില്ലെന്ന് ഞാൻ ഉറപ്പിച്ചു. എന്റെ ഒരു സിനിമ നല്ല രീതിയിൽ വിജയിച്ചാലും ഇൻഡിസ്ട്രിയിൽ നിന്ന് ആരും എന്നെ വിളിച്ച് അഭിനന്ദിക്കാറില്ല അതേസമയം അവർ ആ സംവിധായകനെ വിളിക്കുകയും അദ്ദേഹത്തിന്റെ ഡേറ്റ് ചോദിക്കുകയൂം ചെയ്യാറുണ്ട്', വിഷ്ണു വിശാലിന്റെ വാക്കുകൾ.
ക്രൈം ത്രില്ലർ ചിത്രമായ ആര്യൻ ആണ് ഇനി പുറത്തിറങ്ങാനുള്ള വിഷ്ണു വിശാൽ ചിത്രം. സിനിമ കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. നവാഗതനായ പ്രവീൺ കെ രചിച്ചു സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 31 ന് ആഗോള റിലീസായെത്തും. വിഷ്ണു വിശാൽ സ്റ്റുഡിയോസിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് ശുഭ്ര, ആര്യൻ രമേശ് എന്നിവർ ചേർന്നാണ്. 'രാക്ഷസൻ' എന്ന വമ്പൻ ഹിറ്റിന് ശേഷം വീണ്ടുമൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ നായകനായി എത്തുകയാണ് ഇതിലൂടെ വിഷ്ണു വിശാൽ. 'എ പെർഫെക്റ്റ് ക്രൈം സ്റ്റോറി' എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ.
Content Highlights: Vishnu Vishal about his struggles in film industry