ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് റിഷബ് ഷെട്ടി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം കാന്താര. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ ഞെട്ടിക്കുന്ന കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കേരളത്തിൽ ഉൾപ്പെടെ വമ്പൻ കളക്ഷൻ ആണ് സിനിമ നേടുന്നത്. ഇപ്പോഴിതാ കന്നഡയിൽ ആദ്യമായി 200 കോടി കളക്ഷൻ നേടിയ ചിത്രമായിരിക്കുകയാണ് കാന്താര. 2012 ൽ തന്റെ സിനിമയ്ക്ക് ഒരു ഈവനിംഗ് ഷോ ലഭിക്കാനായി തിയേറ്ററിൽ ഇറങ്ങി നടന്ന റിഷബ് ഷെട്ടിയുടെ കാന്താര ഹൗസ്ഫുള്ളായി പ്രദർശനം തുടരുകയാണ്. ഷോ ലഭിക്കാതെ തിയേറ്ററിൽ ഇരുന്ന് കരഞ്ഞിട്ടുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ റിഷബ് പറഞ്ഞിരുന്നു.
ദീപാവലി ഹോളിഡേ പ്രമാണിച്ച് സിനിമയുടെ കളക്ഷൻ ഇനിയും ഉയരാനാണ് സാധ്യത. അടുത്ത് തന്നെ ചിത്രം 250 കോടി ക്ലബ്ബിൽ കേറുമെന്നാണ് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്. ആഗോളതത്തിൽ സിനിമ 800 കോടിക്കടുത്ത് കളക്ഷൻ നേടിയിട്ടുണ്ട്. വൈകാതെ സിനിമ 1000 കോടിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
44.5 കോടിയാണ് കേരളത്തിൽ നിന്നുള്ള സിനിമയുടെ കളക്ഷൻ. സിനിമ വൈകാതെ കേരളത്തിൽ നിന്ന് 50 കോടി കടക്കുമെന്നാണ് കണക്കുകൂട്ടൽ. ബോളിവുഡിലെയും തെലുങ്കിലെയും ചില വമ്പൻ സിനിമയുടെ കളക്ഷനെ കാന്താര മറികടന്നു. സൽമാൻ ഖാൻ ചിത്രമായ സിക്കന്ദറിനെയും ഷങ്കറിന്റെ ബ്രഹ്മാണ്ഡ സിനിമയായ ഗെയിം ചേഞ്ചറിനെയുമാണ് കാന്താര മറികടന്നത്. 110 കോടി ആയിരുന്നു സിക്കന്ദറിന്റെ ഡൊമെസ്റ്റിക്ക് കളക്ഷൻ. അതേസമയം, ഗെയിം ചേഞ്ചർ നേടിയതാകട്ടെ 131 കോടിയും. ആദ്യ ദിവസം ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്ന് 61.85 കോടി രൂപ സിനിമ നേടിയെന്നാണ് കണക്കുകൾ. കന്നഡയിൽ നിന്ന് 19.6 കോടിയും, തെലുങ്കിൽ നിന്ന് 13 കോടിയും, ഹിന്ദിയിൽ നിന്ന് 18.5 കോടിയും, തമിഴിൽ നിന്ന് 5.5 കോടി, മലയാളത്തിൽ നിന്ന് 5.25 കോടി എന്നിങ്ങനെയാണ് കളക്ഷൻ റിപ്പോർട്ടുകൾ.
2022ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.
Content Highlights: Kantara becomes the first Kannada film to enter the Rs 200 crore club