സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് കാന്താര ചാപ്റ്റർ 1. റിഷബ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തിയ സിനിമ വലിയ ബജറ്റിൽ ആണ് ഒരുങ്ങിയത്. വെറും രണ്ട് ദിവസം കൊണ്ട് തന്നെ സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്ന് വലിയ പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമ ഇന്ത്യയിൽ നിന്ന് മാത്രം 100 കോടി കടന്നിരിക്കുകയാണ്.
സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, മികച്ച ഓപ്പണിങ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ആദ്യ ദിവസം ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്ന് 61.85 കോടി രൂപ സിനിമ നേടിയെന്നാണ് കണക്കുകൾ. കന്നഡയിൽ നിന്ന് 19.6 കോടിയും, തെലുങ്കിൽ നിന്ന് 13 കോടിയും, ഹിന്ദിയിൽ നിന്ന് 18.5 കോടിയും, തമിഴിൽ നിന്ന് 5.5 കോടി, മലയാളത്തിൽ നിന്ന് 5.25 കോടി എന്നിങ്ങനെയാണ് കളക്ഷൻ റിപ്പോർട്ടുകൾ. ആദ്യ ദിവസം തന്നെ ആഗോളതലത്തിൽ ഏകദേശം 89 കോടി രൂപ നേടിയിട്ടുണ്ട് എന്നാണ് വിവരം.
രണ്ടാം ദിവസവും കാന്താര തരംഗത്തിന് കോട്ടം തട്ടിയിട്ടില്ല. ഏകദേശം 43.65 കോടി രൂപയാണ് ചിത്രം നേടിയത്. രണ്ട് ദിവസം കൊണ്ട് ചിത്രത്തിന്റെ ഇന്ത്യയിലെ മൊത്തം കളക്ഷൻ 105.5 കോടി രൂപ കവിഞ്ഞു. വാരാന്ത്യത്തിൽ കളക്ഷനിൽ കൂടുതൽ വർദ്ധനവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.
കെജിഎഫ്, കാന്താര, സലാര് തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള് നിര്മിച്ച ഇന്ത്യയിലെ മുന്നിര പാന്-ഇന്ത്യ പ്രൊഡക്ഷന് ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര് 1-ന്റെയും നിര്മാതാക്കള്. മലയാളത്തിന്റെ ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ഐമാക്സ് സ്ക്രീനുകളിലും പുറത്തിറങ്ങുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇതോടെ വലിയ കളക്ഷൻ സിനിമയ്ക്ക് നേടാനാകും എന്ന് തന്നെയാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
Content Highlights: Kantara collects Rs 100 crore in India alone in two days