ഈ വർഷം സിനിമകളിൽ ഒന്നും അഭിനയിക്കുന്നില്ലെന്ന് ധ്യാൻ ശ്രീനിവാസൻ. കഴിഞ്ഞ വർഷം ചിത്രീകരണം അവസാനിച്ച ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനുള്ളതെന്നും സംവിധാനത്തിലേക്ക് കടക്കുകയാണെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. സിനിമ അഭിനയത്തിൽ നിന്ന് ഒരു ബ്രേക്ക് എടുത്തിരിക്കുകയാണെന്നും ധ്യാൻ ശ്രീനിവാസൻ കൂട്ടിച്ചേർത്തു. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.
'ഈ വർഷം റിലീസ് ചെയ്യാനിരിക്കുന്ന സിനിമകൾ എല്ലാം കഴിഞ്ഞ വർഷം ചിത്രീകരണം പൂർത്തിയായതാണ്. ഈ വർഷം ഇനി സിനിമകൾ ചെയ്യാതെ സംവിധാനം ചെയ്യണം എന്ന ഉദ്ദേശം കൊണ്ടാണ് അങ്ങനെ ചെയ്തത്. പുതിയ സിനിമകളുടെ എഴുത്ത് തുടങ്ങിയിട്ട് നാലു മാസമായി. അതിൽ തിര 2 ഉണ്ട് പിന്നെ മറ്റു രണ്ട് കഥകൾ കൂടെ എഴുതുന്നുണ്ട്. അതുകൊണ്ട് പഴയ പോലെ സിനിമ അഭിനയം ഇല്ല. ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ്,' ധ്യാൻ പറഞ്ഞു. ധന സമാഹരണ യജ്ഞം കഴിഞ്ഞുവെന്നും ഇനി സംവിധാനത്തിലേക്ക് കടക്കുകയാണെന്നും ധ്യാൻ കൂട്ടിച്ചേർത്തു.
അതേസമയം, തിയേറ്റർ റീലീസ് സമയത്ത് വലിയ ശ്രദ്ധ നേടാതെ പോയ സിനിമയാണ് തിര. സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചും ധ്യാൻ പറഞ്ഞു. '2013 ൽ തന്നെ തിരയുടെ കാൻവാസ് നല്ല വലുതായിരുന്നു. നാല്-അഞ്ച് സ്റ്റേറ്റുകളിൽ പോയി ഷൂട്ട് ചെയ്തു, മറ്റു ഭാഷകളിൽ നിന്നുള്ള അഭിനേതാക്കളെ കൊണ്ടുവന്ന് മൾട്ടിലാംഗ്വേജ് ആയി ഷൂട്ട് ചെയ്ത സിനിമയാണത്. അന്നത്തെ മലയാളി പ്രേക്ഷകർക്ക് വളരെ കാലത്തിന് മുൻപ് വന്ന സിനിമയായി തിര തോന്നി. ഇന്ന് നമ്മൾ എല്ലാ തരം സിനിമകളും നമ്മൾ സ്വീകരിക്കുന്നു. ഇന്ന് തിരയ്ക്ക് കൂടുതൽ പ്രസക്തിയുണ്ടെന്ന് തോന്നുന്നു. തിരയ്ക്ക് ഒരു കൾട്ട് പ്രേക്ഷകർ ഉണ്ട് അപ്പോൾ രണ്ടാം ഭാഗം അതിനും മുകളിൽ നിൽക്കണം. രണ്ടാം ഭാഗം വലിയ സ്കെയിലിൽ ആണ് എഴുതുന്നതും ചിന്തിക്കുന്നതും. അതുകൊണ്ട് അതിന്റെതായ സമയം എടുത്ത് പ്രീ പ്രൊഡക്ഷൻ ചെയ്തു മാത്രമേ ആ സിനിമ ചെയ്യാൻ സാധിക്കൂ. വലിയ കോസ്റ്റ് വരുന്ന സിനിമയാകും തിര 2 ', ധ്യാൻ പറഞ്ഞു.
നേരത്തെ ചിത്രവുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് വിനീത് പറഞ്ഞിരുന്നു. തുടർന്ന് ആദ്യ ഭാഗത്തിന്റെ എഴുത്തുകാരനായ രാകേഷ് മണ്ടോടിയും ധ്യാനും ചേർന്ന് രണ്ടാം ഭാഗം ചെയ്യാൻ പോകുകയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ശോഭനയുടെ തിരിച്ചുവരവിന് വഴിവെച്ച സിനിമ കൂടിയാണ് തിര. ധ്യാൻ ശ്രീനിവാസന്റെ ആദ്യ സിനിമ കൂടിയാണിത്. റീൽസ് മാജിക്കിന്റെ ബാനറിൽ മനോജ് മേനോൻ നിർമ്മിച്ച ഈ ചിത്രം എൽജെ ഫിലിംസ് ആണ് വിതരണം ചെയ്തത്. ഛായാഗ്രഹണം ജോമോൻ ടി ജോൺ നിർവഹിച്ചപ്പോൾ ഷാൻ റഹ്മാൻ സിനിമയ്ക്ക് സംഗീതം നൽകി. രഞ്ജൻ എബ്രഹാം ആണ് സിനിമയുടെ എഡിറ്റർ.
Content Highlights: Dhyan Sreenivasan says he is taking a break from acting