വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ ട്രെയ്‌ലറിലെ 'ദൈവത്തിന്റെ കരം'; എന്താണ് റെൻസെ ബോഗാ?

പോളണ്ടിലെ ബിയാല ഗ്രാമത്തിൽ കണ്ടെത്തിയ പ്രസ്‌വോർസ്ക് സംസ്കാരത്തിൽ നിന്നുള്ള ഒരു കളിമൺ പാത്രത്തിലാണ് ഈ ചിഹ്നം ആദ്യമായി കണ്ടെത്തിയത്

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കരം. നോബിൾ ബാബു തോമസ് നായകനാകുന്ന സിനിമയുടെ ട്രെയ്‌ലർ ഇന്ന് പുറത്തുവിട്ടു. ഒരു ആക്ഷൻ ത്രില്ലർ മൂഡിലാണ് ട്രെയ്‌ലർ സെറ്റ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ട്രെയ്‌ലർ റിലീസിന് പിന്നാലെ ചർച്ചയാകുകയാണ് 'റെൻസെ ബോഗാ' എന്ന സിമ്പൽ.

'ദൈവത്തിന്റെ കൈകൾ' എന്നാണ് റെൻസെ ബോഗാ അറിയപ്പെടുന്നത്. ഒരു കുരിശിൻ്റെ ആകൃതിയിൽ സ്റ്റൈലൈസ് ചെയ്ത നാല് കരങ്ങളുടെ രൂപമാണ് ഇവയ്ക്ക്. സൂര്യദേവനായ സ്വരോഗിന്റെ നാല് ദിശകളെയാണ് ഈ നാല് കരങ്ങൾ പ്രതിനിധീകരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. പോളണ്ടിലെ ഇരുമ്പുയുഗത്തിലെ ശവകുടീരത്തിൽ നിന്ന് കണ്ടെത്തിയ ഒരു രൂപകൽപ്പനയെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്ത ഒരു സ്ലാവിക് സോളാർ കുരിശ് ആണ് റെൻസെ ബോഗാ. ദൈവത്തിന്റെ കൈകൾ എന്ന് വിളിക്കപ്പെടുന്ന ഈ ചിഹ്നം പോളിഷ് ദേശീയ അഭിമാനത്തിന്റെയും സ്ലാവിക് നിയോപാഗനിസത്തിന്റെയും ചിഹ്നമായി ആണ് അറിയപ്പെടുന്നത്. പോളണ്ടിലെ ബിയാല ഗ്രാമത്തിൽ കണ്ടെത്തിയ പ്രസ്‌വോർസ്ക് സംസ്കാരത്തിൽ നിന്നുള്ള ഒരു കളിമൺ പാത്രത്തിലാണ് ഈ ചിഹ്നം ആദ്യമായി കണ്ടെത്തിയത്.

ബിയാല ഗ്രാമത്തിൽ പുരാവസ്തു ഗവേഷണത്തിനിടെയാണ് ഈ പാത്രം ആദ്യമായി കണ്ടെടുക്കുന്നത്. മരിച്ചയാളുടെ അവശിഷ്ടങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഒരു കലശമായി ഇത് ഉപയോഗിച്ചിരുന്നു. ഈ പാത്രത്തിലെ ചിഹ്നങ്ങൾ മൂലം പിൽകാലത് ഇവയ്ക്ക് വലിയ ജനശ്രദ്ധ ലഭിക്കുകയുണ്ടായി. സ്വസ്തികകളും രണ്ട് കുരിശുകളും അടങ്ങുന്ന ചിഹ്നങ്ങളായിരുന്നു ഈ പാത്രത്തിൽ ഉണ്ടായിരുന്നത്. ഇതാണ് പിന്നീട് ദൈവത്തിന്റെ കരങ്ങളാണ് അറിയപ്പെട്ടത്. ഇവയ്ക്ക് സ്ലാവിക് സംസ്കാരവുമായുള്ള ബന്ധം തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ചില റോഡ്‌നോവർമാർ ഈ ചിഹ്നത്തെ സ്ലാവിക് മത ചിഹ്നമായി അംഗീകരിച്ചിട്ടുണ്ട്.

അതേസമയം, വിനീതിന്റെ പതിവ് ശൈലിയിൽ നിന്നെല്ലാം മാറി ഒരു പക്കാ ആക്ഷൻ ചിത്രമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. വിദേശ രാജ്യത്തിന്റെ പശ്ചാത്തലത്തിൽ ഗംഭീര വിഷ്വലുകളും ഇതുവരെ കാണാത്ത ത്രില്ലടിപ്പിക്കുന്ന രംഗങ്ങളും കൊണ്ട് സമ്പന്നമാണ് ട്രെയ്‌ലർ. ഷാൻ റഹ്‌മാന്റെ പശ്ചാത്തലസംഗീതവും ജോമോൻ ടി ജോണിന്റെ വിഷ്വലുകളും നോബിളിന്റെ ആക്ഷൻ സീനുകളുമാണ് ട്രെയ്‌ലറിലെ ഹൈലൈറ്റ്. ചിത്രം സെപ്റ്റംബർ 25 ന് പുറത്തിറങ്ങും. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് കരം.

സംവിധാനത്തിനൊപ്പം വിശാഖുമായി ചേര്‍ന്ന് നിര്‍മാണത്തിലും വിനീത് പങ്കാളിയാണ്. 'ഹൃദയം', 'വര്‍ഷങ്ങള്‍ക്കുശേഷം' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനീത് ശ്രീനിവാസനും നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യവും ഒന്നിക്കുന്ന സിനിമയാണിത്. നോബിൾ ബാബു തോമസാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യവും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 'ആനന്ദം', 'ഹെലന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് വിനീത് വീണ്ടും നിര്‍മ്മാതാവിന്റെ കുപ്പായമണിയുന്നത്.

സിനിമയുടെ ഛായാഗ്രഹണം ജോമോൻ ടി. ജോൺ ആണ്‌. ഷാൻ റഹ്മാനാണ് സംഗീതം. രഞ്ജൻ എബ്രഹാമാണ് എഡിറ്റിങ്. ലസെയർ വർദുകഡ്സെ, നോബിൾ ബാബു തോമസ്, ഐരാക്ലി സബനാഡ്സേ എന്നിവർ ചേർന്നാണ് സംഘട്ടനരം​ഗങ്ങളൊരുക്കുന്നത്. പ്രണയത്തിനും സൗഹൃദത്തിനും കുടുംബ ബന്ധങ്ങള്‍ക്കും ഒക്കെ പ്രാധാന്യം നൽകുന്ന സിനിമകളാണ് വിനീത് സംവിധാനം ചെയ്ത ചിത്രങ്ങളിൽ കൂടുതലും. ത്രില്ലർ സിനിമയുമായി വിനീത് എത്തുമ്പോള്‍ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്.

Content Highlights: What is Rece Boga from vineeth sreenivasan film karam trailer

To advertise here,contact us