എ സർട്ടിഫിക്കറ്റ് വേണ്ട, കൂലിക്ക് യു/എ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയിൽ

ലോകേഷിന്റെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച് കൂലിയിൽ വയലൻസ്‌ വളരെ കുറവാണ് എന്നാണ് ആരാധകർ പറയുന്നത്

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ കൂലി ഈ വർഷത്തെ ഏറ്റവും ഹൈപ്പിൽ പുറത്തിറങ്ങിയ സിനിമയാണ്. തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന സിനിമയ്ക്ക് സെൻസർ ബോർഡിൽ നിന്ന് എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ നിർമാതാക്കളായ സൺ പിക്‌ചേഴ്‌സ് സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

കൂലി പുറത്തിറങ്ങിയതിന് പിന്നാലെ എ സർട്ടിഫിക്കറ്റ് നൽകിയതുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നു വരുകയായിരുന്നു. ലോകേഷിന്റെ മുൻ ചിത്രങ്ങളെ അപേഷിച്ച് കൂലിയിൽ വയലൻസ്‌ വളരെ കുറവാണ് എന്നാണ് ആരാധകർ പറയുന്നത്. എ സർട്ടിഫിക്കറ്റ് നൽകാൻ മാത്രം വയലൻസ് സിനിമയിൽ കാണിക്കുന്നുണ്ടോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. സാധാരണ ഒരു കൊമേഴ്ഷ്യൽ സിനിമയിൽ കാണിക്കുന്ന അത്ര മാത്രം വയലൻസ് മാത്രമാണ് കൂലിയിലും ഉള്ളതെന്നാണ് അഭിപ്രായങ്ങൾ. ഇതിന് പിന്നാലെയാണ് നിർമാതാക്കൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.

🚨Sun Pictures Moves Madras High Court for U/A Certificate for #Coolie pic.twitter.com/vQruuyojqX

അതേസമയം, തന്റെ മൂന്ന് സിനിമകൾ അടുപ്പിച്ച് 400 കോടിയിലധികം രൂപ നേടി എന്ന റെക്കോർഡ് സംവിധായകൻ ലോകേഷ് സ്വന്തമാക്കിയിരിക്കുകയാണ്. തമിഴ് സിനിമ ഇൻഡസ്ട്രിയിൽ തന്നെ ഇത് ആദ്യമായി ആയിരിക്കും ഒരു സംവിധായകൻ ഈ റെക്കോർഡ് നേട്ടം കൈവരിക്കുന്നത്. കൂടാതെ ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും ആരാധകരെ സൃഷ്‌ടിച്ച സംവിധായകനും ലോകേഷ് തന്നെയാകും. സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

Content Highlights:Producers move Madras High Court seeking U/A certificate for Coolie

To advertise here,contact us