തെറ്റും ശരിയും കൃത്യമായി തിരിച്ചറിയാനാകാത്ത സന്ദർഭങ്ങളിൽ താൻ ഏറെ തളർന്നുപോകാറുണ്ടെന്ന് തുറന്നുപറയുകയാണ് നടി മഞ്ജിമ മോഹൻ. അത്തരം സമയങ്ങളിൽ പിന്നീട് സ്വയം മനസിലാക്കി തിരിച്ചുവരികയാണ് ചെയ്യാറുള്ളതെന്നും മഞ്ജിമ പറയുന്നു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ നടി പങ്കുവെച്ചത്.
ജീവിതത്തിൽ കറുപ്പും വെളുപ്പമായി തരംതിരിക്കപ്പെട്ട നിമിഷങ്ങളേക്കാൾ ഗ്രേ ഷേയ്ഡിലാണല്ലോ കൂടുതൽ സന്ദർഭങ്ങളും ഉണ്ടാവുകയെന്നും അത്തരം പ്രതിസന്ധികളെ എങ്ങനെ നേരിടുമെന്നുമായിരുന്നു അവതാരകയുടെ ചോദ്യം. 'ജീവിതത്തിലെ ഗ്രേ ഷേയ്ഡിനെ നേരിടേണ്ടി വരുന്നതിൽ ഞാൻ ഏറെ മോശമാണ് എന്ന് തന്നെ പറയാം. ഞാൻ കരയും, തളർന്നുപോകും. വല്ലാതെ ആധി പിടിക്കും. എന്താണ് നടക്കുന്നതെന്ന് നമുക്ക് ആദ്യം മനസിലായാലല്ലേ നമുക്ക് അടുത്ത നടപടി ആലോചിക്കാനാകൂ.
ഒരു പ്രശ്നം വരുമ്പോൾ അത് എനിക്ക് നടക്കാൻ പാടില്ലായിരുന്നു, എന്തുകൊണ്ട് എനിക്ക് ഇത് സംഭവിച്ചു എന്നാണ് പൊതുവെ എല്ലാവരും ചിന്തിക്കുക. സംഭവിക്കാനുള്ളത് സംഭവിച്ചു ഇനി എന്ത് ചെയ്യാനാകും എന്നാണ് നമ്മൾ ശരിക്കും ആലോചിക്കേണ്ടത്. പക്ഷെ അത് അത്ര എളുപ്പമല്ല. നമ്മൾ ഏറെ ബുദ്ധിമുട്ടിലായിരിക്കുമ്പോൾ ലോജിക്കലായി ആലോചിക്കാൻ പ്രയാസമാണ്. തലച്ചോറല്ല, ഹൃദയമായിരിക്കും അവിടെ തീരുമാനങ്ങളെടുക്കുക.
ഞാനും അങ്ങനെയൊക്കെ തന്നെയായിരുന്നു. പക്ഷെ ഇപ്പോൾ പ്രശ്നങ്ങളെ ആക്സെപ്റ്റ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. പരിഹാരം കണ്ടെത്തുക എന്നതിനേക്കാൾ ആ പ്രശ്നത്തെ അല്ലെങ്കിൽ സംഭവത്തെ അംഗീകരിക്കാൻ ഞാൻ പഠിക്കുന്നുണ്ട്. നേരത്തെ ഞാൻ എന്തെങ്കിലും പ്രശ്നത്തിലാണെങ്കിൽ അത് ചുറ്റുമുള്ളവർക്കെല്ലാം മനസിലാകും. എന്റെ മുഖത്ത് അത് കാണും. ഇപ്പോൾ ഞാൻ മെഡിറ്റേഷനും, മ്യൂസിക്കും, സ്പിരിച്ച്വാലിറ്റിയുമായാണ് അത്തരം സന്ദർഭങ്ങളെ നേരിടാൻ ശ്രമിക്കുന്നത്. അപ്പോൾ ചിലർ വന്ന്, ഇതൊന്നും ഒരു പ്രശ്നമല്ല അവരുടെ ജീവിതത്തിൽ അതിലും വലിയ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് പറയുന്നത് നമ്മളെ കൂടുതൽ ബുദ്ധിമുട്ടിലാക്കും,' മഞ്ജിമ മോഹൻ പറയുന്നു.
ഇത്തരം സന്ദർങ്ങളിൽ ഭർത്താവിനോട് ഏറെ സംസാരിക്കാറുണ്ടെന്നും മഞ്ജിമ പറഞ്ഞു. 'അതിന് വേണ്ടി കൂടിയാണല്ലോ നമ്മൾ വിവാഹം കഴിച്ചത്. നമ്മുടെ ഭാരങ്ങളെല്ലാം അവർക്ക് കൂടി കൊടുക്കുക(ചിരിച്ചുകൊണ്ട്). പിന്നെ വീട്ടിലെ പൂച്ചകളും ഉണ്ട്. തിരിച്ചൊന്നും പറഞ്ഞില്ലെങ്കിലും അവ എന്നെ കേട്ടിരിക്കും. കൂടെ നിൽക്കും,' മഞ്ജിമ പറയുന്നു.
മലയാളത്തിൽ ബാലതാരമായും അവതാരകയായും ആരംഭിച്ച മഞ്ജിമ തമിഴിലും തെലങ്കിലുമാണ് ഇപ്പോൾ കൂടുതൽ സജീവമായിരിക്കുന്നത്. സുഴൽ എന്ന വെബ് സീരിസിന്റെ രണ്ടാം സീസണിലെ പ്രകടനവും അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു.
Content Highlights: Manjima Mohan about facing difficult situations in life