'മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരം എന്നത് അതീവ സന്തോഷം തരുന്ന വാർത്ത' ; സംവിധായകൻ കമൽ റിപ്പോർട്ടറിനോട്

'ഇനിയും മികച്ച കഥാപാത്രങ്ങളുമായി അദ്ദേഹം നമ്മുടെ മുന്‍പിലുണ്ടാകും'

മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന വാര്‍ത്ത മലയാള സിനിമ ലോകം പങ്കുവച്ചു. ഇതിന് പിന്നാലെ നിരവധി പ്രമുഖരാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമായതിലുള്ള സന്തോഷം റിപ്പോര്‍ട്ടറിനോട് പങ്കുവെച്ചു സംവിധായകന്‍ കമല്‍. മമ്മൂട്ടിയുടെ തിരിച്ചുവരവ് അതീവ സന്തോഷം തരുന്ന കാര്യമെന്ന് കമല്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരം എന്ന വാര്‍ത്ത ഏറെ സന്തോഷകരമാണെന്നും രാവിലെ രമേശ് പിഷാരടി വിളിച്ച് അറിയിച്ചപ്പോളാണ് കാര്യങ്ങള്‍ അറിഞ്ഞത് എന്നും കമല്‍ പ്രതികരിച്ചു.

'നമ്മളോക്കെ കഴിഞ്ഞ കുറെ നാളുകളായി പ്രാര്‍ത്ഥിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ തന്നെ അദ്ദേഹം വെറുതെയിരുന്ന മൂന്ന്, മൂന്നര മാസങ്ങളാണ് കടന്നുപോയത് എന്ന് തോന്നുന്നു. സിനിമയില്‍ വന്ന ശേഷം അദ്ദേഹം ഇത്ര കാലം ഒരിക്കലും വീട്ടില്‍ ഇരുന്നിട്ടില്ല. അതുകൊണ്ടു തന്നെ അതും എല്ലാവര്‍ക്കും പ്രയാസമായിരുന്നു. രോഗം മാത്രമല്ല, രോഗത്തെ അദ്ദേഹം മറികടക്കുമെന്ന കാര്യം നമുക്കെല്ലാവര്‍ക്കും ഉറപ്പായിരുന്നു. അത്ര മാരകമായ രീതിയില്‍ അദ്ദേഹത്തെ രോഗം ബാധിച്ചിരുന്നല്ല. എങ്കിലും അദ്ദേഹം നന്നായിരിക്കുക എന്നത് പ്രധാനമാണല്ലോ. അദ്ദേഹം സിനിമയിലേക്ക് തന്നെ ശക്തമായി തിരിച്ച് വരും. ഇനിയും മികച്ച കഥാപാത്രങ്ങളുമായി അദ്ദേഹം നമ്മുടെ മുന്‍പിലുണ്ടാകും. ഞങ്ങള്‍ സിനിമാലോകത്തുള്ളവര്‍ക്ക് വാര്‍ത്ത വളരെ സന്തോഷം നല്‍കി.' കമല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight; Mammoottys health is back to normal; director Kamal's reaction

To advertise here,contact us