മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമായ വാർത്തയിൽ പ്രതികരണവുമായി മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി. കാറും കോളും ഭീതിയിലാക്കിയ ഒരു വലിയ കടല് താണ്ടിയതിന്റെ ആശ്വാസം ഉണ്ടെന്നും ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചുവെന്നും ഇബ്രാഹിം കുട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടു. കാണുന്നവർ എല്ലാവരും മമ്മൂക്കയുടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുവാൻ വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയും ഇബ്രാഹിം കുട്ടി അറിയിച്ചു.
'കാറും കോളും ഭീതിയിലാക്കിയ ഒരു വലിയ കടല് താണ്ടിയതിന്റെ ആശ്വാസം. ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു.ഇനി മടങ്ങിവരവാണ്. കുറേ നാളുകളായി കാണുന്ന ഇടങ്ങളിലെല്ലാം ഓരോ മനുഷ്യരുടെയും അന്വേഷണം ഇച്ചാക്കയെ കുറിച്ചുമാത്രമായിരുന്നു. സീരിയല് ചിത്രീകണത്തിനായുള്ള യാത്രകളിലടക്കം റെയില്വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും വഴികളിലും ചിത്രീകരണസ്ഥലത്തും എവിടെ പോയാലും ആളുകള് വന്ന് ചോദിക്കും സ്നേഹത്തോടെ, മമ്മൂക്ക ഒക്കെയല്ലേ? എന്ന്.
അതെയെന്ന് പറഞ്ഞു മടങ്ങുമ്പോ അവരുടെ മുഖത്തെ ആ ഭാവം, ഒരു മനുഷ്യനോടുള്ള സ്നേഹത്തിന്റെ ആഴം തെളിയിക്കുന്നതാണ്.
ലോകം മുഴുവന് ഒരാള്ക്ക് വേണ്ടി പ്രാര്ത്ഥിക്കുകയോ. അതെ. ഞാന് കണ്ട ലോകമെല്ലാം പ്രാര്ത്ഥനയിലായിരുന്നു. ഇച്ചാക്കയുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ആഗ്രഹത്തിലായിരുന്നു. അത്ര കാര്യമായ പ്രശ്നമൊന്നുമില്ലായിരുന്നു.എന്നാലും ഒരു വിങ്ങൽ ബാക്കി നിന്നിരുന്നു. ഓരോ ശ്വാസത്തിലും പ്രാർത്ഥിച്ചിരുന്നു.. കോടി കോടി മനുഷ്യർക്കൊപ്പം. ഇന്നിപ്പോ എല്ലാ പ്രതിസന്ധികളും മറികടന്നിരിക്കുമ്പോള് ഒരുകടല് നീന്തിക്കടന്ന ആശ്വാസം. നന്ദി. ഉപാധികളില്ലാതെ ഇച്ചാക്കയോടുള്ള സ്നേഹം കൊണ്ടുനടന്നവര്ക്ക്. പ്രാര്ത്ഥിച്ചവര്ക്ക്, തിരിച്ചുവരാന് അദമ്യമായി ആഗ്രഹിച്ചവര്ക്ക്.. പിന്നെ ഓരോ മനുഷ്യനും ദൈവത്തിനും. നന്ദി,' ഇബ്രാഹിംകുട്ടി കുറിച്ചു.
സിനിമയില് മമ്മൂട്ടി സജീവമാകുന്നത് കാണാന് കാത്തിരിക്കുകയാണെന്നാണ് നിരവധി പേര് കുറിക്കുന്നത്. കളങ്കാവലാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന പേട്രിയറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ ആയിരുന്നു മമ്മൂട്ടി ആരോഗ്യപ്രശ്നങ്ങളെ തുടര്ന്ന് ഇടവേള എടുത്തത്. വൈകാതെ തന്നെ അദ്ദേഹം ഷൂട്ടിങ്ങിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.
Content Highlights: Mammootty's brother Ibrahim Kutty shares emotional note on his health improvement