സൂപ്പർമാനിലെ 'ചുംബന രംഗങ്ങൾ' വെട്ടിക്കുറച്ചു; സെൻസർ ബോർഡിനെതിരെ കടുത്ത വിമർശനവുമായി ആരാധകർ

യുഎ സർട്ടിഫിക്കേഷൻ ലഭിച്ചതിനാലാണ് നിർമ്മാതാക്കൾ വെട്ടിച്ചുരുക്കലിന് സമ്മതിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു

സംവിധായകൻ ജയിംസ് ഗൺ ഒരുക്കുന്ന ഡിസി കോമിക്സ് ചിത്രം സൂപ്പർമാൻ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഡി സി യൂണിവേഴ്സിലെ ഏറ്റവും മികച്ച സിനിമയാണ് ഇതെന്നും ഇതുവരെ പുറത്തുവന്ന സൂപ്പർമാൻ സിനിമകളിൽ നിന്ന് ഈ സിനിമ മികച്ച് നിൽക്കുന്നെന്നാണ് അഭിപ്രായങ്ങൾ. എന്നാൽ സിനിമയിൽ നിന്നുള്ള രണ്ട് രംഗങ്ങൾ സെൻസർ ബോർഡ് കട്ട് ചെയ്തതാണ് ഇപ്പോൾ സിനിമാപ്രേമികളെ ചൊടിപ്പിക്കുന്നത്.

രണ്ട് ഭാഗങ്ങളിലായി 33 സെക്കൻഡ് നീളമുള്ള രംഗങ്ങളാണ് സൂപ്പർമാന്റെ ഇന്ത്യൻ പതിപ്പിൽ കട്ട് ചെയ്തിരിക്കുന്നത്. ഡേവിഡ് കൊറെൻസ്വെറ്റും റേച്ചൽ ബ്രൊസ്നഹാനും തമ്മിലുള്ള ചുംബന രംഗമാണ് സെൻസർ ബോർഡ് മുറിച്ചുമാറ്റിയത്. യുഎ സർട്ടിഫിക്കേഷൻ ലഭിച്ചതിനാലാണ് നിർമ്മാതാക്കൾ വെട്ടിച്ചുരുക്കലിന് സമ്മതിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, സെൻസർ ബോർഡിന്റെ ഈ തീരുമാനത്തെ എതിർത്തുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. സിനിമകളിൽ ഐറ്റം സോങ്ങുകൾക്കും തല വെട്ടി മാറ്റുകയും ചെയ്യുന്ന രംഗങ്ങൾക്കുമെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത സെൻസർ ബോർഡിന് എന്തുകൊണ്ടാണ് ഒരു ചുംബന രംഗം വലിയ പ്രശ്നമായി തോന്നിയതെന്നാണ് പലരും എക്സിൽ കുറിക്കുന്നത്.

The way CBFC India censors films, I'm wondering if people are gonna fly to other countries to watch the unedited version! #F1#Superman

അതേസമയം, സിനിമ ഇന്ത്യയിൽ മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. 2D, 3D വേർഷനുകളിൽ ഐമാക്സ് ഉൾപ്പെടെയുള്ള സ്‌ക്രീനുകളിലാണ് സൂപ്പർമാൻ പ്രദർശനത്തിന് എത്തിയത്. റിപ്പോർട്ടുകൾ പ്രകാരം ആദ്യ ദിനം ഇന്ത്യയിൽ നിന്ന് സൂപ്പർമാൻ നേടിയിരിക്കുന്നത് 7.25 കോടിയാണ്. ഡേവിഡ് കൊറെൻസ്വെറ്റ് ആണ് ഇക്കുറി സൂപ്പർമാനായി എത്തുന്നത്. ലൂയിസ് ലെയ്ൻ ആയി റേച്ചൽ ബ്രൊസ്നഹാൻ അഭിനയിക്കുന്നു. വില്ലനായ ലെക്സ് ലൂഥറായെത്തുന്നത് നിക്കൊളാസ് ഹൗൾട് ആണ്. എഡി ഗത്തേഗി, ആന്റണി കാരിഗൻ, നഥാൻ ഫിലിയോൺ, ഇസബെല്ല മെഴ്‌സ്ഡ്, സ്‌കൈലർ ഗിസോണ്ടോ, സാറ സാംപയോ, മരിയ ഗബ്രിയേല ഡി ഫാരിയ, വെൻഡൽ പിയേഴ്‌സ്, അലൻ ടുഡിക്, പ്രൂട്ട് ടെയ്‌ലർ വിൻസ്, നെവ ഹോവൽ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

Content Highlights: CBFC cuts kissing scenes from Superman

To advertise here,contact us