യഷിനെ കാണാൻ കുറച്ചധികം കാത്തിരിക്കേണ്ടി വരും; രാമായണത്തിൽ യഷ് എത്തുക വളരെ കുറച്ച് സമയത്തേക്ക് മാത്രം

ആദ്യ ഭാഗത്തിൽ കൂടുതലും രാമന്റെ കഥ പറയാൻ ആണ് അണിയറപ്രവർത്തകർ തയ്യാറെടുക്കുന്നത്

ഇന്ത്യൻ ഇതിഹാസം രാമായണത്തിന് നിതീഷ് തിവാരി ഒരുക്കുന്ന ദൃശ്യാവിഷ്കാരമാണ് ഇന്ത്യന്‍ സിനിമ ലോകത്തെ ഏറെ നാളായുള്ള ഒരു പ്രധാന ചര്‍ച്ചാവിഷയം. വമ്പൻ താരനിരയും ബഡ്‌ജറ്റുമായി ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് 'രാമായണ' ഒരുങ്ങുന്നത്. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. രണ്ട് ഭാഗങ്ങളായി ആണ് സിനിമ ഒരുങ്ങുന്നത്. ഇപ്പോഴിതാ റിപ്പോർട്ടുകൾ അനുസരിച്ച് ആദ്യ ഭാഗത്തിൽ വളരെ കുറച്ച് സമയം മാത്രമേ യഷിന് സ്ക്രീൻ ടൈം ഉണ്ടാകുകയുള്ളൂ.

ടെല്ലി ചക്കറിന്റെ റിപ്പോർട്ട് അനുസരിച്ച്, രാവണനായി വേഷമിടുന്ന യഷിന് രാമായണം ഒന്നാം ഭാഗത്തിൽ വെറും 15 മിനിറ്റ് മാത്രമേ സ്ക്രീൻടൈം ഉണ്ടാകൂ. ചിത്രത്തിന്റെ അവസാനത്തോടെയാകും യഷിനെ അവതരിപ്പിക്കുക. ആദ്യ ഭാഗത്തിൽ കൂടുതലും രാമന്റെ കഥ പറയാൻ ആണ് അണിയറപ്രവർത്തകർ തയ്യാറെടുക്കുന്നത്. സിനിമയുടെ അവസാനത്തോടെ യഷിന്റെ രാവണനെ അവതരിപ്പിക്കുന്നത് വഴി അത് രണ്ടാം ഭാഗത്തേക്കുള്ള അദ്ദേഹത്തിന്റെ കഥാപാത്രത്തിലേക്ക് കൂടുതൽ കൗതുകം സൃഷ്ടിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ കണക്കുകൂട്ടൽ.

അതേസമയം, ചിത്രത്തിൽ അഭിനയിക്കനായി രൺബീർ 150 കോടിയാണ് പ്രതിഫലമായി കൈപ്പറ്റിയിരിക്കുന്നത്. ഒരു ബോളിവുഡ് താരത്തിന്‍റെ ഏറ്റവും കൂടിയ പ്രതിഫലവും, രണ്‍ബീറിന്‍റെ കരിയറിലെ ഏറ്റവും വലിയ പ്രതിഫലവുമാണ് ഇത്. രണ്ട് ഭാഗങ്ങൾക്കും ചേർത്തുള്ള പ്രതിഫലമാണിത്. ഓരോ ഭാഗത്തിനും 70-75 കോടി രൂപ വീതം നടന് പ്രതിഫലമായി ലഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. സിനിമയുടെ ആദ്യ ഭാഗത്തിന്റെ ടൈറ്റിൽ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഹാൻസ് സിമ്മറും എ ആർ റഹ്മാനും ഒന്നിച്ച് എത്തുന്നു എന്നതാണ് ടീസറിന് പിന്നാലെ ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്.

അതേസമയം, രണ്ടു ഭാഗങ്ങളിൽ ഒരുങ്ങുന്ന രാമായണയുടെ ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്. ഇവർക്ക് പുറമെ സണ്ണി ഡിയോൾ ഹനുമാനായും, ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയും ശൂർപണഖയുമായി അഭിനയിക്കും. നമിത് മല്‍ഹോത്രയും യഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 1600 കോടിയാണ് സിനിമയുടെ ബജറ്റെന്നാണ് റിപ്പോർട്ട്.

Content Highlights: Yash will appear only for 15 minutes in Ramayana

To advertise here,contact us