രാമായണത്തിനും മുൻപ് സായ് പല്ലവി ആരെന്ന് ബോളിവുഡ് അറിയും, ഹിന്ദി അരങ്ങേറ്റത്തിനൊരുങ്ങി നടി; നായകൻ ജുനൈദ് ഖാൻ

17 വർഷത്തിന് ശേഷം ആമിർ ഖാനും മൻസൂർ ഖാനും നിർമ്മാതാക്കളായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്

നടി സായ് പല്ലവിയുടെ ആദ്യ ബോളിവുഡ് ചിത്രം റിലീസിനൊരുങ്ങുന്നു. 'ഏക് ദിൻ' എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ നായകനായി എത്തുന്നത് ആമിർ ഖാന്റെ മകനായ ജുനൈദ് ഖാൻ ആണ്. ജുനൈദ് ഖാനും സായ് പല്ലവിയും ആദ്യമായി ഒന്നിക്കുന്ന ഈ റൊമാന്റിക് ഡ്രാമ ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. 17 വർഷത്തിന് ശേഷം ആമിർ ഖാനും സഹോദരൻ മൻസൂർ ഖാനും നിർമ്മാതാക്കളായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

സുനിൽ പാണ്ഡെ സംവിധാനം ചെയ്യുന്ന 'ഏക് ദിൻ' ജുനൈദ് ഖാന്റെ മൂന്നാമത്തെ ചിത്രവും സായ് പല്ലവിയുടെ ബോളിവുഡ് അരങ്ങേറ്റവുമാണ്. 'മഹാരാജ്', 'ലവ്‌യാപ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജുനൈദ് ഈ ചിത്രത്തിൽ ഒരു ജേർണലിസ്റ്റിന്റെ വേഷത്തിൽ എത്തുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രം നവംബർ ഏഴിന് തിയേറ്ററുകളിൽ എത്തും. വമ്പൻ താരനിരയും ബഡ്‌ജറ്റുമായി ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായി ഒരുങ്ങുന്ന രാമായണയിലും സായ് പല്ലവി ആണ് നായികയായി എത്തുന്നത്. ചിത്രത്തിൽ സീതയായിട്ടാണ് നടി എത്തുന്നത്.

രണ്ടു ഭാഗങ്ങളിൽ ഒരുങ്ങുന്ന രാമായണയുടെ ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്. ഇവർക്ക് പുറമെ സണ്ണി ഡിയോൾ ഹനുമാനായും, ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയും ശൂർപണഖയുമായി അഭിനയിക്കും. നമിത് മല്‍ഹോത്രയും യഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 1600 കോടിയാണ് സിനിമയുടെ ബജറ്റെന്നാണ് റിപ്പോർട്ട്.

Content Highlights: Sai Pallavi debut hindi film release date announced

To advertise here,contact us