തമിഴ് സിനിമാസ്വാദകർക്കിടയിൽ ഏറെ ആരാധകരുള്ള മലയാള നടനാണ് ഫഫദ് ഫാസിൽ. മലയാള ചിത്രങ്ങളിലൂടെ നടനെ പരിചയപ്പെട്ട തമിഴ് ലോകം പിന്നീട് തമിഴിൽ തന്നെ ഫഹദിന്റെ മികച്ച പെർഫോമൻസുകൾ കണ്ടു. വേലൈക്കാരൻ, സൂപ്പർ ഡീലക്സ്, വിക്രം, മാമന്നൻ, വേട്ടയ്യൻ തുടങ്ങി അഭിനയിച്ച തമിഴ് സിനിമകളിലെല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തമിഴ് മനം കവരാൻ ഫഹദ് ഫാസിലിന് കഴിഞ്ഞു. ഇപ്പോൾ ഫഹദ് ഫാസിലും വടിവേലുവും പ്രധാന വേഷങ്ങളിലെത്തുന്ന മാരീശൻ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ഏവരും.
ചിത്രത്തിൽ ഫഫദ് ഫാസിലിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഫഫ സോംഗ് എന്നാണ് ഗാനത്തിന് പേര് നൽകിയിരിക്കുന്നത്. ചില വിഷ്വലുകളും കൂടി ചേർന്നെത്തുന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.
മലയാളത്തിൽ ഇത്രനാളായിട്ടും ഫഫയുടെ പേര് വെച്ചുള്ള പാട്ടൊന്നും വന്നില്ലല്ലോ എന്നാണ് ഇതിന് പിന്നാലെ ചില ആരാധകരുടെ ചോദ്യം. തമിഴ് സിനിമ ഫഹദ് ഫാസിലിനെ ഇത്രയും ആഘോഷിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് പറയുന്ന മലയാളികളെയും കമന്റുകളിൽ കാണാം.
യുവൻ ശങ്കർ രാജ സംഗീതം നൽകിയിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് മാത്തിച്ചിയം ബാല ആണ്. മാധവൻ കർക്കിയുടേതാണ് വരികൾ. കോമഡി ട്രാക്കിലുള്ള കഥാപാത്രമാണ് ഫഹദ് ഫാസിലേന്റെതെന്ന് നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടീസർ സൂചന നൽകിയിരുന്നു. അതേസമയം, കോമഡിയും ത്രില്ലർ എലമെന്റുകളും നിറഞ്ഞ ഒരു റോഡ് മൂവിയാകും മാരീശൻ എന്നാണ് കരുതപ്പെടുന്നത്. ഇതുവരെ കാണാത്ത റോഡ് ട്രിപ്പാകും ചിത്രം എന്നാണ് അണിയറ പ്രവർത്തകർ ചിത്രത്തെ കുറിച്ച് പറയുന്നത്.
ജൂലൈ 25ന് തിയേറ്ററുകളിലെത്തുന്ന മാരീശനിൽ വടിവേലുവിന്റെയും ഫഹദ് ഫാസിലിന്റെയും മത്സരിച്ചുള്ള അഭിനയം കാണാൻ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മാമന്നൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദും വടിവേലും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. തമിഴ് ചിത്രം ആറുമനമേ, മലയാള ചിത്രം വില്ലാളി വീരൻ എന്നീ ചിത്രങ്ങൾ ഒരുക്കിയ സുധീഷ് ശങ്കറാണ് മാരീശൻ സംവിധാനം ചെയ്യുന്നത്. സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന 98-ാമത് സിനിമയാണ് മാരീശൻ. യുവൻ ശങ്കർ രാജയാണ് മാരീശന് സംഗീതം ഒരുക്കുന്നത്. കലൈശെൽവൻ ശിവാജി ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവഹിക്കുന്നു.
Content Highlights: Fahadh Faasil's Tamil film Mareesan releases FaFa Song