ആ റോൾ ഞാൻ ചെയ്തത് കൊണ്ട് എന്റെ മകൾക്ക് സ്കൂളിൽ നിന്നും കളിയാക്കലുകൾ നേരിട്ടു: സമ്പത്ത് രാജ്

'ആ സമയത്ത് മകൾ നാലാം ക്ലാസിൽ പഠിക്കുകയായിരുന്നെന്നും അവളോട് ആ സിനിമയെക്കുറിച്ച് സംസാരിക്കണമായിരുന്നു'

നിരവധി വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് സമ്പത്ത് രാജ്. സാഗർ ഏലിയാസ് ജാക്കി, ജില്ല, കാല, കസബ തുടങ്ങിയ സിനിമകളിൽ സമ്പത്ത് വില്ലൻ വേഷത്തിൽ എത്തിയിട്ടുണ്ട്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ചെറുതും വലുതുമായ വേഷങ്ങൾ സമ്പത്ത് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ വെങ്കട്ട് പ്രഭു ചിത്രം ഗോവയിൽ അഭിനയിച്ചതിനെക്കുറിച്ച് മനസുതുറക്കുകയാണ് നടൻ.

താൻ ഗോവയിൽ പോയപ്പോഴുള്ള അനുഭവത്തിൽ നിന്നാണ് വെങ്കട്ട് ആ സിനിമയുടെ കഥ ഉണ്ടാക്കിയതെന്നും ആ സിനിമയിൽ താൻ അവതരിപ്പിച്ച ഗേ കഥാപാത്രം ഒരു നടനെന്ന നിലയിൽ തനിക്ക് ചാലഞ്ചിങ്ങായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമ വികടന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സമ്പത്ത് ചിത്രത്തിലെ റോളിനെക്കുറിച്ച് മനസുതുറന്നത്‌.

എന്നാൽ ആ സിനിമ റിലീസായ ശേഷം തന്റെ മകൾക്ക് സ്കൂളിൽ നിന്ന് കളിയാക്കലുകൾ നേരിടേണ്ടി വന്നിരുന്നെന്നും സമ്പത്ത് പറയുന്നു. ആ സമയത്ത് മകൾ നാലാം ക്ലാസിൽ പഠിക്കുകയായിരുന്നെന്നും അവളോട് ആ സിനിമയെക്കുറിച്ച് സംസാരിക്കണമായിരുന്നെന്ന് പിന്നീടാണ് ചിന്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

'സരോജക്ക് ശേഷം വെങ്കട്ട് പ്രഭുവും ഞാനും ചെയ്ത സിനിമയാണ് ഗോവ. സത്യം പറഞ്ഞാൽ എന്റെ ചെറുപ്പകാലത്ത് ഞാൻ ഗോവയിൽ പോയപ്പോൾ നടന്ന സംഭവങ്ങൾ വെങ്കട്ടിനോട് പറഞ്ഞിരുന്നു. അവൻ അതെടുത്ത് സിനിമക്കുള്ള കഥയാക്കി. എന്നോട് കഥ പറഞ്ഞപ്പോൾ എനിക്ക് ഇഷ്ടപ്പെട്ടു. ആ സിനിമയിൽ എന്റേത് ഗേ ക്യാരക്ടറായിരുന്നു. എന്നാൽ ആ സിനിമ ചെയ്തതിന് ശേഷം എന്റെ മകൾക്ക് സ്കൂളിൽ നിന്ന് ഒരുപാട് കളിയാക്കലുകൾ നേരിടേണ്ടി വന്നു. അവൾ ആ സമയത്ത് നാലാം ക്ലാസിൽ പഠിക്കുകയായിരുന്നു. എന്താണ് നടക്കുന്നതെന്ന് ഒരു ഐഡിയയും ആ സമയത്ത് അവൾക്ക് ഇല്ലായിരുന്നു'.

'ബോർഡിങ് സ്കൂളിലെ എല്ലാവരും അവളെ കളിയാക്കി. അതിൽ നല്ല വിഷമമുണ്ടായിരുന്നു. അവളോടും കൂടി ചോദിച്ചിട്ട് വേണമായിരുന്നു ആ ക്യാരക്ടർ ചെയ്യാൻ. ഇന്ന് ഓരോ കാര്യവും മനസിലാക്കാനുള്ള വിവരം അവൾക്കുണ്ട്. അന്ന് ഞാൻ ആറ് മാസത്തോളം അവളുടെ കൂടെ നിന്നാണ് ഓക്കെയാക്കിയത്. സിനിമ ചെയ്യുന്നതിന് മുമ്പ് അവളോട് ഇങ്ങനെയൊരു ക്യാരക്ടർ വന്നിട്ടുണ്ട്, ചെയ്യാമല്ലോ എന്ന് ചോദിക്കാതിരുന്നത് എന്റെ തെറ്റാണ്', സമ്പത്ത് പറയുന്നു.

Content Highlights: Sampath raj talks about his role in Goa movie

To advertise here,contact us