കോളിവുഡിലെ അടുത്ത സെൻസേഷൻ ആകാൻ കെൽപ്പുള്ള ചിത്രമാണ് സൂപ്പർസ്റ്റാർ രജിനികാന്തിന്റെ കൂലി. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന ചിത്രം കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. ചിത്രത്തിൽ ആമിർ ഖാൻ കാമിയോ വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ആമിറിന്റെ കഥാപാത്രത്തിനെക്കുറിച്ച് നാഗാർജുന പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.
ചിത്രത്തിൽ മികച്ച പ്രകടനമാണ് ആമിർ കാഴ്ചവെച്ചിരിക്കുന്നതെന്നും അദ്ദേഹത്തിനെ കണ്ട് എല്ലാവരും ഷോക്ക് ആകുമെന്നും നാഗാർജുന പറഞ്ഞു. ''എനിക്കും ആമിറിനും കോമ്പിനേഷൻ സീനുകൾ ഇല്ല. ഞങ്ങളുടേത് സിനിമയിൽ രണ്ട് ചാപ്റ്ററുകൾ ആയിട്ടാണ് വരുന്നത്. പക്ഷെ അദ്ദേഹത്തിന്റെ ഭാഗങ്ങൾ ഞാൻ പിന്നീട് കണ്ടു. ഗംഭീര പെർഫോമൻസ് ആണ് അദ്ദേഹം സിനിമയിൽ നടത്തിയിരിക്കുന്നത്. ഒരു പുതിയ ആമിർ ഖാനെ കണ്ട് നിങ്ങൾ ഷോക്ക് ആകും', നാഗാർജുന പറഞ്ഞു.
ആമിറിന്റെ ക്യാരക്റ്റർ പോസ്റ്റർ നേരത്തെ പുറത്തുവന്നിരുന്നു. ദഹാ എന്നാണ് സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്. കണ്ണാടിയും വെച്ച് സ്മോക്ക് ചെയ്യുന്ന ആമിറിന്റെ പക്കാ മാസ് പോസ്റ്റർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിനിമയിൽ 15 മിനിറ്റോളം നേരമാണ് ആമിർ ഖാൻ പ്രത്യക്ഷപ്പെടുക എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ആമിർ ഖാൻ രജിനികാന്തിനൊപ്പം സ്ക്രീൻ ഷെയർ ചെയ്യുന്നുണ്ടെന്നും ആക്ഷൻ സീനുകൾ ഉൾപ്പെടെയുള്ള രംഗങ്ങൾ നടനായി ലോകേഷ് കനകരാജ് ഒരുക്കിവെച്ചിട്ടുണ്ടെന്നാണ് വിവരം.
താൻ വലിയ രജനികാന്ത് ആരാധകനാണെന്നും അദ്ദേഹത്തിന്റെ സിനിമയതിനാൽ കഥ പോലും കേൾക്കാതെയാണ് സിനിമയിൽ അഭിനയിക്കാൻ സമ്മതിച്ചതെന്നും ആമിർ നേരത്തെ വ്യക്തമാക്കിയിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായാണ് സിനിമയെത്തുന്നത്. ചിത്രം ഐമാക്സ് സ്ക്രീനുകളിലും പ്രദർശനത്തിനെത്തും. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ചിത്രം ആഗസ്റ്റ് 14 നാണ് തിയേറ്ററിൽ എത്തുന്നത്.
Content Highlights: Nagarjuna talks about Aamir Khan's role in Coolie