പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് നിവിൻ പോളി ആണ്. ഹൊറർ കോമഡി ഴോണറിൽ ഒരുങ്ങുന്ന സിനിമയുടെ ടൈറ്റിൽ കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ പങ്കുവെച്ചത്. 'സർവ്വം മായ' എന്നാണ് സിനിമയുടെ പേര്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് പറയുകയാണ് അഖിൽ സത്യൻ. മലയാളത്തിലെ ആദ്യ സിങ്ക് സൗണ്ട് പ്രേതമാകും ഈ സിനിമയെന്നും സൗണ്ടിന് ഒരുപാട് പ്രാധാന്യമുള്ള സിനിമയാണിതെന്നും അഖിൽ സത്യൻ പറഞ്ഞു. റിപ്പോർട്ടറിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് പ്രതികരണം.
'ഈ സിനിമ സിങ്ക് സൗണ്ട് ആണ്. മലയാളത്തിലെ ആദ്യ സിങ്ക് സൗണ്ട് പ്രേത പടമാകും ഇത്. സൗണ്ടിന് ഒരുപാട് പ്രാധാന്യമുള്ള സിനിമയാണിത്. ഒരുപാട് മികച്ച ടെക്നിക്കൽ ടീമും സിനിമയുടെ ഭാഗമാണ്. സിനിമയുടെ ആദ്യത്തെ ഷെഡ്യൂൾ പൂർത്തിയാകാറായി. ബാക്കി ജൂലായ് അവസാനം തുടങ്ങി ആഗസ്റ്റിൽ അവസാനിപ്പിക്കാം എന്നാണ് കരുതുന്നത്. നാട്ടിലെ ഭാഗങ്ങളും മുംബൈയിലെ ഭാഗങ്ങളുമാണ് ഇനി ഷൂട്ട് ചെയ്യാനുള്ളത്. ഫാമിലി ഒക്കെ ആയി വന്ന് കാണാൻ പറ്റുന്ന സിനിമയാണ് ഇതെന്ന വിശ്വാസം എനിക്കുണ്ട്. പത്തോ പതിനഞ്ചോ വർഷം കഴിഞ്ഞാൽ പോലും ആളുകൾ ഫ്രീ ആയി ഇരിക്കുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ കാണാൻ പറ്റുന്ന സിനിമയാകണമെന്ന് ആഗ്രഹമുണ്ട്,' അഖിൽ സത്യൻ പറഞ്ഞു.
അജു വർഗീസ് നിവിൻ പോളി കോംബോയിൽ എത്തുന്ന ചിത്രം 2025 ക്രിസ്മസിനാണ് റിലീസിനെത്തുന്നത്. സിനിമയുടെ രചനയും എഡിറ്റിങ്ങും അഖിൽ തന്നെയാണ് നിർവഹിക്കുന്നത്. ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാറും രാജീവ് മേനോനും ചേർന്നാണ് നിർമാണം. ശരൺ വേലായുധനാണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്. ജസ്റ്റിൻ പ്രഭാകറാണ് സിനിമയ്ക്ക് സംഗീതം നിർവഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ രാജീവൻ, കോസ്റ്റ്യൂംസ് സമീറ സനീഷ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബിജു തോമസ്. റിയ ഷിബു, ജനാർദ്ദനൻ, പ്രീതി മുകുന്ദൻ എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്.
Content Highlights: Akhil Sathyan talks about Nivin Pauly's film Sarvam Maya