ഒരുപാട് തവണ ആ ഭാഗം റീവൈൻഡ് അടിച്ച് കണ്ടിട്ടുണ്ട്; മമ്മൂക്ക നടന്ന് വരുന്നത് കാണാൻ ഒരു അഴകാണ്: രാഹുൽ രാജ്

'അതിലെ ഏറ്റവും ബെസ്റ്റ് ഭാഗം കലാഭവൻ മണി പാട്ടിനിടയിൽ നടന്ന് വരുന്നതാണ്'

മമ്മൂട്ടിയെ നായകനാക്കി തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത സിനിമയാണ് മായാബസാർ. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. രാഹുൽ രാജ് ആയിരുന്നു സിനിമയ്ക്കായി സംഗീതം നൽകിയത്. ചിത്രത്തിലെ 'മിഴിയിൽ' എന്ന ഗാനത്തിന് ഇന്നും വലിയ ജനപ്രീതിയുണ്ട്. ഈ ഗാനത്തിനെക്കുറിച്ച് മനസുതുറക്കുകയാണ് രാഹുൽ രാജ്.

ആ പാട്ടിനിടയിൽ കലാഭവൻ മണി നടന്ന് വരുന്ന ഭാഗമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും അത് ഒരുപാട് തവണ താൻ റീവൈൻഡ് അടിച്ച് കണ്ടിട്ടുണ്ടെന്നും രാഹുൽ രാജ് പറഞ്ഞു. ഗാനത്തിൽ ഒരു ഭാഗത്തിൽ മമ്മൂക്ക സ്ലോ മോഷനിൽ നടന്ന് വരുന്നത് കാണാൻ ഒരു അഴകാണെന്നും രാഹുൽ രാജ് പറഞ്ഞു. 'മിഴിയിൽ' എന്ന ആ പാട്ടിൽ മമ്മൂക്ക നടന്ന് വരുന്നത് ഒരു അഴകാണ്. അതിലെ ഏറ്റവും ബെസ്റ്റ് ഭാഗം കലാഭവൻ മണി പാട്ടിനിടയിൽ നടന്ന് വരുന്നതാണ്. ആ ഷോട്ട് ഒരുപാട് തവണ ഞാൻ റീവൈൻഡ് അടിച്ച് കണ്ടിട്ടുണ്ട്. അത് എഡിറ്റിന്റെ മികവ് കൂടിയാണ്. ആ നടന്ന് വരുന്നത് കട്ട് ചെയ്ത് ഒന്നുകൂടി കാണിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആ നോട്ടവും ചിരിയും നമ്മുടെ നെഞ്ചിൽ തറയ്ക്കും. ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നും. ഇതെല്ലാം കൂടി ചേർന്നാണ് ആ പാട്ടിനോട് ആളുകൾക്ക് ഒരിഷ്ടം വന്നതെന്ന് തോന്നുന്നു', രാഹുൽ രാജ് പറഞ്ഞു.

കലാഭവൻ മണി, ഷീല കൗർ, ലാലു അലക്സ്, സുരാജ് വെഞ്ഞാറമൂട്, രാജൻ പി ദേവ് തുടങ്ങിയവരായിരുന്നു സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയത്. ടി എ റസാഖ് ആയിരുന്നു സിനിമയ്ക്കായി തിരക്കഥ ഒരുക്കിയത്. അയ്ങ്കാരൻ ഇന്റർനാഷണലും അഖിൽ ഫിലിംസും ചേർന്നാണ് സിനിമ നിർമിച്ചത്. സമ്മിശ്ര പ്രതികരണം ആയിരുന്നു സിനിമയ്ക്ക് ലഭിച്ചത്.

Content Highlights: Rahul Raj talks about Mizhiyil song and Mammootty

To advertise here,contact us