'പ്രേതത്തെ നേരിട്ട് കണ്ടില്ലെങ്കിലും,പേടിപ്പിക്കുന്ന എനർജിയായിരുന്നു'; രാമോജി ഫിലിം സിറ്റിയെ കുറിച്ച് കാജോൾ

'മാ' എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനിടയിലാണ് കാജോൾ ഇക്കാര്യം പറയുന്നത്

ഹൈദരബാദ് രാമോജി ഫിലിം സിറ്റി ശരിക്കും പ്രേതബാധയുള്ള സ്ഥലമായാണ് താൻ കരുതുന്നതെന്ന് പറയുകയാണ് ബോളിവുഡ് നായിക നടി കാജോൾ. 'മാ' എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനിടയിലാണ് കാജോൾ ഇക്കാര്യം പറയുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോസിൽ ഒന്നാണ് ഹൈദരാബാദ് ഫിലിം സിറ്റി.

താരത്തിന്റെ ഈ പ്രസ്താവനക്ക് എതിരെ ഒരുപാട് വിമർശനങ്ങളും ട്രോളും ലഭിക്കുന്നുണ്ട്. സിനിമ പ്രമോട്ട് ചെയ്യാൻ ഉപയോഗിക്കുന്ന ഏറ്റവും മോശം ടെക്‌നിക്ക് എന്നാണ് ആരാധകർ ഇതിനെ വിശേഷിപ്പിക്കുന്നത്.

മാ എന്ന ഹൊറർ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് താരം ഇക്കാര്യം പറയുന്നത്. എന്നെങ്കിലും പ്രേതങ്ങളുടെ സാന്നിധ്യം അറിഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കാജോൾ. 'എനിക്ക് അസ്വസ്ഥത തോന്നിയ സ്ഥലങ്ങളിൽ ഞാൻ ഷൂട്ട് ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പ്രേതബാധയുള്ള സ്ഥലങ്ങളിൽ ഒന്നായിട്ടാണ് എനിക്ക് രാമോജി ഫിലിം സിറ്റി അനുഭവപ്പെട്ടത്. അവിടെ ഷൂട്ടിന് പോയ സമയങ്ങളില്‍ എനിക്ക് ഉറങ്ങാൻ പോലും കഴിയാത്ത സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഞാന്‍ നേരിട്ട് അവിടെ പ്രേതങ്ങളെ കണ്ടിട്ടില്ലെങ്കിലും, ഭയാനകമായ ഒരുതരം ഊർജ്ജം അനുഭവപ്പെട്ടിട്ടുണ്ട്,' കാജോൾ പറഞ്ഞു.

ടോളിവുഡ് ആരാധകര്‍ ഈ പ്രസ്താവനയെ വിമർശിക്കുകയാണ്. ബോളിവുഡിന്റെ കയ്യിൽ നിന്നും ഇന്ത്യൻ സിനിമ നഷ്ടപ്പെട്ടതിന്റെ അസൂയയാണെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. രാമോജ് ഫിലിം സിറ്റിയെയും തെലുങ്ക് സിനിമാ വ്യാവസായത്തേയും അപമാനിക്കുന്നതിന് തുല്യമാണ് കാജോളിന്റെ പ്രസ്താവനയെന്നും പ്രതികരണം വന്നിട്ടുണ്ട്.

Content Highlight- Kajol Calls Ramoji Film City A "Haunted Place"

To advertise here,contact us