ചന്തുവിനെ വീഴ്ത്തി വാസ്‌കോ! ഛോട്ടാ മുംബൈക്ക് മുന്നിൽ മൂന്ന് മോഹൻലാൽ ചിത്രങ്ങൾ മാത്രം

18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ ചിത്രം വമ്പൻ ഓളമാണ് തിയേറ്ററുകളിൽ സൃഷ്ടിച്ചത്

മോഹൻലാലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈ ഈയിടെ റീ റിലീസ് ചെയ്തിരുന്നു. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ ചിത്രം വമ്പൻ ഓളമാണ് തിയേറ്ററുകളിൽ സൃഷ്ടിച്ചത്. മലയാള സിനിമയുടെ റീ റിലീസ് ചരിത്രത്തിൽ ഏറ്റവും ഓളമുണ്ടാക്കിയ ചിത്രമായി മാറുകയാണ് ഛോട്ടാം മുംബൈ.

ഇപ്പോഴിതാ മലയാളത്തിലെ റീ റിലീസ് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ പണം വാരിയ നാലാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് ഛോട്ടാം മുംബൈ. മമ്മൂട്ടിയുടെ എക്കാലത്തേയും വമ്പൻ ഹിറ്റായ ഒരു വടക്കൻ വീരഘാഥയുടെ റീ റിലീസ് കളക്ഷൻ റെക്കോഡാണ് ഛോട്ടാ മുംബൈ പഴംകഥയാക്കിയത്. ലിമിറ്റഡ് സ്‌ക്രീനിൽ റിലീസ് ചെയ്ത ചിത്രം 3.80 കോടി രൂപയാണ് ബോക്‌സ് ഓഫീസിൽ നിന്നും കളക്ട് ചെയ്തത്.

ഇനി ഛോട്ടാ മുംബൈക്ക് മുന്നിൽ മൂന്ന് ചിത്രങ്ങൾ മാത്രമാണ് മുന്നിലുള്ളത്. 4.6 കോടി നേടിയ മണിചിത്രത്താഴ്, 4.95 കോടി നേടിയ സ്ഫടികം, 5.4 കോടി നേടിയ ദേവദൂതൻ എന്നിവയാണ് റീ റിലീസ് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങള്‍.

മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഛോട്ടാ മുംബൈയിലെ സീനുകൾക്കും തമാശകൾക്കും പാട്ടുകൾക്കുമെല്ലാം ഇന്നും ആരാധകരേറെയാണ്.

ഭാവന, കലാഭവൻ മണി, സിദ്ദിഖ്, ജഗതി ശ്രീകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, മണിക്കുട്ടൻ, ബിജുക്കുട്ടൻ, സായ് കുമാർ, രാജൻ പി ദേവ്, വിനായകൻ, മണിയൻപിള്ള രാജു, മല്ലിക സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, കൊച്ചിൻ ഹനീഫ, ഭീമൻ രഘു, വിജയരാഘവൻ തുടങ്ങിയൊരു വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിരുന്നു. രാഹുൽ രാജായിരുന്നു സംഗീത സംവിധാനം.

Content Highlight- Chotta Mumba is 4th most collected movie in re releases

To advertise here,contact us