മൂന്ന് പരിശോധനകൾ നടത്തി, എനിക്ക് ഓട്ടിസം ഉണ്ട്; ഇതിനെക്കുറിച്ച് ഇപ്പോൾ പറയാനൊരു കാരണമുണ്ട്: ജ്യോത്സന

ഓട്ടിസം കണ്ടെത്തിയതിന് ശേഷമാണ് ജീവിതത്തിൽ അതുവരെ എനിക്ക് ഉണ്ടായിരുന്ന പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുന്നത്

icon
dot image

തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായികയായ ജ്യോത്സന. മൂന്ന് തവണ പരിശോധന നടത്തിയെന്നും അതിലാണ് താൻ 'ഹൈലി മാസ്കിങ് ഓട്ടിസ്റ്റിക് അഡൾട്ട്' ആണെന്ന് കണ്ടെത്തിയതെന്നും ജ്യോത്സന പറഞ്ഞു. ഓട്ടിസത്തെ കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കാനാണ് ഇത് തുറന്നു പറയുന്നത്. ഓട്ടിസം കണ്ടെത്തിയതിന് ശേഷമാണ് ജീവിതത്തിൽ അതുവരെ തനിക്ക് ഉണ്ടായിരുന്ന പല ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചതെന്ന് ജ്യോത്സന വെളിപ്പെടുത്തി. ടെഡ് എക്സ് ടോക്സിലാണ് ജ്യോത്സന ഇതിനെക്കുറിച്ച് മനസുതുറന്നത്‌.

'ജീവിതത്തിൽ ഒരു ഘട്ടത്തിൽ എനിക്ക് എന്നെ കുറിച്ച് ചില സംശയങ്ങൾ ഉണ്ടാകാൻ തുടങ്ങി. അങ്ങനെ ഞാനൊരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കണ്ടു. ഞാൻ മൂന്ന് പരിശോധനകൾ നടത്തി നോക്കി. പരിശോധനയിൽ ഞാനൊരു 'ഹൈലി മാസ്കിങ് ഓട്ടിസ്റ്റിക് അഡൾട്ട്' എന്നാണ് കണ്ടെത്തിയത്. എന്നെ കണ്ടാൽ ഓട്ടിസം ഉള്ളത് പോലെ തോന്നുന്നില്ലല്ലോ എന്ന് നിങ്ങൾ പറഞ്ഞേക്കാം. പക്ഷെ അത് നിങ്ങൾക്ക് ഓട്ടിസത്തെ കുറിച്ച് അറിയാത്തത് കൊണ്ടാണ്. നമ്മൾ എല്ലാവരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഓട്ടിസ്റ്റിക് അല്ലേ എന്ന് ചോദിക്കുന്നവരുണ്ട്. പക്ഷേ അങ്ങനെയല്ല. ഒന്നില്ലെങ്കിൽ നിങ്ങൾക്ക് ഓട്ടിസം ഉണ്ടായിരിക്കും അല്ലെങ്കിൽ ഇല്ലായിരിക്കും. ഓട്ടിസം അല്ലെങ്കിൽ ന്യൂറോ ഡൈവർജന്റ്സ് എന്ന് പറയുന്നത് വ്യത്യസ്തമായ രീതിയിൽ ലോകത്തെ കാണുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ്.

ഓട്ടിസം കണ്ടെത്തിയതിന് ശേഷമാണ് ജീവിതത്തിൽ അതുവരെ എനിക്ക് ഉണ്ടായിരുന്ന പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുന്നത്. എന്റെ ചുറ്റും നടക്കുന്ന എല്ലാത്തിനോടും ഞാൻ വൈകാരികമായി പ്രതികരിച്ചുകൊണ്ടിരുന്നതിന്റെ കാരണം മനസ്സിലായത് അപ്പോഴാണ്. ന്യൂറോ ടിപ്പിക്കലായിട്ടുള്ള ആളുകൾക്ക് വേണ്ടി നിർമിച്ച ലോകത്ത് ജീവിക്കുന്നതിന്റെ ഭാഗമായി എന്നെ മാസ്ക് ചെയ്യാനുള്ള നിരന്തരമായ ശ്രമങ്ങളായിരുന്നു എല്ലാത്തിനും കാരണം.

ഓട്ടിസത്തെ കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കാനാണ് ഞാൻ ഇത് തുറന്നു പറയുന്നത്. ഓട്ടിസത്തെക്കുറിച്ച് ആളുകൾ കൂടുതൽ മനസിലാക്കണം എന്നുണ്ട്. എന്റെ ജീവിതത്തിലുടനീളം ഞാൻ ചോദിച്ചിട്ടുള്ള അതേ ചോദ്യങ്ങൾ ഇപ്പോഴും സ്വയം ചോദിക്കുന്ന നിരവധി പേർ ഇവിടെയുണ്ടെന്ന് എനിക്ക് അറിയാം. ഏറ്റവും ബേസിൽ നിന്ന് തന്നെ മാറ്റം ഉണ്ടാകണം. വീടുകളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും വേണം അത് ആരംഭിക്കാൻ. ഓട്ടിസം കണ്ടുപിടിക്കാനുള്ള ടൂളുകൾ നമുക്ക് ആവശ്യമാണ്, പ്രത്യേകിച്ചും കുട്ടികളിൽ. അവരുടെ കഷ്ടപ്പാടുകൾ പുറത്ത് കാണാൻ കഴിയുന്നില്ലെന്നതാണ് അവസ്ഥ കൂടുതൽ മോശമാക്കുന്നത്’, ജ്യോത്സ്ന പറഞ്ഞു.

Content Highlights: I am diagnosed with Autism reveals singer Jyotsna Radhakrishnan

To advertise here,contact us
To advertise here,contact us
To advertise here,contact us