ഇന്ത്യൻ സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയ ആക്ഷൻ എന്റർടെയ്നർ ചിത്രമായിരുന്നു ധൂം. കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും കിടിലന്‍ പാട്ടുകളുമുള്പ്പെടെ ത്രില്ലൊട്ടും ചോരാതെ നിർമിച്ച ബിഗ് ബജറ്റ് ചിത്രം വലിയ വിജയമായതോടെ സിനിമയ്ക്ക് രണ്ടും മൂന്നും ഭാഗങ്ങളുണ്ടായി. സിനിമയുടെ നാലാം ഭാഗം ഒരുങ്ങുന്നതിനെക്കുറിച്ചുള്ള സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ധൂം 4 നെക്കുറിച്ചുള്ള അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
രൺബീർ കപൂർ ആണ് നാലാം ഭാഗത്തിൽ നായകനായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം 2026 ൽ ആരംഭിക്കുമെന്നാണ് പിങ്ക് വില്ലയുടെ റിപ്പോർട്ടിൽ പറയുന്നത്. നിർമാതാവായ ആദിത്യ ചോപ്രയും തിരക്കഥാകൃത്ത് ശ്രീധർ രാഘവനും ചിത്രത്തിന്റെ തിരക്കഥ ലോക്ക് ചെയ്തെന്നും ഒരു ഗ്ലോബൽ ആക്ഷൻ മൂഡിലാണ് സിനിമ ഒരുങ്ങുന്നതെന്നുമാണ് സൂചന. അടുത്ത വർഷത്തോടെ ചിത്രീകരണം ആരംഭിച്ച് 2027 ൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ പദ്ധതിയെന്നും റിപ്പോർട്ടിൽ പറയുന്നു. 'ബ്രഹ്മാസ്ത്ര' എന്ന ഹിറ്റ് സിനിമയൊരുക്കിയ അയൻ മുഖർജി ആണ് ധൂം നാലാം ഭാഗം ഒരുക്കുന്നത്. ഇപ്പോൾ അയൻ സംവിധാനം ചെയ്തു പുറത്തിറങ്ങാനിരിക്കുന്ന വാർ 2 വിന്റെ റിലീസിന് ശേഷം അദ്ദേഹം ഈ സിനിമയിലേക്ക് കടക്കും.
ആദ്യ മൂന്ന് ഭാഗങ്ങളുടെ തുടർച്ചായായല്ലാതെ ഒരു റീബൂട്ട് എന്ന നിലയിലാണ് നാലാം ഭാഗം ഒരുങ്ങുക. ആദ്യ ഭാഗങ്ങളില്‍ പ്രധാന വേഷത്തിലെത്തിയ അഭിഷേക് ബച്ചനും ഉദയ് ചോപ്രയും നാലാം ഭാഗത്തിൽ ഉണ്ടായിരിക്കില്ല. പകരം ബോളിവുഡിൽ നിന്നുള്ള രണ്ടു പുതിയ താരങ്ങളാകും ആ വേഷം കൈകാര്യം ചെയ്യുക. ചിത്രത്തിലേക്ക് രണ്ട് നടിമാരെയും വില്ലന്‍ കഥാപാത്രം അവതരിപ്പിക്കാനുള്ള താരത്തെയും പ്രൊഡക്ഷന്‍ ടീം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. വില്ലനായി തെന്നിന്ത്യയില്‍ നിന്നുള്ള ഒരു നടനെ പരിഗണിക്കുന്നതായാണ് വിവരം.
യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ചിത്രം നിർമിക്കുന്നത്. രാമായണം ഒന്നും രണ്ടും ഭാഗങ്ങളും, സഞ്ജയ് ലീല ബൻസാലി ചിത്രം ലവ് ആൻഡ് വാറും പൂർത്തിയാക്കിതിനുശേഷമായിരിക്കും രൺബീർ ധൂം 4 ൽ ജോയിൻ ചെയ്യുക.
Content Highlights: Dhoom 4 shoot starts next year according to reports