'വിപിൻ കുമാർ എന്റെ മാനേജർ അല്ല, ലഭിക്കേണ്ട സിനിമകൾ നഷ്ടപ്പെടുത്തി'; ആരോപണങ്ങൾ നിഷേധിച്ച് ഉണ്ണി മുകുന്ദൻ

'ഒരു അഭിനേത്രിയെ ബന്ധപ്പെടുകയും തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു'

വിപിൻ കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. ശാരീരകമായ ആക്രമണം നടന്നിട്ടില്ലെന്നും തികച്ചും അസത്യമായ ആരോപണങ്ങളാണ് തനിക്കെതിരെ വിപിൻ കുമാർ ഉയർത്തിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. വിപിൻ കുമാറിനെ തന്റെ പേഴ്സൺ മാനേജറായി ഇതുവരെ നിയമിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

2018 ൽ തന്റെ നിർമ്മാണ കമ്പനിയുടെ ആദ്യ സിനിമയുടെ ജോലികൾ ആരംഭിക്കുന്ന വേളയിലാണ് വിപിൻ കുമാർ എന്ന വ്യക്തിയെ ആദ്യമായി പരിചയപ്പെട്ടത്. ഇൻഡസ്ട്രിയിലെ നിരവധി പ്രശസ്തരായ സെലിബ്രിറ്റികളുടെ പിആർഒ എന്ന നിലയിലാണ് ഈ വ്യക്തി തന്നെ പരിചയപ്പെട്ടതെന്നും ഇ വ്യക്തിയെ ഒരിക്കലും തന്റെ പേഴ്‌സണൽ മാനേജരായി നിയമിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

മാർക്കോ എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് വിപിനുമായുള്ള ആദ്യ പ്രശ്‌നം ഉണ്ടായത് എന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. ഒബ്‌സ്‌ക്യൂറ എന്റർടെയ്ൻമെന്റ്സുമായി പ്രശ്നങ്ങൾ ഉണ്ടാവുകയും അത് സിനിമയെ തന്നെ ബാധിക്കുന്ന അവസ്ഥയുണ്ടായെന്നും നടൻ പറഞ്ഞു. പ്രശസ്തരായ സംവിധായകരിൽ നിന്നും പുതുമുഖ സംവിധായകരിൽ നിന്നും വിപിനെതിരെ നിരവധി പരാതികൾ തനിക്ക് ലഭിക്കാൻ തുടങ്ങി. ഒരു സഹപ്രവർത്തകൻ എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും ക്ഷമിക്കാവുന്നതിനപ്പുറമായിരുന്നു പലതും എന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

വിപിൻ കുമാർ അവകാശപ്പെടുന്നതുപോലെ ശാരീരിക ആക്രമണവും ഉണ്ടായിട്ടില്ല. വിപിൻ ഉന്നയിച്ച ആരോപണങ്ങൾ തികച്ചും വ്യാജവും അസത്യവുമാണ്. മുഴുവൻ സ്ഥലവും സിസിടിവി നിരീക്ഷണത്തിന് വിധേയമാണ്. വ്യാജ ആരോപണങ്ങൾക്ക് മുമ്പ് അത് പരിശോധിക്കാവുന്നതാണെന്ന് ഉണ്ണി പറയുന്നു.

അടുത്ത അഞ്ച് വർഷത്തേക്ക് താൻ വളരെ തിരക്കിലാണെന്ന് മറ്റുള്ളവരോട് പറയുകയും, അങ്ങനെ വിപിൻ തനിക്ക് ലഭിക്കണ്ട വർക്കുകൾ നഷ്ടപ്പെടുത്തിയെന്നും ഉണ്ണി മുകുന്ദൻ ആരോപിക്കുന്നു. വിപിൻ തന്നെക്കുറിച്ച് മനുഷ്യത്വരഹിതമായ കിംവദന്തികൾ പ്രചരിപ്പിച്ചു. ഒരു അഭിനേത്രിയെ ബന്ധപ്പെടുകയും തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു, ഇത് താനും വിപിനും തമ്മിൽ വലിയ വഴക്കിന് കാരണമായി. തുടർന്ന് തന്നെ പൊതുസമൂഹത്തിൽ അപകർത്തിപ്പടുത്തും വിധം ആരോപണങ്ങൾ ഉന്നയിക്കുമെന്ന് ഈ വ്യക്തി ഭീഷണിപ്പെടുത്തിയതായും നടൻ പറയുന്നു.

വിപിന്റെ ആരോപണങ്ങൾ തീർത്തും അസത്യമാണെന്നും അതെല്ലാം നിഷേധിക്കുന്നതായും ഉണ്ണി വ്യക്തമാക്കി. തന്റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ സന്തുഷ്ടരല്ലാത്ത ചിലർ തന്റെ കരിയർ നശിപ്പിക്കുന്നതിന് ശ്രമിക്കുന്നതായും നടൻ ആരോപിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു ഉണ്ണി മുകുന്ദൻ മർദിച്ചു എന്ന് ആരോപിച്ച് വിപിൻ കുമാർ ഇൻഫോ പാർക്ക് പൊലീസിൽ പരാതിപ്പെട്ടത്. ഉണ്ണി മുകുന്ദൻ്റെ ഒടുവിൽ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തിൽ മാനേജരായ താന്‍ നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യൽ മീഡിയാ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിച്ചത് എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് അസഭ്യം പറഞ്ഞ് മർദ്ദിക്കാനുള്ള കാരണം എന്നും പരാതിയിൽ പറയുന്നു. തൻ്റെ ഫ്ളാറ്റിൽ വന്ന് പാർക്കിം​ഗ് ഏരിയയിൽ വിളിച്ച് വരുത്തിയാണ് മർദ്ദിച്ചതെന്നാണ് പരാതി. തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിൻ്റെ അസഹിഷ്ണുതയാണ് ഉണ്ണി മുകുന്ദനെന്നാണ് മാനേജ‍ർ വിപിൻ പ്രതികരിച്ചത്. സിനിമാ സംഘടനകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും വെെകാതെ മറ്റ് പല കാര്യങ്ങളും വെളിപ്പെടുത്തുമെന്നും വിപിന്‍ പറഞ്ഞിരുന്നു.

അതേസമയം, വിപിന്‍കുമാര്‍ നല്‍കിയ പരാതിയില്‍ ഉണ്ണി മുകുന്ദന്‍ മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് നടന്‍ ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതിയാണെന്നും ആരോപണങ്ങള്‍ തന്നെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തുവെന്നും ഉണ്ണി മുകുന്ദന്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു.

Content Highlights: Unni Mukundan response against Vipin Kumar's allegations

To advertise here,contact us