'അഭിനയിക്കാന്‍ അവസരം ചോദിച്ച് ശുപാര്‍ശ കത്തുമായി വന്ന മമ്മൂട്ടി'; ഓര്‍മ പങ്കുവെച്ച് കലൂര്‍ ഡെന്നീസ്

'ആളല്പം വാചകത്വമാണെങ്കിലും കേട്ടിരിക്കാൻ നല്ല രസമാണ്' എന്നാണ് മമ്മൂട്ടിയുമായുള്ള ആദ്യ സംസാരത്തെക്കുറിച്ച് കലൂർ ഡെന്നീസ് കുറിച്ചിരിക്കുന്നത്.'

മലയാള സിനിമാപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട നിരവധി സിനിമകൾക്ക് തൂലിക ചലിപ്പിച്ച തിരക്കഥാകൃത്താണ് കലൂർ ഡെന്നീസ്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജഗദീഷ് തുടങ്ങിയവർക്കൊപ്പം നിരവധി ഹിറ്റ് സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. ഇതിൽ തന്നെ കലൂർ ഡെന്നീസിന്റെ തിരക്കഥയിൽ 24 ഓളം സിനിമകളിലാണ് മമ്മൂട്ടി നായകനായി അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ മമ്മൂട്ടിയെ ആദ്യമായി കണ്ട ഓർമ്മ പങ്കുവെച്ചിരിക്കുകയാണ് കലൂർ ഡെന്നീസ്.

1980 ഡിസംബർ മാസത്തിൽ സംവിധായകൻ പി ചന്ദ്രകുമാറിനും ജോൺ പോളിനൊപ്പം 'സംഭവം' എന്ന പുതിയ സിനിമയുടെ ചർച്ച നടക്കുന്ന സമയത്താണ് മമ്മൂട്ടിയെ താൻ ആദ്യമായി കാണുന്നത്. 'ചർച്ച ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്നുള്ള കോളിങ് ബെൽ ശബ്ദം കേട്ട് റൂം ബോയ് ആയിരിക്കുമെന്ന് കരുതി ഞാൻ ഡോർ തുറന്നു. മുമ്പിൽ ബെൽബോട്ടം പാന്റും ധരിച്ച് പാതി വിടർന്ന പുഞ്ചിരിയുമായി സുമുഖനായ ഒരു ചെറുപ്പക്കാരൻ നിൽക്കുന്നു. 'എന്റെ പേര് മുഹമ്മദ് കുട്ടി. ഞാൻ കാർട്ടൂണിസ്റ്റ് യേശുദാസൻ സാർ പറഞ്ഞിട്ട് വന്നതാണ്. ചന്ദ്രകുമാർ സാറുണ്ടോ. ഞാനയാളോട് അകത്തേക്ക് വരാൻ പറഞ്ഞു. കക്ഷി പതുക്കെ അകത്തേക്ക് കയറി പോക്കറ്റിൽ നിന്ന് ഒരു കവർ എന്റെ നേരെ നീട്ടി,' കലൂർ ഡെന്നീസ് സമകാലിക മലയാളത്തിലെ 'എന്റെ നായക സ്വരൂപങ്ങൾ' എന്ന പംക്തിയിൽ കുറിച്ചു.

ആ കവറിൽ ഒരു കത്തായിരുന്നു. 'ഈ കത്തുമായി വരുന്ന ചെറുപ്പക്കാരൻ ഒരു പുതുമുഖ നടനാണ്. നിങ്ങൾ ചെയ്യാൻ പോകുന്ന സംഭവം എന്ന സിനിമയിൽ എന്തെങ്കിലും നല്ലൊരു സംഭവമുണ്ടെങ്കിൽ ഇയാളെ ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്' എന്നായിരുന്നു ആ കത്തിൽ കുറിച്ചിരുന്നത് എന്ന് കലൂർ ഡെന്നീസ് പറയുന്നു. ആ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ എല്ലാം തിരഞ്ഞെടുത്തിരുന്നത് കൊണ്ട് അടുത്ത സിനിമയിൽ ചാൻസ് നൽകാമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. എന്നാൽ തന്റെ വാക്കുകളിൽ അയാൾക്ക് നിരാശയുള്ളതായി തോന്നിയില്ല. പകരം തന്നോട് സിനിമാവിശേഷങ്ങൾ ചോദിച്ചറിയുകയായിരുന്നു മമ്മൂട്ടി എന്ന് കലൂർ ഡെന്നീസ് കുറിക്കുന്നു.

അയാൾ തന്റെ അഭിനയത്തോടുള്ള താല്പര്യത്തെക്കുറിച്ചും മധുവാണ് ഏറ്റവും ഇഷ്ടപ്പെട്ട അഭിനേതാവ് എന്നതിനെക്കുറിച്ചുമെല്ലാം വാചാലനായി. സിനിമയുടെ അണിയറപ്രവർത്തകർ മുറിയിൽ തനിക്കായി കാത്തിരിക്കുന്നതിനാൽ 'ഭാഗ്യമുണ്ടെങ്കിൽ അടുത്ത പടത്തിൽ നമുക്ക് ഒന്നിച്ച് കൂടാം' എന്ന് പറഞ്ഞു താൻ മമ്മൂട്ടിയെ യാത്രയാക്കി എന്നും കലൂർ ഡെന്നീസ് ഓർക്കുന്നു. 'ആളല്പം വാചകമാണെങ്കിലും അയാളുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ്' എന്നാണ് മമ്മൂട്ടിയുമായുള്ള ആദ്യ സംസാരത്തെക്കുറിച്ച് കലൂർ ഡെന്നീസ് കുറിച്ചിരിക്കുന്നത്.

മമ്മൂട്ടിയെ യാത്രയാക്കി മുറിയിലേക്ക് ചെന്നപ്പോൾ അൽപ്പം രൂക്ഷമായിട്ടിരുന്നു സംവിധായകൻ ചന്ദ്രകുമാറിന്റെ പ്രതികരണം. അദ്ദേഹം കാർട്ടൂണിസ്റ്റ് യേശുദാസിനെ വിളിച്ച് 'ദയവ് ചെയ്ത് ഇങ്ങനെയുള്ള ലാത്തികളെ ഒന്നും ഇങ്ങോട്ട് പറഞ്ഞുവിടരുത്' എന്ന് പറഞ്ഞതായും അദ്ദേഹം ഓർക്കുന്നു. എന്നാൽ ഒരു വർഷത്തിനിപ്പുറം മമ്മൂട്ടി എന്ന അഭിനയ മോഹി മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടനായി മാറി. 'അന്ന് ചാൻസ് കിട്ടാതെ നിരാശനായി ഇറങ്ങിപോയ ആ പുതുമുഖ നടനാണ് നമ്മുടെയെല്ലാം പ്രിയപ്പെട്ട മലയാളത്തിന്റെ മെഗാസ്റ്റാറായ മമ്മൂട്ടി' എന്ന് പറഞ്ഞുകൊണ്ടാണ് കലൂർ ഡെന്നീസ് ആ അനുഭവം അവസാനിപ്പിക്കുന്നത്.

Content Highlights: Kaloor Dennis shares the memory of meeting Mammootty for the first time

To advertise here,contact us