'അടുത്ത സിനിമ നസ്‌ലെനൊപ്പം'; വീണ്ടും ഒരു വ്യത്യസ്ത ഴോണർ ചിത്രവുമായി അൽത്താഫ് സലിം

നസ്‌ലെനൊപ്പം ഒരു ചിത്രം ചെയ്യാൻ ഒരുങ്ങുന്നതായി പറയുകയാണ് അൽത്താഫ് സലിം

നടൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും തന്റേതായ വ്യക്തമായ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് അൽത്താഫ് സലിം. ഫഹദ് ഫാസിലിനെ നായകനാക്കി 'ഓടും കുതിര ചാടും കുതിര' എന്ന സിനിമയാണ് അൽത്താഫിന്റേതായി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. ഈ സിനിമയ്ക്ക് ശേഷം നസ്‌ലെനൊപ്പം ഒരു ചിത്രം ചെയ്യാൻ ഒരുങ്ങുന്നതായി പറയുകയാണ് അൽത്താഫ് സലിം ഇപ്പോൾ. ബൈജു എൻ നായർക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അൽത്താഫ്.

'അടുത്തതായി നസ്‌ലെനൊപ്പം ഒരു സിനിമ ചെയ്യാൻ പ്ലാനുകളുണ്ട്. എല്ലാം ഒത്തുവന്നാൽ അത് സംഭവിക്കും. അത് ഒരു ക്രൈം-കോമഡി, മർഡർ മിസ്റ്ററി ജോണറിലുള്ള സിനിമയായിരിക്കും,' എന്ന് അൽത്താഫ് സലിം പറഞ്ഞു.

അതേസമയം ഓടും കുതിര ചാടും കുതിര ഈ ഓണം റിലീസായാണ് തിയേറ്ററുകളിലെത്തുക. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് ശേഷം അൽത്താഫ് സലിം ഒരുക്കുന്ന രണ്ടാം ചിത്രമാണ് ഓടും കുതിര ചാടും കുതിര. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്‌, ലാൽ, രണ്‍ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

പ്രേമലുവിന്റെ രണ്ടാം ഭാഗമായ പ്രേമലു 2, ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന അടുത്ത സിനിമ, തരുൺ മൂർത്തിയുടെ ടോർപിഡോ ഉൾപ്പടെ നിരവധി സിനിമകൾ നസ്‌ലെന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാനയാണ് നടന്റേതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ. ഏപ്രിൽ 10 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ആലപ്പുഴ ജിംഖാന ആഗോളതലത്തിൽ 70 കോടിയിലധികം രൂപയാണ് നേടിയത്.

Content Highlights: Althaf Salim planning to do a movie with Naslen

To advertise here,contact us