മുത്തങ്ങ ആദിവാസി സമരവും പോലീസ് നരനായാട്ടും പുതുതലമുറയെ ഓർമിപ്പിക്കുന്ന സിനിമ; നരിവേട്ടയെക്കുറിച്ച് പി ജയരാജൻ

കൃത്യമായ രാഷ്ട്രീയം പറയുന്ന അതിമനോഹരമായ ഒരു ചലച്ചിത്രാവിഷ്കാരമാണ് 'നരിവേട്ട'

ടൊവിനോ തോമസിനെ നായകനാക്കി അബിന്‍ ജോസഫിന്റെ തിരക്കഥയില്‍ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രമാണ് നരിവേട്ട. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന സിപിഎം നേതാവ് പി. ജയരാജന്‍. കൃത്യമായ രാഷ്ട്രീയം പറയുന്ന അതിമനോഹരമായ ചലച്ചിത്രാവിഷ്‌കാരമാണ് നരിവേട്ട. അന്നത്തെ ഭരണകൂടവും പോലീസും നിസ്സഹായരായ ആദിവാസി ജനവിഭാഗത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് സിനിമ കൃത്യമായി വരച്ചു കാണിക്കുന്നെന്നും പി.ജയരാജൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

പി ജയരാജന്റെ പോസ്റ്റിന്റെ പൂർണരൂപം:

ടോവിനോ തോമസിനെ നായകനാക്കി പ്രിയ സുഹൃത്തും ഇരിട്ടി സ്വദേശിയുമായ അനുരാജ് മനോഹർ സംവിധാനം ചെയ്ത "നരിവേട്ട" എന്ന സിനിമ കഴിഞ്ഞ ദിവസം കണ്ടു. ചിത്രത്തിന്റെ കഥയും ഇരിട്ടിക്കാരൻ തന്നെ. യുവതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ ശ്രീ: അബിൻ ജോസഫ്.

കൃത്യമായ രാഷ്ട്രീയം പറയുന്ന അതി മനോഹരമായ ഒരു ചലച്ചിത്രാവിഷ്കാരമാണ് "നരിവേട്ട". എകെ ആന്റണി മുഖ്യമന്ത്രിയും കെ സുധാകരൻ വനം വകുപ്പ് മന്ത്രിയും ആയിരുന്ന 2003 കാലഘട്ടത്തിൽ നടന്ന മുത്തങ്ങ ആദിവാസി സമരവും പോലീസ് നരനായാട്ടും പുതു തലമുറയെ ഓർമ്മിപ്പിക്കുന്നു ഈ സിനിമ. അന്നത്തെ ഭരണകൂടവും പോലീസും നിസ്സഹായരായ ആദിവാസി ജനവിഭാഗത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് കൃത്യമായി വരച്ചു കാണിക്കുന്നു. കഥയാവുമ്പോൾ സംഭവങ്ങളുടെ ചിത്രീകരണം മാത്രമല്ല ഭാവനയും കേറിവരും. അതും സിനിമയിൽ കാണാനാവും. അതേസമയം മാവോയിസ്റ്റ് ബന്ധം ചുമത്തി നടത്തുന്ന ആദിവാസി വേട്ടയെക്കുറിച്ചും പ്രേക്ഷകരെ ഓർമിപ്പിക്കുന്നു.

മുൻനിര താരങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് മികച്ച സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് ക്വാളിറ്റിയിൽ ഇത്തരമൊരു ചിത്രം പുറത്തിറങ്ങിയ അണിയറ പ്രവർത്തകരെ അഭിനന്ദിക്കുന്നു. തീർച്ചയായും ഏവരും കാണുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യേണ്ട സിനിമയാണിത്.

ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ആദ്യ ദിനം കേരള ബോക്സ് ഓഫീസിൽ തന്നെ 2.17 കോടി നേടി മികച്ച ഓപ്പണിങ് നേടിയിരിക്കുയാണ് ചിത്രം. രണ്ടാം ദിനം മികച്ച ബുക്കിങ്ങും ചിത്രത്തിന് ലഭിക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമൂടും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.

Content Highlights: P Jayrajan about Tovino film Narivetta

To advertise here,contact us