തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചിൽ കമൽ ഹാസൻ ജോജുവിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ വലിയ ശ്രദ്ധ നേടിയിരുന്നു. ഇരട്ടയിലെ ജോജുവിന്റെ പ്രകടനം തന്നിൽ അസൂയ ഉണ്ടാക്കിയെന്നും ജോജു അസാധ്യ നടനാണെന്നും കമൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കമൽ ഹാസനെവെച്ച് താൻ ഒരു സിനിമ ചെയ്യുകയാണെങ്കിൽ അത് കോമഡി സിനിമയാകും എന്ന് പറയുകയാണ് ജോജു.
'കമൽ സാറിനെവെച്ച് സിനിമ ചെയ്യാൻ അവസരം ലഭിച്ചാൽ കോമഡി ഴോണറാകും ട്രൈ ചെയ്യുക. തെനാലി പോലെ ആദ്യാവസാനം വരെ കോമഡിയുള്ള സിനിമയാകും അത്. അത്തരമൊരു സിനിമയിൽ സാറിനെ കാണാൻ ആഗ്രഹമുണ്ട്. ആ ആഗ്രഹത്തിന്റെ പുറത്താണ് ഞാൻ ഇങ്ങനെ പറയുന്നത്. തെനാലി ഒക്കെ മികച്ച സിനിമയാണ്. വെറുമൊരു ആഗ്രഹമാണ് അങ്ങനെ ഒരു സിനിമ ചെയ്യണമെന്ന്. കമൽ സാറിനെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാൻ പറഞ്ഞാൽ നായകൻ എന്നാകും മറുപടി,' ജോജു പറഞ്ഞു.
അതേസമയം തഗ് ലെെഫിന്റെ ട്രെയ്ലർ നേരത്തെ പുറത്തുവന്നിരുന്നു. മികച്ച അഭിപ്രായമാണ് ട്രെയ്ലറിന് ലഭിച്ചത്. ട്രെയ്ലർ പുറത്തിറങ്ങിയതിന് പിന്നാലെ മണിരത്നത്തിന്റെ സംവിധാനമികവും കമൽഹാസൻ, എസ്ടിആർ എന്നിവരുടെ കിടിലൻ പെർഫോമൻസും എ ആർ റഹ്മാന്റെ സംഗീതവും രവി കെ ചന്ദ്രന്റെ ഛായാഗ്രഹണവും ഉൾപ്പെടെ എല്ലാ മേഖലകൾക്കും പ്രശംസ ലഭിക്കുന്നുണ്ട്. എല്ലാ മേഖലകളും ഒരുപോലെ GOAT ലെവലിലാണെന്നാണ് പലരും കമന്റ് ചെയ്യുന്നത്. ജൂൺ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 45 മിനിട്ടാണ് സിനിമയുടെ നീളം. തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്വന്, അലി ഫസല്, പങ്കജ് ത്രിപാഠി, ജിഷു സെന്ഗുപ്ത, സാന്യ മല്ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
Content Highlights: Joju says if he were to do a film with Kamal Haasan, it would be a comedy genre