ആ പ്രമുഖ നടന്‍ ഞാനാണ്, ലിസ്റ്റിൻ പറഞ്ഞതെല്ലാം മാർക്കറ്റിങ് തന്ത്രം: ധ്യാൻ ശ്രീനിവാസൻ

'ഇതെല്ലാം ലിസ്റ്റിന്‍ എന്ന നിര്‍മ്മാതാവിന്റെ മാര്‍ക്കറ്റിങ് തന്ത്രമാണ്'

നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പ്രസ്താവനയിലെ 'പ്രമുഖ നടന്‍' താനാണെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. സിനിമയെ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ലിസ്റ്റിന്റെ മാർക്കറ്റിങ് തന്ത്രം മാത്രമായിരുന്നു അതെന്നും ധ്യാൻ പറഞ്ഞു. പുതിയ സിനിമയുടെ ഭാഗമായുള്ള പ്രമോഷൻ പരിപാടിയിൽ ലിസ്റ്റിന്‍ സ്റ്റീഫനെ വേദിയിലിരുത്തിയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍റെ പ്രതികരണം.

'ലിസ്റ്റിന്‍ പറഞ്ഞ ആ പ്രമുഖ നടന്‍ ഞാനാണ്, ഇതെല്ലാം ലിസ്റ്റിന്‍ എന്ന നിര്‍മ്മാതാവിന്റെ മാര്‍ക്കറ്റിങ് തന്ത്രമാണ്. ഒരു സിനിമയെ ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ നിര്‍മ്മാതാവ് ഒരു മാലപ്പടക്കത്തിന് തിരി കൊളുത്തിയതാണ്' എന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത്.

ഈ അടുത്തായിരുന്നു ലിസ്റ്റിൻ സ്റ്റീഫൻ വിവാദ പരാമർശം നടത്തിയത്. 'മലയാള സിനിമയിലെ ഒരു ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാലപ്പടക്കത്തിന് ഇന്ന് തിരി കൊളുത്തിയിരിക്കുന്നത്. അത് വേണ്ടായിരുന്നു. ആ നടൻ ചെയ്തത് വലിയ തെറ്റാണ്. ഇനി ആ തെറ്റ് ആവർത്തിക്കരുത്. അങ്ങനെ ചെയ്താൽ വലിയ പ്രശ്നങ്ങൾക്കും കാരണമാകും,' എന്നായിരുന്നു ആരുടേയും പേര് വ്യക്തമാക്കാതെയുള്ള ലിസ്റ്റിന്റെ പരാമർശം.

അതേസമയം, ലിസ്റ്റിന്‍ നിര്‍മിക്കുന്ന ബേബി ഗേള്‍ എന്ന ചിത്രത്തില്‍ നായകന്‍ നിവിന്‍ പോളിയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് വൈക്കത്ത് പുരോഗമിക്കുകയാണ്. നിവിന്‍ പോളി ചിത്രത്തില്‍ ജോയിന്‍ ചെയ്തതിന്റെ വീഡിയോ കഴിഞ്ഞ ദിവസം ലിസ്റ്റിന്‍ പങ്കുവച്ചിരുന്നു. ഗരുഡൻ എന്ന സിനിമയ്ക്ക് ശേഷം അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബേബി ഗേൾ. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമതു ചിത്രമാണിത്.

Content Highlights: Dhyan Sreenivasan talks about the statement of Listin Stephen

To advertise here,contact us