മുത്തുവേൽ പാണ്ഡ്യൻ്റെ മാസ് എൻട്രി, ജയിലർ 2 ചിത്രീകരണത്തിന് കോഴിക്കോടെത്തി രജനികാന്ത്; വീഡിയോ വൈറല്‍

ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്

തെന്നിന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ 2. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനായി സൂപ്പർസ്റ്റാർ രജനികാന്ത് കോഴിക്കോട് എത്തിയിരിക്കുകയാണ്.

ഹുക്കും സോങ്ങിന്റെ അകമ്പടിയോടെ കോഴിക്കോട്ടെ താമസസ്ഥലത്ത് രജനിയെ വരവേൽക്കുന്ന വീഡിയോ ഇപ്പോൾ വൈറലാണ്. ആറുദിവസം രജനികാന്ത് കോഴിക്കോട്ടുണ്ടാകും. ശനിയാഴ്ച്ച ബിസി റോഡിലുള്ള സുദർശൻ ബംഗ്ലാവിലാണ് സിനിമയുടെ കോഴിക്കോട് ഷെഡ്യൂൾ ആരംഭിച്ചത്. സിനിമയുടെ കേരളത്തിലെ പ്രധാന ലൊക്കേഷനാണ് ഇവിടം. 20 ദിവസത്തെ ചിത്രീകരണമാണ് ഇവിടെ നടക്കുക. കോഴിക്കോട്ടെ മറ്റു ചില ലൊക്കേഷനുകളിലും ചിത്രീകരണമുണ്ടാകുമെന്ന സൂചനയുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ അട്ടപ്പാടി ഷെഡ്യൂൾ പൂർത്തിയായത്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ആദ്യ ഭാഗത്തിൽ മലയാളി താരമായ വിനായകനായിരുന്നു വില്ലനായി എത്തിയത്. വലിയ സ്വീകാര്യതയാണ് ഈ വേഷത്തിന് ലഭിച്ചത്.

Superstar #Rajinikanth was welcomed with Hukum Song in Kozhikode for #Jailer2 Shoot..🤩🔥 pic.twitter.com/38o3tNSn2s

കഴിഞ്ഞ ദിവസം സംവിധായകൻ നെൽസൺ, മോഹൻലാൽ-സത്യൻ അന്തിക്കാട് ടീമിന്റെ ഹൃദയപൂർവ്വം എന്ന സിനിമയുടെ സെറ്റിൽ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജയിലർ 2ലെ മോഹൻലാലിന്റെ കഥാപാത്രം സംബന്ധിച്ച് ചർച്ചകൾ നടത്തുന്നതിനായാണ് നെൽസൺ ഹൃദയപൂർവ്വം സെറ്റിലെത്തിയത് എന്നാണ് സൂചന. ജയിലറിൽ മാത്യു എന്ന കഥാപത്രമായി എത്തിയിരുന്നത് മോഹൻലാൽ ആയിരുന്നു. ഇത്തവണയും മോഹൻലാൽ സിനിമയിൽ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പം ജയ്‌ലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തും.

Content Highlights: rajinikanth reached kozhikode for Jailer 2 shoot

To advertise here,contact us