ഏപ്രിലിൽ തമിഴ് ബോക്സ് ഓഫീസിൽ പരസ്പരം ഏറ്റുമുട്ടാനൊരുങ്ങി രണ്ട് സൂപ്പർതാരങ്ങൾ. നടൻ അജിത്കുമാറും ധനുഷുമാണ് ഒരേ ദിവസം തങ്ങളുടെ സിനിമയുമായി എത്താനൊരുങ്ങുന്നത്. അജിത് സിനിമയായ ഗുഡ് ബാഡ് അഗ്ലിയും ധനുഷ് സംവിധാനം ചെയ്ത് പ്രധാന വേഷത്തിൽ എത്തുന്ന ഇഡ്ലി കടൈയും ഏപ്രിൽ 10 ന് തിയേറ്ററിലെത്തും. രണ്ട് സിനിമകളുടെയും നിർമാതാക്കൾ റിലീസ് തീയതി ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.
ധനുഷ് സംവിധാനം ചെയ്യുന്ന ഇഡ്ലി കടൈയിൽ അരുൺ വിജയ്യും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിലെ നടന്റെ ക്യാരക്റ്റർ പോസ്റ്റർ ഇന്നലെ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു ബോക്സിങ് പശ്ചാത്തലത്തിലാണ് അരുൺ വിജയ്യുടെ കഥാപാത്രമുള്ളതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. പോസ്റ്ററിൽ ഒപ്പം ധനുഷിനെയും കാണാനാകും. തിരുച്ചിത്രമ്പലത്തിന് ശേഷം ധനുഷും നിത്യ മേനനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ധനുഷിന്റെ കരിയറിലെ 52 -ാം ചിത്രവും നാലാമത്തെ സംവിധാന സംരംഭവുമാണ് ഇഡ്ലി കടൈ. പാ പാണ്ടി, രായന്, നിലാവ്ക്ക് എന്‍ മേല്‍ എന്നടി കോപം എന്നീ ചിത്രങ്ങളാണ് നേരത്തെ ധനുഷ് സംവിധാനം ചെയ്തത്. ഇതില്‍ 'നിലാവ്ക്ക് എന്‍ മേല്‍ എന്നടി കോപം' എന്ന ചിത്രം വൈകാതെ തിയേറ്ററുകളിലെത്തും. ഡൗണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ ആകാശ് ഭാസ്കരനും ധനുഷും ചേര്‍ന്നാണ് 'ഇഡ്ലി കടൈ' നിര്‍മിക്കുന്നത്. ഡൗണ്‍ പിക്ചേഴ്സിന്റെ ആദ്യ നിര്‍മാണസംരംഭം കൂടിയാണ് ചിത്രം. ജിവി പ്രകാശ് കുമാറാണ് സംഗീതം.
ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത് അജിത് നായകനാകുന്ന ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രമാണ് 'ഗുഡ് ബാഡ് അഗ്ലി'. അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. ചിത്രം ഉറപ്പായും തിയേറ്ററിൽ വലിയ തരംഗം തീർക്കുമെന്നും വളരെ കാലത്തിന് ശേഷം അജിത് ആരാധകർക്ക് ആഘോഷിക്കാനുള്ള വക സിനിമ നൽകുമെന്നുമാണ് പലരും കുറിക്കുന്നത്. മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. ഇവ മൂന്നും ഇപ്പോൾ തന്നെ ട്രെൻഡിങ് ആയിക്കഴിഞ്ഞു. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന് രാമാനുജമാണ്. ജി വി പ്രകാശ് കുമാരന് സംഗീതം. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
Content Highlights: Idly Kadai and Good bad Ugly clashes on Box office