എട്ട് വർഷത്തെ നിയമയുദ്ധം അവസാനിച്ചു; ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും വിവാഹമോചിതരായി

പൊരുത്തപ്പെട്ടുപോകാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി 2016-ലാണ് ആഞ്ജലീന ജോളി വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്

എട്ട് വര്‍ഷം നീണ്ടുനിന്ന നിയമയുദ്ധത്തിനൊടുവില്‍ താരദമ്പതികളായ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും നിയമപരമായി വിവാഹമോചിതരായി. ഇരുവരും ഡിസംബര്‍ 30-ന് വിവാഹമോചന കരാറില്‍ ഒപ്പുവച്ചു. 2016-ലാണ് ആഞ്ജലീന ജോളി ബ്രാഡ് പിറ്റില്‍ നിന്ന് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. വേര്‍പിരിഞ്ഞത് മുതല്‍ ഇരുവരും തമ്മില്‍ നിയമപോരാട്ടവും തുടങ്ങിയിരുന്നു. സ്വത്തുക്കള്‍ സംബന്ധിച്ച തര്‍ക്കവും കുട്ടികളുടെ അവകാശവും ധാരണയിലെത്താതിരുന്നതോടെയാണ് നിയമയുദ്ധം നീണ്ടുപോയത്.

Also Read:

Special
ഉർവശി, ജഗദീഷ്, വിജയരാഘവൻ... പ്രകടനം കൊണ്ട് 2024ൽ ഞെട്ടിച്ച അഭിനേതാക്കൾ

2004-ല്‍ മിസ്റ്റര്‍ ആന്റ് മിസിസ് സ്മിത്ത് എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. വൈകാതെ അവര്‍ പങ്കാളികളാവുകയും ഒന്നിച്ച് താമസം തുടങ്ങുകയും ചെയ്തു. ഏറെ നാള്‍ ഒരുമിച്ച് ജീവിച്ച ഇരുവരും 2014-ലാണ് ഔദ്യോഗികമായി വിവാഹിതരായത്. ഇതിനിടെ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജോളി ജന്മം നല്‍കി. ഇരുവരും ചേര്‍ന്ന് മൂന്ന് കുട്ടികളെ ദത്തെടുക്കുകയും ചെയ്തു.

Also Read:

Special
ഇന്ത്യന്‍,വാലിബന്‍,പുഷ്പ....ലിസ്റ്റ് ഇനിയും നീളും; പ്രേക്ഷകരെ കഷ്ടപ്പെടുത്തിയ 2024ലെ സിനിമകള്‍

പൊരുത്തപ്പെട്ടുപോകാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി 2016-ലാണ് ആഞ്ജലീന ജോളി വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. ആ വര്‍ഷം ഒരു സ്വകാര്യ ജെറ്റില്‍ വെച്ച് തന്നോടും അവരുടെ രണ്ട് മക്കളോടും പിറ്റ് മോശമായി പെരുമാറിയെന്ന് ആഞ്ജലീന ജോളി പ്രത്യേക കോടതി നടപടികളില്‍ പിന്നീട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ബ്രാഡ് ഈ ആരോപണം നിഷേധിക്കുകയാണ് ചെയ്തത്. അന്വേഷണങ്ങളെത്തുടര്‍ന്ന്, ബ്രാഡിനെതിരെ ഒരു കുറ്റവും ചുമത്തിയിരുന്നില്ല. വിഷയം കൂടുതല്‍ നിയമപരമായി നേരിടേണ്ടതില്ലെന്നും ആഞ്ജലീന തീരുമാനിച്ചു. നാലു മാസത്തിന് ശേഷം, തങ്ങളുടെ വിവാഹമോചന നടപടികള്‍ സ്വകാര്യമായി കൈകാര്യം ചെയ്യാന്‍ സമ്മതിച്ചതായി ദമ്പതികള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കുകയും ചെയ്തു. വിവാഹമോചന ധാരണ സംബന്ധിച്ച കോടതി ഉത്തരവില്‍ മക്കളെക്കുറിച്ചുള്ള കരാര്‍ പരാമര്‍ശിച്ചിട്ടില്ലെന്നാണ് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Content Highlights: Angelina Jolie and Brad Pitt officially divorced

To advertise here,contact us