നമ്മുടെ സിനിമയെ തരംതാഴ്ത്തി വെസ്റ്റേൺ ആഘോഷിക്കുന്നു; ഇന്‍റര്‍സ്റ്റെല്ലാർ-പുഷ്പ വിഷയത്തിൽ ജാൻവി കപൂർ

പുഷ്പ 2 ഇന്ത്യയിലെ മുഴുവൻ ഐമാക്സ് സ്ക്രീനുകൾ കൈയ്യടക്കിയിരിക്കുന്നതിനാൽ ആണ് ഇന്‍റര്‍സ്റ്റെല്ലാറിന് ഇന്ത്യയിൽ റിലീസ് നിഷേധിച്ചതെന്ന് വാർത്തകളുണ്ടായിരുന്നു

ക്രിസ്റ്റഫർ നോളൻ ചിത്രമായ ഇന്റർസ്റ്റെല്ലാർ റിലീസ് ചെയ്ത് പത്താം വാർഷികത്തോടനുബന്ധിച്ച് ചിത്രം ലോകമെമ്പാടുമുള്ള ഐമാക്സ് സ്‌ക്രീനുകളിൽ റീ റിലീസ് ചെയ്തിരുന്നു. റീ റിലീസിലും മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്. എന്നാൽ ഇന്ത്യയിൽ ചിത്രത്തിന് റിലീസുണ്ടായിട്ടില്ല. അല്ലു അർജുൻ സിനിമയായ പുഷ്പ 2 ഇന്ത്യയിലെ മുഴുവൻ ഐമാക്സ് സ്ക്രീനുകൾ കൈയ്യടക്കിയിരിക്കുന്നതിനാൽ ആണ് ഇന്റെർസ്റ്റെല്ലാറിന് ഇന്ത്യൻ റിലീസ് നിഷേധിച്ചതെന്ന് വാർത്തകളുണ്ടായിരുന്നു. ഇതേ തുടർന്ന് പുഷ്പ ടീമിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ ട്രോളുകൾ ഉയർന്നിരുന്നു. ഇപ്പോഴിതാ അതിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ജാൻവി കപൂർ.

പുഷ്പ 2 ഉം ഒരു സിനിമയാണ്. ഹോളിവുഡിൽ നിന്ന് വരുന്ന സിനിമകളെ അമിതമായി ആരാധിക്കുകയും നമ്മുടെ നാട്ടിൽ നിന്ന് വരുന്ന സിനിമകളെ തരംതാഴ്ത്തി കണക്കാക്കുകയും ചെയ്യുന്നത് എന്തിനാണ് എന്നാണ് ജാൻവി കപൂർ ചോദിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു ഇൻസ്റ്റാഗ്രാം പേജ് ഇട്ട പോസ്റ്റിന് താഴെ കമന്റ് ചെയ്യുകയായിരുന്നു ജാൻവി കപൂർ. 'മറ്റു രാജ്യത്തെ പ്രേക്ഷകർ നമ്മുടെ കഥപറച്ചിലിനെയും ലാർജർ ദാൻ ലൈഫ് സിനിമകളെ അഭിനന്ദിക്കുകയും അത് കണ്ട് അത്ഭുതപ്പെടുകയും ചെയ്യുമ്പോൾ നമ്മൾ അതിൽ ലജ്ജിക്കുകയാണ് ചെയ്യുന്നത്. അത് വളരെ സങ്കടം ഉളവാക്കുന്ന കാര്യമാണ്', ജാൻവി കപൂർ കുറിച്ചു.

ചിത്രം ഇന്ത്യയിൽ ജനുവരിയിൽ റീ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. ഇന്‍റര്‍സ്റ്റെല്ലാർ ഇന്ത്യയിൽ റിലീസ് ചെയ്യാത്തതിൽ ആരാധകർ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. ഐമാക്‌സ് 70 എംഎം, ഡിജിറ്റൽ ഫോർമാറ്റുകളിൽ ഒരാഴ്ചയോളമാണ് ഇന്റെർസ്റ്റെല്ലാർ പ്രദർശിപ്പിക്കുന്നത്. ഇതിന് മുൻപും 'ഇന്‍റര്‍സ്റ്റെല്ലാർ' തിയേറ്ററുകളിൽ റീ റിലീസ് ചെയ്തിട്ടുണ്ട്. 165 മില്യൺ ഡോളറിൽ ഒരുങ്ങിയ സിനിമ ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത് 730.8 മില്യൺ ഡോളറാണ്.

Also Read:

Entertainment News
ആരാധകരെ തൃപ്തിപ്പെടുത്തുമോ? ഓഡിഷൻ ചെയ്തത് 32,000 പേരെ; ഷൂട്ടിങ്ങിനൊരുങ്ങി ഹാരി പോട്ടർ സീരീസ്

അതേസമയം ബോക്സ് ഓഫീസിൽ നിന്നും വമ്പൻ കളക്ഷൻ ആണ് പുഷ്പ 2 നേടുന്നത്. സിനിമ ഇതിനകം 400 കോടിക്ക് മുകളിൽ നേടിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിലും സിനിമക്ക് രണ്ടാം ദിനം മികച്ച കളക്ഷനാണ് ലഭിക്കുന്നതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ലോകമെമ്പാടുമുള്ള 12,500 ൽ അധികം സ്‌ക്രീനുകളിൽ ആണ് പുഷ്പ 2 ഇറങ്ങിയിരിക്കുന്നത്. പ്രീ സെയിലിൽ നിന്ന് മാത്രം ചിത്രം 100 കോടി നേടിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

Content Highlights: Jaanvi Kapoor reacts to Pushpa - Interstellar issue

To advertise here,contact us