'പുരികവും കണ്‍പീലികളും നരയ്ക്കാന്‍ തുടങ്ങി, എല്ലാ ദിവസവും പുതിയ പാടുകള്‍ ശരീരത്തിൽ പ്രത്യക്ഷപ്പെട്ടു'

ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ചതിനെ തുടർന്നാണ് കുറച്ച് കാലം സിനിമയിൽ നിന്ന് മാറി നിന്നതെന്ന് ആൻഡ്രിയ പറയുന്നു.

ശ്രദ്ധേയമായ വേഷങ്ങളിലൂടെയും ഗാനങ്ങളിലൂടെയും സിനിമാ രം​ഗത്ത് സ്ഥാനം നേടിയ നടിയാണ് ആൻഡ്രിയ ജെർമിയ. അന്നയും റസൂലും എന്ന സിനിമയിലൂടെയാണ് അൻഡ്രിയയെ ഇന്നും മലയാളികൾ ഓർക്കുന്നത്. ഇപ്പോഴിതാ അപൂര്‍വമായ ത്വക്ക്‌രോഗം ബാധിച്ചതിനെക്കുറിച്ചും അതിനെതിരായ പോരാട്ടത്തെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് നടി. ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ചതിനെ തുടർന്നാണ് കുറച്ച് കാലം സിനിമയിൽ നിന്ന് മാറി നിന്നതെന്ന് ആൻഡ്രിയ പറയുന്നു. ദിവ്യദര്‍ശിനിയുടെ 'ഹൗസ് ഓഫ് ഡിഡി' എന്ന പരിപാടിയിലാണ് നടിയുടെ പ്രതികരണം.

'വട ചെന്നൈ' എന്ന ചിത്രത്തിന് തൊട്ടുപിന്നാലെയാണ് തന്നെ ബാധിച്ച ഓട്ടോ ഇമ്യൂണ്‍ സ്‌കിന്‍ കണ്ടീഷന്‍ തിരിച്ചറിയുന്നതെന്ന് ആന്‍ഡ്രിയ പറഞ്ഞു. തലയിലെ മുടിയിഴകളൊന്നും നരച്ചിരുന്നില്ല. പക്ഷേ പുരികങ്ങളും കണ്‍പീലികളും നരയ്ക്കാന്‍ ആരംഭിച്ചു. എല്ലാ ദിവസവും പുതിയ പുതിയ പാടുകള്‍ ശരീരത്തിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. രക്തപരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എല്ലാം നോര്‍മലായിരുന്നു. എന്താണ് എനിക്ക് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലായില്ല.

എന്തെങ്കിലും വിഷാംശത്തോടുള്ള പ്രതികരണം ആയിരിക്കാം, അല്ലെങ്കില്‍ വൈകാരിക സമ്മര്‍ദം കൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നത് എന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. സിനിമാ മേഖലയില്‍ ജോലിചെയ്യുമ്പോള്‍ സമ്മര്‍ദമില്ലാതിരിക്കുക എന്നത് നടക്കുന്ന കാര്യമല്ല. ഒരു കഥാപാത്രം ചെയ്യുമ്പോള്‍ അതിന്റേതായ സമ്മര്‍ദം ഉണ്ടാകും. രോഗത്തോട് പോരാടാനാണ് സിനിമയില്‍നിന്ന് ഇടവേള എടുത്തത്. എന്നാല്‍, അതേക്കുറിച്ച് വേറ കഥകളാണ് ഇന്‍ഡസ്ട്രിയിലും മാധ്യമങ്ങളിലും പ്രചരിച്ചത്. ആന്‍ഡ്രിയ സിനിമയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കാരണം ഏതോ പുരുഷന്‍ കാരണമുള്ള ഡിപ്രഷന്‍ ആണെന്നൊക്കെ പ്രചരിക്കപ്പെട്ടു. താന്‍ ഇടവേള എടുത്തത് ത്വക്കിനെ ബാധിച്ച ആ അവസ്ഥയെ തുടര്‍ന്നായിരുന്നു. അതേക്കുറിച്ച് സംസാരിക്കേണ്ടതില്ല എന്നത് എന്റെ തീരുമാനമായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സമയം ആവശ്യമായിരുന്നു. നമ്മുടെ ശരീരം എന്തുകൊണ്ടാണ് നമുക്കെതിരേ പ്രവര്‍ത്തിക്കുന്നത് എന്ന് മനസ്സിലാകില്ല.

ഇപ്പോഴും രോഗത്തിന്റെ ഭാഗമായ പാടുകള്‍ ശരീരത്തിലുണ്ട്. അക്യൂപങ്ചര്‍ എന്ന ചികിത്സാരീതി തനിക്ക് വളരെയേറെ ഗുണംചെയ്‌തെന്നും ആന്‍ഡ്രിയ പറഞ്ഞു. രണ്ടുകൊല്ലത്തോളം അത് തുടര്‍ന്നു. രോഗത്തെ വലിയൊരളവില്‍ മറികടന്നു. കണ്‍പീലികളിലെ നരയെ മേക്കപ്പുകൊണ്ട് മറയ്ക്കാനാവും. ജീവിതശൈലിയില്‍ മാറ്റം വരുത്തി. തുടര്‍ച്ചയായി ജോലി ചെയ്യാനാകില്ല. ചെയ്താൽ അത് ത്വക്കില്‍ വളരെ പെട്ടെന്ന് തന്നെ പ്രകടമാകും. നേരത്തേയുള്ള പാടുകളെ മേക്കപ്പ് ഉപയോഗിച്ച് മറയ്ക്കാം. അങ്ങനെയാണ് മാസ്റ്റര്‍, പിസാസ് 2 തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തത്. ആരും രോഗം തിരിച്ചറിഞ്ഞില്ലെന്നും നടി പറഞ്ഞു.

Also Read:

Entertainment News
'തകര്‍ന്ന ഹൃദയങ്ങളാല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം', വിവാഹമോചനത്തിൽ പ്രതികരിച്ച് എ ആർ റഹ്മാൻ

വളര്‍ത്തുനായ 'ജോണ്‍ സ്‌നോ' രോഗത്തെ അതിജീവിക്കാന്‍ ഏറെ സഹായിച്ചുവെന്നും ആന്‍ഡ്രിയ പറഞ്ഞു. നായ യഥാര്‍ഥത്തില്‍ എന്നെ സഹായിക്കുകയല്ല, രക്ഷിക്കുകയാണ് ചെയ്തത്. ജോണ്‍ സ്‌നോ തന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം ശരീരത്തില്‍ പുതിയ പാടുകള്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

Content Highlights:  actor andrea jeremiah reveals her auto immune skin condition

To advertise here,contact us