രജനികാന്ത് നായകനായെത്തിയ പുതിയ ചിത്രമാണ് വേട്ടയ്യൻ. രജനിയും അമിതാഭ് ബച്ചനും ഉൾപ്പടെ വലിയ താരനിരയുള്ള സിനിമയിൽ ഏറെ കൈയ്യടി നേടിയ കഥാപാത്രമാണ് ഫഹദ് ഫാസിലിന്റെ പാട്രിക്. സീരിയസ് ആയി പോകുന്ന ചിത്രത്തിൽ ഫഹദിന്റെ കഥാപാത്രം ചിരിക്കാനുള്ള നിരവധി മുഹൂർത്തങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നായിരുന്നു പ്രേക്ഷകരുടെ അഭിപ്രായങ്ങൾ. ഇപ്പോഴിതാ വേട്ടയ്യനിലെ ഫഹദിന്റെ ഒരു ബിടിഎസ് വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
രജനികാന്ത്, അമിതാഭ് ബച്ചൻ തുടങ്ങിയവർക്കൊപ്പമുള്ള ഫഹദിന്റെ സീനുകളുടെ ബിടിഎസ്സാണ് പുറത്തുവിട്ടിരിക്കുന്നത്. പാട്രിക്കായുള്ള നടന്റെ പ്രകടനങ്ങൾ തന്നെയാണ് വീഡിയോയുടെ ഹൈലൈറ്റ്. സോഷ്യൽ മീഡിയയിലൂടെ നിരവധി പേര് ഈ വീഡിയോ പങ്കുവെക്കുന്നുണ്ട്.
#Vettaiyan pic.twitter.com/yNtD7kmnk6
ഫഹദ് സിനിമയുടെ ഭാഗമായതിനെക്കുറിച്ച് സംവിധായകൻ ടി ജെ ജ്ഞാനവേല്‍ പറഞ്ഞ വാക്കുകള്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ഫഹദ് ഫാസിലിന് താല്പര്യം തോന്നുന്ന സിനിമകൾ മാത്രമേ അദ്ദേഹം ചെയ്യുകയുള്ളൂ എന്നാണ് ജ്ഞാനവേല്‍ അന്ന് പറഞ്ഞത്. സിനിമ തിയേറ്ററിൽ വിജയിക്കുമോ ഇല്ലയോ എന്നതല്ല, ആ കഥാപാത്രം അദ്ദേഹത്തെ എക്സൈറ്റ് ചെയ്യിക്കണം. അല്ലാത്തപക്ഷം എത്ര പ്രതിഫലം കൊടുക്കാമെന്ന് പറഞ്ഞാലും ഫഹദ് ആ സിനിമ ചെയ്യുകയില്ലെന്നും ജ്ഞാനവേല്‍ പറഞ്ഞിരുന്നു.
അതേസമയം വേട്ടയ്യൻ ഉടൻ ഒടിടി റിലീസിന് ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. ചിത്രം ആമസോണ്‍ പ്രൈമിലൂടെ നവംബർ ഏഴ് മുതൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രജനികാന്ത്, അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, എന്നിവർക്ക് പുറമെ റാണ, മഞ്ജു വാര്യര്‍, റിതിക സിംഗ്, ദുഷാര വിജയൻ തുടങ്ങി വൻ താരനിര ഭാഗമായ ചിത്രമാണ് വേട്ടയ്യൻ. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചത്.
Content Highlights: Vettaiyan movie Fahadh Faasil's BTS gone viral