ചെറുതും വലുതുമായ നിരവധി കഥാപത്രങ്ങളിലൂടെ സുപരിചിതമായ മുഖമാണ് പ്രശാന്ത് അലക്സാണ്ടറിന്റേത്. പ്രൊഡക്ഷൻ രംഗത്തും അദ്ദേഹം സജീവമാണ്. സ്ക്രീനിൽ കാണുമ്പോൾ പ്രേക്ഷകർക്ക് ഇവനിട്ട് ഒന്ന് കൊടുത്താൽ കൊള്ളാമെന്ന് തോന്നുന്ന മുഖമാണ് തന്റേതെന്നും അത്തരം കഥാപാത്രങ്ങളിലൂടെ താൻ രജിസ്റ്റേർഡ് ആയതെന്നും പറഞ്ഞിരിക്കുകയാണ് പ്രശാന്ത്. റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.
'ചില മുഖങ്ങൾ സ്ക്രീനിൽ കാണുമ്പോൾ അവനിട്ടൊന്ന് പൊട്ടിച്ചാൽ കൊള്ളാം എന്ന് തോന്നാറുണ്ട്. എന്റെ മുഖം അങ്ങനെയാണെന്ന് തോന്നുന്നു. അതിന് കറക്റ്റ് ആയിട്ടുള്ള വേഷങ്ങൾ ആണ് എനിക്ക് കിട്ടിയത്. ആക്ഷൻ ഹീറോ ബിജുവിൽ ആളുകൾ ഇഷ്ടപ്പെടുന്ന ബിജു പോലീസിന്റെ മുന്നിൽ ഒരു ആവശ്യവും ഇല്ലാതെ ചെന്ന് കുട്ടിയെ പട്ടി കടിക്കുന്നതൊക്കെ വലിയ കാര്യമാണോ എന്ന് ചോദിക്കുമ്പോൾ നല്ല ചീത്ത കേട്ട് വാ പൊളിച്ച് നിൽക്കുന്നതിന് സ്ക്രീനിൽ കയ്യടി കിട്ടുമ്പോൾ അതൊരു ഇമേജ് ആയി മാറുകയാണ് '. പ്രശാന്ത് അലക്സാണ്ടർ പറഞ്ഞു.
പിന്നീട് തന്നെ തേടിയെത്തുന്ന ചിത്രങ്ങളിലെ കഥാപത്രങ്ങൾ എല്ലാം ഇത്തരത്തിലാണെന്നും. ചീത്ത വിളി കേൾക്കുമ്പോൾ ചമ്മി നിൽക്കുന്ന റോളുകളിൽ പ്രശാന്തിന്റെ കയ്യിൽ ഭദ്രമാണെന്ന് പൊതുവിൽ ഒരു സംസാരം ഉണ്ടെന്നും പ്രശാന്ത് അലക്സാണ്ടർ കൂട്ടിച്ചേർത്തു.
നിവിൻ പോളി നായകനായെത്തിയ ആക്ഷൻ ഹീറോ ബിജുവിൽ രാഷ്ട്രീയക്കാരനായ പൊറ്റക്കുഴി ജോസ് എന്ന കഥാപാത്രത്തെയാണ് പ്രശാന്ത് അവതരിപ്പിച്ചത്. തിയേറ്ററുകളിൽ ഇവരുടെ കോമഡിയ്ക്കും കോമ്പിനേഷനും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.
Content Highlights: Actor Prashanth Alexander about his Rolls in Cinema