'മലയാളത്തിലെ ഏറ്റവും ബോക്സ്ഓഫീസ് ഗ്യാരന്റിയുള്ള നടനായി ആസിഫ് മാറി'; പ്രശംസിച്ച് അനൂപ് മേനോൻ

അനൂപ് മേനോന് പുറമെ സത്യൻ അന്തിക്കാട്, 'ആട്ടം' സിനിമയുടെ സംവിധായകൻ ആനന്ദ് ഏക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ർഷി തുടങ്ങിയവരും സിനിമയെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.

ആസിഫ് അലി നായകനായെത്തിയ 'കിഷ്കിന്ധാ കാണ്ഡം' എന്ന ചിത്രത്തെ പ്രശംസിച്ച് അനൂപ് മേനോൻ. തിരക്കഥ, സംവിധാനം, ഛായാഗ്രഹണം എന്നിങ്ങനെ സർവ മേഖലകളിലും മികവ് പുലർത്തിയ സിനിമയാണ് കിഷ്കിന്ധാ കാണ്ഡം എന്നും ഈ ചിത്രത്തിലൂടെ ഏറ്റവും അധികം ബോക്സ്ഓഫീസ് ഗ്യാരന്റിയുള്ള നടനായി ആസിഫ് അലി മാറിയതായും അനൂപ് മേനോൻ പറഞ്ഞു. അപർണ ബാലമുരളി, വിജയരാഘവൻ, അശോകൻ, ജഗദിഷ് തുടങ്ങിയവരുടെ പ്രകടനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

'എല്ലായിടത്തും മിഴിവോടെ എഴുതിയ ഒരു സിനിമ. ഏറ്റവും മികച്ച സിനിമ. പരസ്പരം മത്സരിക്കുന്ന തിരക്കഥയും സംവിധാനവും ഛായാഗ്രഹണവും. ബാഹുലിനും ദിൻജിത്തിനും മലയാള സിനിമയുടെ ഭാവിയിലേക്ക് സ്വാഗതം.. ഒപ്പം പ്രിയപ്പെട്ട ആസിഫ്, ലെവൽ ക്രോസിനും തലവനും അഡിയോസ് അമിഗോയ്ക്കും കിഷ്‌കിന്ധാകാണ്ഡത്തിനും ശേഷം ഇന്ന് നമുക്കുള്ളതിൽ വെച്ച് ഏറ്റവും ബാങ്കബിളായ നടൻ എന്ന നിലയിൽ നിങ്ങൾ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു. വിജയരാഘവൻ ചേട്ടൻ ഒരു കഥാപാത്രത്തിന്റെസൂക്ഷ്മതകൾ അസൂയാവഹമായാണ് ചെയ്തിരിക്കുന്നത്. അപർണ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ജഗദീഷേട്ടനും അശോകേട്ടനും മികവ് പുലർത്തി. അവസാനമായി, ജോബി അണ്ണാ എങ്ങനെയാണ് എല്ലാ തവണയും സ്വർണ്ണം തന്നെ അടിക്കാൻ കഴിയുന്നത്?' അനൂപ് മേനോൻ സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.

https://www.facebook.com/AnoopMenonOfficialPage/posts/pfbid02Xo1YJniJEZ4aeWARTNnv2QdJNPTcL4huitcdSpSewf8U8eJKaCgxfbnimaRnFakNl

അനൂപ് മേനോന് പുറമെ സത്യൻ അന്തിക്കാട്, 'ആട്ടം' സിനിമയുടെ സംവിധായകൻ ആനന്ദ് ഏക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ർഷി തുടങ്ങിയവരും സിനിമയെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ കണ്ട് മലയാള സിനിമ തകർന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് 'കിഷ്കിന്ധാ കാണ്ഡം' കണ്ടതെന്നും ആഹ്ലാദത്തേക്കാളേറെ ആശ്വാസമാണ് തോന്നിയതെന്നുമാണ് സത്യൻ അന്തിക്കാട് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. ആസിഫ് അലിയുടേത് അതിശയിപ്പിക്കുന്ന പ്രകടനമെന്ന് കുറിച്ച സത്യൻ അന്തിക്കാട് ചിത്രത്തിലെ മറ്റു അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും പ്രശംസിക്കുകയും ചെയ്തു.

അതി​ഗംഭീരമായ സിനിമയാണ് കിഷ്കിന്ധാ കാണ്ഡമെന്നും ആരും ചിത്രം കാണാതെ പോകരുതെന്നുമാണ് ആനന്ദ് ഏകർഷി കുറിച്ചത്. 'എന്തൊരു സിനിമ! അത്ഭുതപ്പെടുത്തുന്ന തിരക്കഥയും അത്ര തന്നെ മികവുള്ള സംവിധാനവും. കറകളഞ്ഞ അഭിനയം, എഡിറ്റ്, സംഗീതം, സൗണ്ട് ഡിസൈൻ, സിനിമാറ്റോഗ്രഫി, എല്ലാം ഒന്നിനൊന്ന് മികച്ചത് ഇത്രയും പൂർണ്ണമായ ഇത്രയും സിനിമയുള്ള സിനിമ ഈ അടുത്തൊന്നും കണ്ടിട്ടില്ല..! കാണാതെ പോകരുത്,' ആനന്ദ് ഏകർഷിയുടെ വാക്കുകൾ ഇങ്ങനെ.

ഫാമിലി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും ക്യാമറ കൈകാര്യം ചെയ്തതും ബാഹുൽ രമേശാണ്. ചിത്രത്തിലെ ആസിഫ് അലിയുടെയും വിജയരാഘവന്റേയും പ്രകടനങ്ങൾക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രമാണ് 'കിഷ്കിന്ധാ കാണ്ഡം' എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

To advertise here,contact us