അല്ലു അര്ജുൻ-ത്രിവിക്രം കോംബോയുടെ നാലാം ചിത്രമൊരുങ്ങുന്നു; ഇത്തവണയും പക്കാ എന്റർടെയ്നർ ചിത്രം

ഗുരുപൂര്ണ ദിനത്തോടനുബന്ധിച്ചാണ് പുതിയ സിനിമയുമായി ഇരുവരും ഒന്നിക്കുന്ന വിവരം പ്രഖ്യാപിച്ചത്

എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിറ്റായ 'ജൂലായി', 'സണ് ഓഫ് സത്യമൂര്ത്തി', 'അലാ വൈകുണ്ഡപുരംലോ' എന്നീ സിനിമകളൊരുക്കിയ അല്ലു അര്ജുൻ-ത്രിവിക്രം കോംബോയിൽ വീണ്ടുമൊരു ചിത്രമെത്തുന്നു. ഗുരുപൂര്ണ ദിനത്തോടനുബന്ധിച്ചാണ് പുതിയ സിനിമയുമായി ഇരുവരും ഒന്നിക്കുന്ന വിവരം പ്രഖ്യാപിച്ചത്.

ഇത്തവണ തെലുങ്ക് പ്രേക്ഷകരെ മാത്രമല്ല ലോകസിനിമാ പ്രേമികളെ മുഴുവൻ രസിപ്പിക്കുന്ന തരത്തിലുള്ള ചിത്രമൊരുക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. അല്ലു അര്ജുനും ത്രിവിക്രമിനുമൊപ്പം നിർമ്മാതാക്കളായ ഹാരിക ആൻഡ് ഹാസിനി ക്രിയേഷന്സും ഒരിക്കല്ക്കൂടി ഒന്നിക്കുകയാണ്.

ഇവരുടെ എട്ടാമത്തെ ചിത്രമാണ് ഇത്. അല്ലു അര്ജുന്-ത്രിവിക്രം ജോഡിയില് പുറത്തുവന്ന മൂന്നു ചിത്രങ്ങളും പ്രേക്ഷക കൈയ്യടി നേടിയതാണ്. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അല്ലു അർജുൻ നിലവിൽ പുഷ്പ 2-ന്റെ തിരക്കിലാണ്. പുഷ്പയ്ക്ക് ശേഷമാകും പുതിയ ചിത്രത്തിന്റെ ഭാഗമാകുക.

To advertise here,contact us