പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ ലൈഗിംകമായി പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ കുന്നംകുളം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ ലൈഗിംകമായി പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. ചൂണ്ടല്‍ സ്വദേശിയായ 52 കാരന്‍ നൗഷാദിനെയാണ് വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ ചൂണ്ടലിലെ ഇയാളുടെ വീട്ടില്‍ നടത്തുന്ന ട്യൂഷന്‍ സെന്ററില്‍ വെച്ചാണ് സംഭവം. നൗഷാദിനെതിരെ മൂന്ന് പെണ്‍കുട്ടികളാണ് പൊലീസില്‍ പരാതി നല്‍കിയത്.

വിദ്യാര്‍ത്ഥിനികളുടെ പെരുമാറ്റത്തില്‍ വീട്ടുകാര്‍ക്ക് സംശയം തോന്നിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. ക്ലാസ് എടുക്കുന്നതിനിടെ ഇയാള്‍ വിദ്യാര്‍ത്ഥികളെ കടന്നുപിടിച്ചെന്നും ലൈംഗികാതിക്രമം നടത്തിയെന്നും കുട്ടികള്‍ വീട്ടുകാരോട് പറഞ്ഞു. പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സ്റ്റേഷനിലെത്തി രക്ഷിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും മറ്റ് കുട്ടികളെയും ഇയാള്‍ ഉപദ്രവിച്ചിരുന്നോ എന്നതടക്കം പരിശോധിക്കുമെന്നും കുന്നംകുളം പൊലീസ് അറിയിച്ചു.

Content Highlights: Tuition Teacher Arrested In Minor Schoolgirls Case

To advertise here,contact us