പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിൽ മുൻ സർക്കാർ ബസ് ഡ്രൈവറുടെ വീട്ടിൽ നടത്തിയ പൊലീസ് റെയ്ഡിൽ 28.5 കോടി പണവും 15 കിലോഗ്രാം സ്വർണവും പിടിച്ചെടുത്തു. കവർച്ചക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മുഹമ്മദ് ബസാർ പൊലീസ് നടത്തിയ പരിശോധനയിലാണ് ഈ വൻ കണ്ടെത്തൽ.
ഡ്യൂച്ച ഗ്രാമത്തിലെ വിരമിച്ച സർക്കാർ ബസ് ഡ്രൈവറായ മിനാർ മണ്ഡൽ എന്നയാളുടെ വീട്ടിൽ നിന്നാണ് രണ്ട് ട്രങ്കുകളിലായി സൂക്ഷിച്ചിരുന്ന പണവും സ്വർണബാറുകളും സ്വർണബിസ്കറ്റുകളും കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് ഏകദേശം 21.5 കോടി രൂപയുടെ വിപണിമൂല്യമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതോടെ പിടിച്ചെടുത്ത ആസ്തിയുടെ ആകെ മൂല്യം 50 കോടിയിലധികം വരും.
കറൻസി കൗണ്ടിംഗ് മെഷീനുകൾ എത്തിച്ചാണ് പിടിടച്ചെടുത്ത നോട്ടുകളുടെ എണ്ണൽ പൂർത്തിയാക്കിയത്. മണിക്കൂറുകളോളം നീണ്ട പരിശോധനയ്ക്ക് ശേഷമാണ് പൊലീസ് പണവും സ്വർണവും കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മിനാർ മണ്ഡൽ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പോലീസ് പറയുന്നതനുസരിച്ച്, കവർച്ചക്കേസിൽ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് മിനാർ മണ്ഡലിലേക്ക് അന്വേഷണസംഘം എത്തിയത്. വിരമിച്ച ശേഷം ഇയാൾ കരിങ്കല്ല് വ്യാപാരവുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
അനധികൃത കല്ല്-മണൽ ഖനനവുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ള തുലു മണ്ഡൽ എന്നറിയപ്പെടുന്ന മുഹമ്മദ് നജീബുദ്ദീൻ എന്നയാളുമായി മിനാർ മണ്ഡലിന് അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. പിടിച്ചെടുത്ത പണവും സ്വർണവും തുലു മണ്ഡലിന്റേതാണെന്ന് മിനാർ മണ്ഡൽ ചോദ്യം ചെയ്യലിൽ മൊഴി നൽകിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, ഇത്രയും വലിയ തുകയും സ്വർണവും വീട്ടിലുണ്ടായിരുന്ന കാര്യം അറിയില്ലായിരുന്നുവെന്ന് മിനാർ മണ്ഡലിന്റെ കുടുംബാംഗങ്ങൾ പ്രതികരിച്ചു. നിയമാനുസൃത വരുമാനവുമായി ഈ സ്വത്തിനുള്ള ബന്ധം, പണത്തിന്റെയും സ്വർണത്തിന്റെയും യഥാർത്ഥ ഉറവിടം, കൂടാതെ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളുമായുള്ള സാധ്യതയുള്ള ബന്ധം എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നതെന്ന് പൊലീസ് അറിയിച്ചു. സമീപകാലത്ത് പശ്ചിമ ബംഗാളിൽ നടന്ന ഏറ്റവും വലിയ പണവും സ്വർണവും പിടിച്ചെടുക്കലുകളിലൊന്നായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.
Content Highlights: 15 kg gold, ₹28.5 crore cash recovered from former govt bus driver in Bengal’s Birbhum