ഇന്ത്യൻ ഓഹരി വിപണിയിൽ ദീർഘകാല നിക്ഷേപങ്ങളുടെ ശക്തിയും നേട്ടവും തെളിയിക്കുന്ന ഒട്ടനവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. അക്കൂട്ടത്തിലേയ്ക്ക് ഏറ്റവും ഒടുവിലായി ഒരു പ്രതിരോധ കമ്പനിയുടെ ഓഹരി ശ്രദ്ധ നേടുകയാണ്. വെറും 8 രൂപ നിലവാരത്തിൽ വ്യാപാരം നടത്തിയിരുന്ന ഈ ഓഹരി ഇന്ന് 1,578 നിലവാരത്തിലെത്തിയിരിക്കുകയാണ്. 10 വർഷത്തിനിടെ ഏകദേശം 17,800 ശതമാനത്തിലധികം നേട്ടമാണ് നിക്ഷേപകർക്ക് സമ്മാനിച്ചത്. ഓഹരിയുടെ പേര് നൈബ് ലിമിറ്റഡ്.
പെന്നി സ്റ്റോക്കിൽ നിന്ന് മൾട്ടിബാഗറിലേക്ക്
ഓഹരി വിപണിയിൽ 10ൽ താഴെ വിലയുള്ള ഓഹരികളെയാണ് സാധാരണയായി പെന്നി സ്റ്റോക്കുകൾ എന്ന് വിശേഷിപ്പിക്കുന്നത്. എന്നാൽ ശക്തമായ ബിസിനസ് വളർച്ചയും വികസനവും ലഭിച്ചാൽ ഇത്തരം ഓഹരികൾ മൾട്ടിബാഗറുകളായി മാറാറുണ്ട്. നൈബ് ലിമിറ്റഡ് ഓഹരിയും അത്തരത്തിലാണ് മുന്നേറിയത്. ഒരു ദശാബ്ദം മുമ്പ് വെറും 8 രൂപ നിലവാരത്തിലായിരുന്ന ഓഹരി പിന്നീട് തുടർച്ചയായ വളർച്ചയിലൂടെ 1,500 രൂപ നിലവാരവും മറികടന്നു.
1 ലക്ഷം എങ്ങനെ 1.8 കോടിയായി?
10 വർഷം മുമ്പ് ഈ ഓഹരിയിൽ 1 ലക്ഷം നിക്ഷേപിക്കുകയും അതിൽ നിന്ന് പുറത്തുകടക്കാതെ തുടരുകയും ചെയ്ത ഒരു നിക്ഷേപകന്റെ സമ്പത്ത് ഇന്ന് ഏകദേശം 1.8 കോടിയായി വളർന്നേനെയെന്നാണ് കണക്കുകൾ പറയുന്നത്. ദീർഘകാല നിക്ഷേപത്തിന്റെയും കോംബൗണ്ടിങ്ങിന്റേയും വ്യക്തമായ ഉദാഹരണമാണിത്.
പ്രതിരോധ മേഖലയ്ക്ക് ലഭിച്ച വളർച്ച
കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇന്ത്യൻ പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്. ഒറ്റവാക്കിൽ ഇക്കാലയളവിൽ ഇന്ത്യൻ പ്രതിരോധ മേഖല സമാനതകളില്ലാത്ത വളർച്ചയാണ് കാഴ്ചവെച്ചത്. മേയ്ക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് പദ്ധതികളുടെ കരുത്തിൽ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഭ്യന്തര ഉൽപ്പാദനവും കയറ്റുമതിയും വൻതോതിൽ വർദ്ധിപ്പിക്കാനും ഇന്ത്യക്ക് സാധിച്ചു. പ്രതിരോധ കയറ്റുമതിയിൽ 30 മടങ്ങിലധികം വളർച്ചയാണ് ഉണ്ടായത്. 2013-14 സാമ്പത്തിക വർഷത്തിൽ വെറും 686 കോടിയായിരുന്ന ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി, 2025-26 വർഷത്തിൽ റെക്കോർഡ് തുകയായ 38,424 കോടി രൂപയിലെത്തി.
നിലവിൽ യു.എസ്.എ, ഫ്രാൻസ്, അർമേനിയ ഉൾപ്പെടെ ലോകമെമ്പാടുമുള്ള എൺപതിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിരോധ സാമഗ്രികൾ കയറ്റി അയക്കുന്നുണ്ട്. കൂടാതെ 2014-15 കാലഘട്ടത്തിൽ 46,429 കോടിയായിരുന്ന ആഭ്യന്തര പ്രതിരോധ ഉൽപ്പാദന മൂല്യം, 2024-25 സാമ്പത്തിക വർഷത്തിൽ 1.54 ലക്ഷം കോടി രൂപയായി ഉയർന്നു. ഇത് ഏകദേശം 174%-ലധികം വളർച്ചയാണ് കാണിക്കുന്നത്. ബജറ്റ് തുക കണക്കിലെടുമ്പോൾ 2013-14ൽ 2.53 ലക്ഷം കോടിയായിരുന്ന ഇന്ത്യയുടെ പ്രതിരോധ ബജറ്റ് വിഹിതം, നിലവിൽ 6.21 ലക്ഷം കോടി രൂപയ്ക്കും മുകളിലേക്ക് ഉയർന്നു.
ആഭ്യന്തര കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ ബജറ്റിന്റെ 75 ശതമാനവും ഇന്ത്യയിലെ പ്രാദേശിക കമ്പനികളിൽ നിന്ന് സാമഗ്രികൾ വാങ്ങാനായി മാറ്റിവെച്ചിരിക്കുകയാണ്. ഇത്തരം കേന്ദ്ര സർക്കാർ നടപടികൾ എല്ലാം തന്നെ പ്രതിരോധ മേഖലയിലെ കമ്പനികൾക്ക് പതിന്മടങ്ങ് വളർച്ചയാണ് നേടിക്കൊടുത്തത്. ഇതിനു പുറമെ നിരന്തരമനായ വലിയ ഓർഡറുകളും, ലാർസൻ ആൻഡ് ടൂബ്രോ പോലുള്ള വമ്പൻ സ്വകാര്യ കമ്പനികളുമായുള്ള സഹകരണവും ഒക്കെയാണ് നൈബ് കമ്പനിയുടെ വളർച്ചയ്ക്ക് കാരണമായത്. ബ്രഹ്മോസ് മിസൈലുകൾ, എം.ആർ.എസ്.എ.എം സിസ്റ്റങ്ങൾ എന്നിവയ്ക്കുള്ള ലോഞ്ചർ ഘടനകൾ നിർമ്മിക്കുന്നത് നൈബ് കമ്പനിയാണ്. കമ്പനിയുടെ ഷിർദ്ദിയിലെ പ്ലാന്റിന്, മഹാരാഷ്ട്ര സർക്കാർ മെഗാ പ്രൊജക്റ്റ് എന്ന പദവി നൽകിയതോടെ സബ്സിഡികളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമായിട്ടുണ്ട്.
നിക്ഷേപകരെ സമ്പന്നരാക്കിയ ദീർഘകാല ക്ഷമ
ഓഹരി വിപണിയിലെ പ്രമുഖ നിക്ഷേപകരുടെ അഭിപ്രായത്തിൽ വലിയ സമ്പത്ത് സൃഷ്ടിക്കുന്നത് ഇടയ്ക്കിടെയുള്ള വാങ്ങലും വിൽപ്പനയും കൊണ്ടല്ല, മറിച്ച് മികച്ച കമ്പനികളിൽ ദീർഘകാലം നിക്ഷേപം നിലനിർത്തുന്നതിലൂടെയാണ്. ഈ ഓഹരിയുടെ യാത്രയും അതാണ് തെളിയിക്കുന്നത്. വിപണിയിലെ പല ഉയർച്ച-താഴ്ചകളും മറികടന്ന് ഓഹരി കൈവശം വച്ച നിക്ഷേപകർക്ക് അസാധാരണമായ സമ്പത്ത് സൃഷ്ടിക്കാൻ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.
ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
മൾട്ടിബാഗർ നേട്ടങ്ങൾ ആകർഷകമാണെങ്കിലും എല്ലാ പെന്നി സ്റ്റോക്കുകളും ഇത്തരത്തിൽ വളരുമെന്ന് ഉറപ്പില്ല. കമ്പനിയുടെ സാമ്പത്തിക നില, ഓർഡർ ബുക്ക്, വരുമാന വളർച്ച,ലാഭക്ഷമത, കടബാധ്യത, മേഖലയിലെ ഭാവി സാധ്യതകൾ എന്നിവ നിക്ഷേപത്തിന് മുൻപ് ഉറപ്പാക്കേണ്ടതുണ്ട്.
Content Highlights: 8 to 1437: Penny stock turns multibagger! Defence stock turns 1 lakh into 1.8 crore in 10 years