ഇന്ത്യയിൽ സമീപകാലത്ത് സൈബർ തട്ടിപ്പുകളില്‍ വന്‍ വർധനവ്. ടെലിഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകൾ വഴി വിൽക്കപ്പെടുന്ന അത്യാധുനിക ടൂളുകൾ ഉപയോഗിച്ച് തട്ടിപ്പുകാർ ബാങ്ക് സുരക്ഷാ സംവിധാനങ്ങളെ മറികടക്കുന്നുവെന്ന ഗുരുതരമായ റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ടെലിഗ്രാം ചാനലുകൾ വഴി വിൽക്കുന്ന പ്രത്യേക സോഫ്റ്റ്വെയറുകൾ ഉദാഹരണത്തിന് അനുബിസ്, ഹൈഡ്ര പോലുള്ളവ ഇന്ത്യയിലെ പ്രമുഖ ബാങ്കുകളുടെ ആപ്പുകളെയാണ് ലക്ഷ്യം വെക്കുന്നത്.
സാമ്പത്തിക വിവരങ്ങൾ, വ്യക്തിഗത ഡാറ്റ, ക്രിപ്റ്റോകറൻസി എന്നിവ മോഷ്ടിക്കാൻ രൂപകൽപ്പന ചെയ്ത മൊബൈൽ മാൽവെയർ സ്കാമുകളായി പ്രവർത്തിക്കുന്ന വളരെ അപകടകരവും വ്യത്യസ്തവുമായ ആൻഡ്രോയിഡ് ബാങ്കിംഗ് ട്രോജനുകളാണ് അനുബിസും ഹൈഡ്രയും. ഒരു വ്യാജ ലിങ്ക് വഴി നിങ്ങളുടെ ഫോണിൽ കയറിക്കൂടുന്ന ഈ വൈറസ്, നിങ്ങൾ ബാങ്ക് ആപ്പ് തുറക്കുമ്പോൾ അതിനു മുകളിലായി ഒരു വ്യാജ ലോഗിൻ പേജ് കാണിക്കുന്നു.ഇങ്ങിനെ നിങ്ങൾ നൽകുന്ന യൂസർനെയിമും പാസ്വേഡും നേരിട്ട് തട്ടിപ്പുകാരിലേക്ക് എത്തുന്നു.
ഒ ടി പി ബോട്ട്സ്
ബാങ്കുകൾ നൽകുന്ന സുരക്ഷാ കവചമായ ഒ ടി പി തട്ടിയെടുക്കാൻ ഇപ്പോൾ ടെലിഗ്രാം ബോട്ടുകൾ ലഭ്യമാണ്. തട്ടിപ്പുകാർ നിങ്ങളുടെ ബാങ്ക് ഉദ്യോഗസ്ഥൻ എന്ന വ്യാജേന വിളിക്കുകയും, ആ സമയത്ത് ഈ ബോട്ട് ഉപയോഗിച്ച് നിങ്ങളുടെ ഫോണിലേക്ക് വരുന്ന ഒ ടി പി രഹസ്യമായി ചോർത്തുകയും ചെയ്യുന്നു. ഇന്ത്യയിൽ പല പ്രമുഖ ബാങ്ക് ഉപഭോക്താക്കളും ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നുണ്ട്.
സ്ക്രീൻ ഷെയറിംഗ് ആപ്പുകൾ
ബാങ്കിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന സംസാരിച്ച് എനി ഡെസ്ക്, അല്ലെങ്കിൽ ടീം വ്യൂർ പോലുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ അവർ ആവശ്യപ്പെടും.ടെലിഗ്രാം ഗ്രൂപ്പുകൾ വഴി ഇത്തരം ആപ്പുകൾ എങ്ങനെ ദുരുപയോഗം ചെയ്യാം എന്നതിനെക്കുറിച്ചുള്ള ട്യൂട്ടോറിയലുകൾ തട്ടിപ്പുകാർക്ക് ലഭിക്കുന്നുണ്ട്.ഒരിക്കൽ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം കിട്ടിയാൽ, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ പണം അവർക്ക് എളുപ്പത്തിൽ മാറ്റാൻ സാധിക്കും.
എങ്ങനെ സുരക്ഷിതരാകാം?
ഇന്ത്യൻ സൈബർ ക്രൈം വിഭാഗം ഇത്തരം തട്ടിപ്പുകളെക്കുറിച്ച് നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്. നിങ്ങൾക്ക് എന്തെങ്കിലും സംശയാസ്പദമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ വിളിക്കുകയോ cybercrime.gov.in എന്ന വെബ്സൈറ്റിൽ പരാതിപ്പെടുകയോ ചെയ്യുക.
Content Highlights: Learn how cybercriminals use Telegram tools like Anubis and Hydra Trojans to bypass bank security in India. Stay safe from OTP bots and overlay login scams.