ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

പണമടയ്ക്കാനാവാതെപോകുന്ന വാഹന ഉടമകള്‍ക്ക് ഇ-നോട്ടീസ് അയക്കും. 72 മണിക്കൂറിനുള്ളില്‍ പണമടച്ചില്ലെങ്കില്‍ ടോള്‍ തുകയുടെ ഇരട്ടി തുക പിഴയായി നല്‍കേണ്ടി വരും

ദേശീയപാതകളിലെ ടോള്‍ പ്ലാസകളില്‍ ഇനി മുതല്‍ പണമായി ടോള്‍ സ്വീകരിക്കില്ലെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ഏപ്രില്‍ 10 മുതല്‍ പുതിയ പരിഷ്‌കാരം നിലവില്‍ വരും. ടോള്‍ പിരിവ് പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുകയാണ്. ടോള്‍ അടയ്ക്കാന്‍ ഫാസ്ടാഗ് അല്ലെങ്കില്‍ യുപിഐ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. എല്ലാ വാഹനങ്ങളിലും പ്രവര്‍ത്തനക്ഷമമായ ഫാസ്ടാഗ് ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമാണ്.

ഫാസ്ടാഗ് ഇല്ലെങ്കിലും പ്രവര്‍ത്തന ക്ഷമമല്ലെങ്കിലും യാത്രക്കാര്‍ക്ക് യുപിഐ വഴി പണമടയ്ക്കാം. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ സാധാരണ ടോള്‍ തുകയുടെ 1.25 മടങ്ങ് തുക നല്‍കേണ്ടി വരും. പണമടയ്ക്കാന്‍ കഴിയാതെപോകുന്ന വാഹന ഉടമകള്‍ക്ക് ഇ-നോട്ടീസ് അയക്കും. 72 മണിക്കൂറിനുള്ളില്‍ പണമടച്ചില്ലെങ്കില്‍ ടോള്‍ തുകയുടെ ഇരട്ടി തുക പിഴയായി നല്‍കേണ്ടി വരും. 15 ദിവസത്തിനു ശേഷവും പേയ്മെന്റ് നടത്താത്ത പക്ഷം ഈ നോട്ടിസ് സര്‍ക്കാരിന്റെ വാഹന്‍ സിസ്റ്റവുമായി ബന്ധിപ്പിക്കും. ഇത് വാഹനത്തിന്റെ ഫിറ്റ്നസ്, വില്‍പ്പന തുടങ്ങിയ കാര്യങ്ങളെ ബാധിക്കും.

പലപ്പോഴും തിരിച്ചറിയല്‍ രേഖകള്‍ കാണിച്ച് ടോള്‍ ഒഴിവാക്കുന്ന രീതി ഉണ്ടായിരുന്നു. പുതിയ നിയമപ്രകാരം ഇത്തരം ഐഡി കാര്‍ഡുകള്‍ കാണിച്ചുള്ള സൗജന്യ യാത്രകള്‍ അനുവദിക്കില്ല. ടോള്‍ ഇളവുകള്‍ ഉള്ളവര്‍ നിര്‍ബന്ധമായും എക്‌സെംപ്റ്റഡ് ഫാസ്ടാഗ് ഉപയോഗിക്കണം.

ടോള്‍ പ്ലാസകളില്‍ പണം നല്‍കാനായി വാഹനങ്ങള്‍ കാത്തുനില്‍ക്കുന്നത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ഡിജിറ്റല്‍ പെയ്മെന്റ് ആകുന്നതോടെ വാഹനങ്ങള്‍ക്ക് വേഗത്തില്‍ കടന്നുപോകാന്‍ സാധിക്കും. ചില്ലറ പൈസയെ ചൊല്ലിയും മറ്റും ടോള്‍ ബൂത്തുകളില്‍ ജീവനക്കാരും യാത്രക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഇല്ലാതാക്കാനും ഇത് സഹായിക്കും. ടോള്‍ പിരിവ് പൂര്‍ണമായും ഡിജിറ്റല്‍ ആകുന്നതിലൂടെ വരുമാനത്തില്‍ കൂടുതല്‍ വ്യക്തതയും സുതാര്യതയും ഉറപ്പാക്കാം.

സ്ഥിരം യാത്രക്കാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ അവതരിപ്പിച്ച വാര്‍ഷിക ഫാസ്ടാഗിന്റെ നിരക്കും പരിഷ്‌കരിച്ചിട്ടുണ്ട്. മുമ്പ് വാര്‍ഷിക പാസിന് 3,000 രൂപ ആയിരുന്നെങ്കില്‍ ഇനി മുതല്‍ 3,075 രൂപ നല്‍കണം. രാജ്യത്ത് 1,150 ഓളം ടോള്‍ പ്ലാസകളില്‍ വാലിഡ് ആയ ഈ പാസ് 300 സൗജന്യ യാത്രകള്‍ വരെ വാഗ്ദാനം ചെയ്യുന്നു. ദേശീയപാതകളില്‍ ടോള്‍ നിരക്കുകളും വര്‍ധിക്കുകയാണ്. നാഷണല്‍ ഹൈവേകളില്‍ പാസഞ്ചര്‍ കാറുകളുടെ ടോളില്‍ 10 ശതമാനം വര്‍ധന വരും.

Content Highlights: No Cash On Toll Booths From April 10, FASTag, UPI Mandatory

To advertise here,contact us