പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ 1 മുതൽ ശമ്പളക്കാരായ ജീവനക്കാരുടെ വേതന ഘടനയിലും നികുതി അടയ്ക്കുന്ന രീതിയിലും കാര്യമായ മാറ്റങ്ങൾ വരികയാണ്. പുതിയ തൊഴിൽ നിയമങ്ങളും (ലേബർ കോഡ്) ബജറ്റിൽ പ്രഖ്യാപിച്ച നികുതി പരിഷ്കാരങ്ങളുമാണ് ഈ മാറ്റങ്ങൾക്ക് കാരണം.
പുതിയ നിയമമനുസരിച്ച്, ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം ആകെ ലഭിക്കുന്ന ശമ്പളത്തിന്റെ 50 ശതമാനമെങ്കിലും ആയിരിക്കണം. നിലവിൽ പല കമ്പനികളിലും അടിസ്ഥാന ശമ്പളം കുറയ്ക്കുകയും അലവൻസുകൾ വർധിപ്പിക്കുകയും ചെയ്യുന്ന രീതിയാണുള്ളത്. എന്നാൽ ഏപ്രിൽ 1 മുതൽ ഇത് മാറുന്നതോടെ പലരുടെയും 'ടേക്ക് ഹോം സാലറി'യിൽ (കൈയിൽ കിട്ടുന്ന ശമ്പളം) വ്യത്യാസം വരാം. അടിസ്ഥാന ശമ്പളം കൂടുമ്പോൾ പി.എഫ്, ഗ്രാറ്റുവിറ്റി എന്നിവയിലേക്കുള്ള വിഹിതം വർധിക്കും. ഇത് ഭാവിയിലേക്കുള്ള സമ്പാദ്യം കൂട്ടുമെങ്കിലും മാസശമ്പളത്തിൽ നേരിയ കുറവുണ്ടാക്കാൻ സാധ്യതയുണ്ട്.
പുതിയ നികുതി വ്യവസ്ഥ
നികുതി സംബന്ധമായ ഏറ്റവും വലിയ മാറ്റം, പുതിയ നികുതി വ്യവസ്ഥ 'ഡിഫോൾട്ട്' ഓപ്ഷനായി മാറുന്നു എന്നതാണ്. അതായത്, പ്രത്യേകം തിരഞ്ഞെടുത്തില്ലെങ്കിൽ നിങ്ങൾ പുതിയ നികുതി വ്യവസ്ഥയുടെ ഭാഗമാകും. ലളിതമായ ശമ്പള ഘടനയും കുറഞ്ഞ നികുതി നിരക്കുമാണ് ഇതിന്റെ പ്രത്യേകത. എന്നാൽ പഴയ രീതിയിലുള്ള നികുതിയിളവുകൾ ഇതിൽ ലഭിക്കില്ല.
ചില പ്രത്യേക വിഭാഗത്തിലുള്ളവർക്ക് ഇപ്പോഴും പഴയ നികുതി വ്യവസ്ഥ തന്നെയാണ് കൂടുതൽ ലാഭകരം. മെട്രോ നഗരങ്ങളിൽ താമസിക്കുന്നവരും ഉയർന്ന വീട്ടുവാടക നൽകുന്നവരും, ഹോം ലോൺ തിരിച്ചടയ്ക്കുന്നവർ, സെക്ഷൻ 80C പ്രകാരം നിക്ഷേപങ്ങൾ ഉള്ളവർ എന്നിവർക്ക് പഴയ രീതി നല്ലതാണ്. പ്രതിവർഷം 10 ലക്ഷം മുതൽ 30 ലക്ഷം വരെ ശമ്പളമുള്ളവർക്ക് കൃത്യമായ നികുതി ആസൂത്രണം ഉണ്ടെങ്കിൽ പഴയ രീതി ഗുണകരമാകും.
സാലറി സ്ലിപ്പിലെ മാറ്റങ്ങൾ
അടിസ്ഥാന ശമ്പളം വർദ്ധിക്കുന്നു: 50% നിയമം നടപ്പിലാക്കുന്നതിലൂടെ അടിസ്ഥാന ശമ്പളത്തിൽ വർധനയുണ്ടാകും.അലവൻസുകളിൽ കുറവ്: സ്പെഷ്യൽ അലവൻസുകളും മറ്റ് ഫ്ലെക്സിബിൾ അലവൻസുകളും കുറഞ്ഞേക്കാം.മീൽ വൗച്ചർ: ഭക്ഷണത്തിനുള്ള അലവൻസുകളുടെ പരിധി വർധിപ്പിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ അലവൻസ്: കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള നികുതിയിളവ് പരിധിയിലും മാറ്റങ്ങൾ വരുന്നുണ്ട്.
ഏപ്രിൽ 1 മുതൽ നിങ്ങളുടെ ശമ്പള സ്ലിപ്പിന്റെ രൂപം മാറുമെങ്കിലും യഥാർത്ഥ മാറ്റം സംഭവിക്കുന്നത് നിങ്ങൾ എത്ര നികുതി അടയ്ക്കണം എന്നതിലാണ്. ലളിതമായ ശമ്പള ഘടനയും കുറഞ്ഞ സങ്കീർണതയും ആഗ്രഹിക്കുന്നവർക്ക് പുതിയ രീതി അനുയോജ്യമാണ്, എന്നാൽ പരമാവധി നികുതിയിളവുകൾ നേടാൻ ആഗ്രഹിക്കുന്നവർ പഴയ രീതി തന്നെ തിരഞ്ഞെടുക്കേണ്ടി വരും.
Content Highlights: From April 1, your salary may look different — but your tax outgo is the real change