ആഗസ്തില്‍ കത്തിക്കയറി സ്വർണവില: പവന് വർധിച്ചത് 14000 രൂപയിലേറെ; ഇനിയും കൂടുമെന്ന് വിദഗ്ധർ

നിലവിൽ പവന് 1,20,080 രൂപയിലാണ് വ്യാപാരം തുടരുന്നത്

ആഗസ്ത് മാസത്തില്‍ സംസ്ഥാനത്ത് സ്വർണവിലയിലുണ്ടായത് വന്‍ വർധനവ്. മാസത്തിന്റെ തുടക്കത്തിൽ ഓഗസ്റ്റ് ഒന്നിന് പവന് 1,05,760 രൂപയായിരുന്ന നിരക്ക്, ഓഗസ്റ്റ് 4-ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 1,05,600 രൂപയിലേക്ക് താഴ്ന്നിരുന്നു. എന്നാൽ തുടർന്ന് ആഗോള വിപണിയിൽ ദൃശ്യമായ ശക്തമായ തിരിച്ചുവരവ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു. ദിവസങ്ങൾക്കുള്ളിൽ വലിയ രീതിയില്‍ മുന്നേറ്റം നടത്തിയ സ്വർണ്ണവില, ഓഗസ്റ്റ് 24-ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,20,240 രൂപ തൊട്ടു.

നിലവിൽ പവന് 1,20,080 രൂപയിലാണ് വ്യാപാരം തുടരുന്നത്. ഒറ്റ മാസം കൊണ്ട് ഒരു പവന് 14,320 രൂപയുടെ (ഏകദേശം 13.5% മുതൽ 14% വരെ) വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് പ്രാദേശിക വിപണിയിലെ ഈ മുന്നേറ്റത്തിന് പ്രധാന കാരണമായത്. അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവില ഔൺസിന് 4,700 ഡോളർ എന്ന നിർണായക നിലവാരം മറികടന്നു. യുഎസ് ട്രഷറി ദീർഘകാല ബോണ്ടുകൾ തിരിച്ചുവാങ്ങാൻ (Bond Buyback) തുടങ്ങിയതോടെ ട്രഷറി യീൽഡ് കുറയുകയും ഡോളർ ദുർബലമാവുകയും ചെയ്തത് നിക്ഷേപകർക്ക് സ്വർണ്ണത്തിലേക്ക് വഴിമാറാൻ പ്രേരണയായി.

യു.എസിന്റെ ദേശീയ കടബാധ്യത 40 ട്രില്യൺ ഡോളർ കടന്നതും ഉയർന്ന സാമ്പത്തികക്കമ്മിയും സൃഷ്ടിച്ച കറൻസി മൂല്യത്തകർച്ചാ ഭീതി സ്വർണ്ണത്തിന്റെ സുരക്ഷിത നിക്ഷേപ മൂല്യം കുത്തനെ ഉയർത്തി. ഈ വർഷം ഇതുവരെ ഏകദേശം 7 ശതമാനത്തോളം നേട്ടമാണ് അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ഉണ്ടായത്.

വ്യക്തിഗത നിക്ഷേപകർക്കൊപ്പം വൻകിട നിക്ഷേപക സ്ഥാപനങ്ങളും കേന്ദ്ര ബാങ്കുകളും സ്വർണ്ണം വാങ്ങിക്കൂട്ടിയതും വിപണിക്ക് ഊർജ്ജം പകർന്നു. ആഗോള ഗോൾഡ് ഇടിഎഫുകളിലേക്ക് കഴിഞ്ഞയാഴ്ച മാത്രം 46.7 ടൺ (ഏകദേശം 6.4 ബില്യൺ ഡോളർ) പുതിയ നിക്ഷേപമാണ് എത്തിയത്. 2025 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിവാര നിക്ഷേപമാണിത്. തുടർച്ചയായ അഞ്ചാം ആഴ്ചയാണ് ഇടിഎഫുകളിൽ അറ്റവാങ്ങൽ (Net Buying) രേഖപ്പെടുത്തുന്നത്.

ഭൗതിക വിപണിയിൽ, ഇന്ത്യയിലെ ഇറക്കുമതി ഡിസ്കൗണ്ട് മുൻ മാസങ്ങളിലെ 100 ഡോളറിൽ നിന്ന് 45 ഡോളറായി ചുരുങ്ങിയിട്ടുണ്ട്. ചൈനയിൽ ആഭരണ ഡിമാൻഡ് മന്ദഗതിയിലാണെങ്കിലും, അവിടുത്തെ കേന്ദ്ര ബാങ്കായ പിബിഒസിയുടെ (PBoC) വാങ്ങലുകളും നിക്ഷേപ ഡിമാൻഡും ശക്തമായി തുടരുന്നു. ഹ്രസ്വകാല ചാഞ്ചാട്ടങ്ങൾ ഉണ്ടാകാമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ സ്വർണ്ണത്തിന്റെ വില മുകളിലേക്ക് തന്നെ പോകുമെന്നാണ് ആനന്ദ് രാത്തി ഷെയേഴ്സ് ആൻഡ് സ്റ്റോക്ക് ബ്രോക്കേഴ്സിലെ കമ്മോഡിറ്റി റിസർച്ച് അനലിസ്റ്റ് വേദിക നർവേക്കർ വ്യക്തമാക്കുന്നത്.

Content Highlights: Gold has staged a strong rally in August, with global prices rising more than 16% during the month and MCX gold futures gaining nearly 14%. A weaker US dollar, safe-haven demand, geopolitical uncertainty, central-bank buying and seasonal demand in India are supporting the rally. Analysts currently see further upside, although gold remains vulnerable to sudden corrections.

To advertise here,contact us